പാരിസ്: മുൻ ഫ്രഞ്ച് പ്രഥമ വനിതയും മോഡലുമായ കാർല ബ്രൂണി മാധ്യമപ്രവർത്തകന്റെ മൈക്രോഫോൺ പിടിച്ചെടുത്ത് നിലത്തെറിഞ്ഞു. മുൻ പ്രസിഡന്റും ഭർത്താവുമായ നിക്കോളാസ് സർക്കോസി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കാർലയുടെ പ്രകോപിതയായി മൈക്രോഫോൺ തട്ടിയെറിഞ്ഞത്. ക്രിമിനൽ ഗൂഢാലോചന കേസിൽ അഞ്ചു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവമുണ്ടായത്.

2007-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗദ്ദാഫിയിൽ നിന്ന് ദശലക്ഷക്കണക്കിന് യൂറോ സ്വീകരിച്ചുവെന്നതാണ് സർക്കോസിക്കെതിരായ പ്രധാന കുറ്റം. എന്നാൽ, അഴിമതി, നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് തുടങ്ങിയ മറ്റ് ആരോപണങ്ങളിൽ നിന്ന് പാരീസ് ക്രിമിനൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.2013-ൽ ലിബിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഒരു രഹസ്യ രേഖയെ അടിസ്ഥാനമാക്കിയാണ് സർക്കോസിക്കെതിരായ അന്വേഷണം ആരംഭിച്ചത്. എന്നാൽ, ഈ ആരോപണങ്ങൾ സർക്കോസി നിഷേധിച്ചിരുന്നു.

70-കാരനായ സർക്കോസി, ഗദ്ദാഫിയിൽ നിന്ന് പണം സ്വീകരിച്ചത് പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ തനിക്കുള്ള ചീത്തപ്പേര് മാറ്റാൻ സഹായിക്കാമെന്ന വാഗ്ദാനത്തിൻ്റെ പേരിലാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 2005-ൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് സർക്കോസി ഗദ്ദാഫിയുമായി ബന്ധപ്പെട്ടതെന്നും ആരോപണമുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കോസി അവകാശപ്പെട്ടു.

കോടതിയുടെ വിധി പ്രകാരം സർക്കോസിയെ ഉടൻ കസ്റ്റഡിയിലെടുക്കണം. എപ്പോൾ ജയിലിൽ പ്രവേശിക്കണം എന്ന് അറിയിക്കാൻ പ്രോസിക്യൂട്ടർമാർക്ക് ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഈ വിധി സർക്കോസി അപ്പീൽ നൽകിയാലും പ്രാബല്യത്തിൽ തുടരും. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി സഹകരണ ഭരണകൂടം തലവൻ ഫിലിപ്പ് പെറ്റെയ്‌ന് ശേഷം ജയിലിലാകുന്ന ആദ്യത്തെ ഫ്രഞ്ച് രാഷ്ട്രത്തലവനായിരിക്കും സർക്കോസി.

100,000 യൂറോ (ഏകദേശം 117,000 ഡോളർ) പിഴയും പൊതു സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് വിലക്കും അദ്ദേഹത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ് മറ്റ് രണ്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയിൽവാസം ഒഴിവാക്കിയിരുന്നു. ഭാര്യ കാർല ബ്രൂണിക്കെതിരെയും അഴിമതി ആരോപണങ്ങൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം അവർക്കെതിരെയും കേസെടുത്തിരുന്നു. ഭർത്താവിനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നും, ഇതിനായി കോടികളുടെ ക്രമക്കേട് നടത്തിയെന്നുമാണ് ബ്രൂണിക്കെതിരെയുള്ള പ്രധാന ആരോപണം.

'ഓപ്പറേഷൻ സേവ് സർക്കോ' എന്ന പേരിൽ അറിയപ്പെട്ട ഒരു പദ്ധതിയുടെ ഭാഗമായി 4 മില്യൺ യൂറോയുടെ ക്രമക്കേട് നടത്തിയെന്നും അവർക്കെതിരെ ആരോപണമുണ്ട്. ഈ കുറ്റങ്ങളിൽ അവരെ ശിക്ഷിച്ചാൽ സർക്കോസിയെക്കാൾ കൂടുതൽ കാലം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ ബ്രൂണി നിഷേധിച്ചിട്ടുണ്ട്.