- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യ വന്യമൃഗ സംഘർഷത്തിൽ നടപടികൾ ചടുലമാക്കുന്നതിനും പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനും ശുപാർശ; സമഗ്രപരിഷ്കരണത്തിനൊരുങ്ങി വനംവകുപ്പ്; നിലവിലെ 11 കൺസർവേറ്റർമാരെ 8 ആയി ചുരുക്കും; 14 ജില്ലകളിലും ജില്ല ഫോറസ്റ്റ് ഓഫീസർമാർ വേണമെന്നും നിർദ്ദേശം
കോഴിക്കോട്: മനുഷ്യ വന്യമൃഗ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ചടുലമാക്കുന്നതിനും പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനും അടിയന്തര ഇടപെടലുമായി വനംവകുപ്പ്. വനം വകുപ്പിൽ സമഗ്ര പരിഷ്‌കരണത്തിന് ഉതകുന്ന ശുപാർശ പൊതുഭരണ വകുപ്പിന്റെ അനുമതിയോടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചു.സംസ്ഥാനത്തെ വനം സർക്കിളുകളുടെ എണ്ണം 8 ആക്കി കുറച്ചും 3 തട്ടുകളായി പ്രവർത്തിക്കുന്ന വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതുമാണ് പ്രധാന ശുപാർശ.
5 ടെറിട്ടോറിയൽ, 3 വൈൽഡ് ലൈഫ്, 3 സാമൂഹിക വനവൽക്കരണ വിഭാഗങ്ങളിലായി 11 കൺസർവേറ്റർമാരുടെ കീഴിലാണ് വനം വകുപ്പിന്റെ നിലവിലെ പ്രവർത്തനം നടക്കുന്നത്.ഇത് 8 കൺസർവേറ്റർമാരുടെ കീഴിലാക്കുന്നതാണ് പ്രധാന പരിഷ്‌കരണം.കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം കേന്ദ്രമാക്കിയായിരിക്കും സിഎഫുമാരുടെ തസ്തിക പുനഃക്രമീകരിക്കുക. നോർത്ത്, സൗത്ത്, സെൻട്രൽ എന്നിങ്ങനെ 3 മേഖലകൾക്കായി ചീഫ് കൺസർവേറ്റർമാരും വരും.
നോർത്ത്, ഈസ്റ്റ്, സെൻട്രൽ, സൗത്ത്, ഹൈറേഞ്ച് എന്നിങ്ങനെ 5 ടെറിട്ടോറിയൽ സിഎഫുമാർ,പാലക്കാട്, കോട്ടയം, അഗസ്ത്യവനം വൈൽഡ് ലൈഫ് സിഎഫുമാർ,നോർത്ത്, സൗത്ത്, സെൻട്രൽ സോഷ്യൽ ഫോറസ്ട്രി സിഎഫുമാർ എന്നിങ്ങനെയാണ് നിലവിലെ സർക്കിളുകൾ.
തിരുവനന്തപുരം, ശെന്തുരുണി ഭാഗങ്ങൾ ഉൾപ്പെടുത്തി തിരുവനന്തപുരം സർക്കിൾ,കോന്നി, അച്ചൻകോവിൽ, തെന്മല, പുനലൂർ, കൊല്ലം എന്നിവയുൾപ്പടെ കൊല്ലം സർക്കിൾ, പെരിയാർ ടൈഗർ റിസർവ്, റാന്നി, കോട്ടയം ഉൾപ്പെടുന്ന കോട്ടയം സർക്കിൾ,എറണാകുളം, മലയാറ്റൂർ, ഇടുക്കി വൈൽഡ് ലൈഫ്, മറയൂർ, മാങ്കുളം ഉൾപ്പടെ എറണാകുളം സർക്കിൾ, പറമ്പിക്കുളം, നെന്മാറ, പീച്ചി, ചാലക്കുടി, വാഴച്ചാൽ ഉൾപ്പടെ തൃശൂർ സർക്കിൾ നിലമ്പൂർ, സൈലന്റ് വാലി, പാലക്കാട്, മണ്ണാർക്കാട്, മലപ്പുറം ഉൾപ്പടെ പാലക്കാട് സർക്കിൾ,വയനാട് സൗത്ത് നോർത്ത്, കോഴിക്കോട് ഉൾപ്പടെ കോഴിക്കോട് സർക്കിൾ, കാസർകോട്, കണ്ണൂർ, ആറളം വൈൽഡ് ലൈഫ് ഉൾപ്പടെ കണ്ണൂർ സർക്കിൾ എന്നിവയാണ് പുതിയ ശുപാർശ
14 ജില്ലകളിലും ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫിസർമാർ വേണം എന്നതാണ് മറ്റൊരു നിർദ്ദേശം. വിവിധ വകുപ്പുകളുമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും കേസുകളുടെ നടത്തിപ്പും ഇവരുടെ ചുമതലയായിരിക്കും. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരിൽ (ഡിഎഫ്ഒ) നിന്ന് സീനിയർ ആയവർ ഈ തസ്തികയിൽ എത്തും. സെക്രട്ടേറിയറ്റിൽ വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്‌പെഷൽ സെക്രട്ടറി തസ്തികയിൽ ഒരാളെ നിയമിക്കണമെന്ന് ശുപാർശയുണ്ടായിരുന്നെങ്കിലും പൊതുഭരണ വകുപ്പ് അംഗീകരിച്ചില്ല.
3 സോഷ്യൽ ഫോറസ്ട്രി വിഭാഗങ്ങളെയും വിവിധ ടിംബർ സെയിൽസ് വിഭാഗങ്ങളെയും 8 സിസിഎഫുമാരുടെ കീഴിലാക്കും. എറണാകുളം, കോഴിക്കോട് സിസിഎഫുമാരുടെ പുതിയ ഓഫിസുകൾ തുടങ്ങുന്നതിനൊപ്പം കോട്ടയത്തെ ഓഫിസ് എറണാകുളത്തേക്കു മാറ്റേണ്ടതായും വരും. കേന്ദ്ര വിജ്ഞാപനം വന്നാലും ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പിന്നെയും സമയം എടുത്തേക്കും.
മറുനാടന് മലയാളി ബ്യൂറോ