- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ സമേതമുള്ള മുഖ്യമന്ത്രിയുടെ വിദേശടൂർ കഴിഞ്ഞു; മന്ത്രിമാരും യൂറോപ്പിൽ കറങ്ങി തിരിച്ചെത്തി; ഉന്നതരുടെ ആർഭാഢം കഴിഞ്ഞപ്പോൾ ഇനി ചെലവു ചുരുക്കാമെന്ന് സർക്കാർ; ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ വിദേശയാത്ര വിലക്കി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്; ഖജനാവ് കാലിയായിരിക്കവേ മുണ്ടു മുറുക്കി ഉടുക്കാൻ നിർദ്ദേശം; വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും
തിരുവനന്തപുരം: സ്വന്തം കാര്യം സിന്ദാബാദ് എന്നതാണ് പിണറായി സർക്കാറിന്റെ മുഖമുദ്രയെന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. കാരണം, അത്രയ്ക്കാണ് പുറത്തുവരുന്ന കാര്യങ്ങളിൽ സർക്കാറിനുള്ള സ്വജനപക്ഷപാതം. സ്വന്തം പാർട്ടിക്കാർക്ക് തൊഴിൽ വാരിക്കൊടുക്കുന്ന സർക്കാർ സ്വന്തം മന്ത്രിമാരുടെ വിദേശയാത്രകളിൽ അടക്കം യാതൊരു കുറവും വരുത്തിയിട്ടില്ല. ഇപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം വിദേശയാത്രകൾ നടത്തിയതിന് ശേഷം തിരികെ നാട്ടിലെത്തിയിട്ടുണ്ട്. ഇതോടെ ഇനിയാരും തൽക്കാലം വിദേശത്തേക്ക് പോകേണ്ട എന്ന തീരുമാനത്തിലേക്കാണ് സർക്കാർ എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയും 4 മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയതിനു പിന്നാലെയാണ് വിദേശയാത്ര ഉൾപ്പെടെയുള്ള ചെലവുകൾ കർശനമായി വിലക്കി എല്ലാ വകുപ്പുകൾക്കും ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഈ തീരുമാനം. വിദേശയാത്ര, വിമാനയാത്ര, വാഹനം വാങ്ങൽ, ഫോൺ ഉപയോഗം എന്നിവയിലെ നിയന്ത്രണങ്ങൾ പല വകുപ്പുകളും ലംഘിക്കുകയാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഉദ്യോഗസ്ഥരുടെ മാറ്റിനിയമനവും ജോലി ക്രമീകരണ വ്യവസ്ഥകളും നടപ്പാക്കാത്തതും ചെലവുചുരുക്കൽ നടപടികളെ സാരമായി ബാധിക്കുന്നു. വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, സർവകലാശാലകൾ, ക്ഷേമനിധി ബോർഡുകൾ, കമ്മിഷനുകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്‌കൂളുകൾ തുടങ്ങിയവ കർശനമായി ചെലവു ചുരുക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. നഷ്ടം കാരണക്കാരായ ഉദ്യോഗസ്ഥരിൽനിന്നു പലിശസഹിതം ഈടാക്കും. ഒഴിവാക്കാനാകാത്ത അവസരങ്ങളിൽ ധനവകുപ്പിന്റെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിനു വിധേയമായി മാത്രമേ ഇളവ് അനുവദിക്കൂ.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ 2 തവണ വിദേശത്തു പോയപ്പോഴും തന്നെ അറിയിച്ചില്ലെന്നും വിദേശത്തുള്ള അദ്ദേഹത്തെ അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തെഴുതിയിരുന്നു. കഴിഞ്ഞ 15ന് എഴുതിയ കത്തിന്റെ പകർപ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കും അയച്ചു. ഇതു സംബന്ധിച്ചു കേന്ദ്രം തുടർനടപടി സ്വീകരിച്ചോയെന്ന് അറിവില്ലെന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത്തരത്തിൽ വിദേശ യാത്രകൾ വിവാദമാകന്ന പശ്ചാത്തലത്തിൽ കൂടിയാണ് വിദേശയാത്ര തൽക്കാലം വേണ്ടെന്ന സർക്കാർ നിർദേശിച്ചതെന്നും സൂചനയുണ്ട്.
