പത്തനംതിട്ട: വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നു. യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥന് ഡെപ്യൂട്ടേഷന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇയാളുടെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി തിരികെ മാതൃഡിപ്പാര്‍ട്ട്മെന്റിലേക്ക് മടങ്ങാന്‍ ഉത്തരവ് വന്നെങ്കിലും സിപിഎം നേതാക്കളുടെ സ്വാധീനം മൂലം നടപ്പായില്ല. ഈ വര്‍ഷവും ഡെപ്യൂട്ടേഷനില്‍ തുടരാന്‍ ഇദ്ദേഹം അപേക്ഷ നല്‍കിയിട്ടുണ്ട്.

വനംവകുപ്പില്‍ ബീറ്റ്ഫോറസ്റ്റ് ഗാര്‍ഡായ ജെ. ഷാജികുമാറാണ് മാനദണ്ഡം ലംഘിച്ച് ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊക്കെ പരാതി ലഭിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. അടൂരില്‍ ഭിന്നശേഷിക്കാരിയുടെ ഭുമി തട്ടിയതടക്കമുളള കേസില്‍ ഇയാള്‍ പ്രതിയാണ്. അടൂരിലെ ഏരിയാ നേതാവാണ് ഇയാളെ സംരക്ഷിക്കുന്നതെന്ന് പറയുന്നു. 2021 മുതലാണ് ഷാജികുമാറിന് ഡെപ്യൂട്ടേഷന്‍ ലഭിച്ചിട്ടുള്ളത്. കേരള ബില്‍ഡിങ്സ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ് ജില്ലാ ഓഫീസിലായിരുന്നു നിയമനം.

രണ്ടു വര്‍ഷത്തോളം ഇവിടെ തുടര്‍ന്നു. 2023 ഡിസംബറില്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്നതിന് ഷാജികുമാര്‍ എന്‍ഓസിക്ക് വനംവകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നു. അഡി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയിരുന്ന പി. പുഗഴേന്തി ഇത് നിരസിച്ചു. യൂണിഫോം ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ എന്‍.ഓ.സി അനുവദിക്കാന്‍ കഴിയില്ലെന്നും മാതൃഡിപ്പാര്‍ട്ട്മെന്റിലേക്ക് മടങ്ങണം എന്നുമായിരുന്നു ഉത്തരവ്. എന്നാല്‍, ഇതൊക്കെ മറികടന്ന് ഷാജികുമാര്‍ ഡെപ്യൂട്ടേഷനില്‍ തുടര്‍ന്നു.

ഈ വര്‍ഷവും ഡെപ്യൂട്ടേഷന്‍ പുതുക്കി കിട്ടാന്‍ വേണ്ടി ഇദ്ദേഹം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജികുമാറിന്റെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്നും മാതൃഡിപ്പാര്‍ട്ട്മെന്റിലേക്ക് തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വനംമന്ത്രി, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.