ഈ സമയത്തു മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഫിൻലൻഡ്, നോർവേ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയായിരുന്നു. മടങ്ങുന്ന വഴി മുഖ്യമന്ത്രി യുഎഇയിൽ 2 ദിവസം ചെലവഴിക്കുമെന്നും മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. 82 വയസ്സുള്ള ദയാബായിയുടെ കാര്യം ഉന്നയിക്കാൻ മുഖ്യമന്ത്രിയുമായി എങ്ങനെ ബന്ധപ്പെടുമെന്നു തനിക്കു ധാരണ ഇല്ലായിരുന്നു. ഇത് അസൗകര്യം ഉണ്ടാക്കി. ഇത്തരം സാഹചര്യം ഗൗരവത്തോടെ കാണണമെന്നും ഗവർണറുടെ കത്തിലുണ്ട്.
അതേസമയം വൻതുക ചെലവില്ലാതെയാണ് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമുള്ള കാര്യത്തിനാണ് മന്ത്രിമാരുടെ വിദേശയാത്ര. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങൾ കണ്ടുപഠിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആളുകൾ വിദേശത്തേക്ക് പോകുന്നതും വരുന്നതും പുതിയ കാര്യമല്ല. 1500കൾ മുതൽ കേരളത്തിന് പ്രവാസ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ ചർച്ചകൾ ശക്തമാവുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾക്കുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയത്. ബ്രിട്ടൻ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദർശനം. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾക്കായി ഫിൻലൻഡ് സർക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശിച്ചത്. ഈ സന്ദർശനത്തിൽ മുഖ്യമന്ത്രിയെ കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യാത്രയിൽ ഉണ്ടായിരുന്നു.
അതേസമയം വിദേശയാത്രകൾ വിവാദമായപ്പോൾ മുൻ സർക്കാറിന്റെ വിദേശയാത്രകളുമായി താരതമ്യം ചെയ്താണ് എൽഡിഎഫ് വിവാദത്തെ നേരിട്ടത്. 2011-16ലെ യുഡിഎഫ് സർക്കാരിലെ മന്ത്രിമാർ 251 വിദേശയാത്രയാണ് നടത്തിയെന്നാണ് സിപിഎം ചൂണ്ടിക്കാട്ടിയത്. ഒന്നാം പിണറായി സർക്കാരിൽ ഇത് 81 മാത്രമാണ്. ഔദ്യോഗിക യാത്രകൾക്കടക്കം കുടുംബാംഗങ്ങളെ കൂട്ടിയായിരുന്നു യുഡിഎഫ് മന്ത്രിമാരുടെ യാത്ര.
യുഡിഎഫ് കാലത്ത് 103 വിദേശയാത്ര സ്വകാര്യമായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആറ് വിദേശയാത്ര നടത്തി. ഒരു യാത്രയിൽ ഭാര്യയുമുണ്ടായി. എം കെ മുനീർ 32, ഷിബു ബേബി ജോൺ 27, പി കെ കുഞ്ഞാലിക്കുട്ടി 24, എ പി അനിൽകുമാർ 21, അടൂർ പ്രകാശ് 10, വി കെ ഇബ്രാഹിംകുഞ്ഞ് 13, പി കെ അബ്ദുറബ്ബ് 10, തിരുവഞ്ചൂർ രാധാകൃഷ്ണൻ 11 എന്നിങ്ങനെയായിരുന്നു വിദേശയാത്ര. ഈ യാത്രകളിൽ കേരളത്തിന് കാര്യമായ നേട്ടവും ഉണ്ടായില്ല. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ യുഡിഎഫ് മന്ത്രിമാരുടെ വിദേശയാത്രാ വിവരം വെളിപ്പെടുത്തിയപ്പോൾ ശക്തമായി രംഗത്തുവന്ന കെ സി ജോസഫ് മന്ത്രിയായിരിക്കെ 20 വിദേശയാത്രയാണ് നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