- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബറിടത്തിലെ പ്രചരണം പെന്തകോസ്ത് വിശ്വാസികളായതിനാൽ ഭാര്യയും മകനും ചികിത്സ നൽകുന്നില്ലെന്ന്; പ്രചാരണങ്ങളിൽ കടുത്ത വിഷമമെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം; വിമർശിക്കുന്നവർക്ക് ഇത് രണ്ടുതവണ വന്ന രോഗമാണെന്ന് അറിയില്ലെന്ന് ചാണ്ടി ഉമ്മൻ; മുൻ മുഖ്യമന്ത്രിക്ക് ചികിത്സ ജർമ്മനിയിലെ ചാരിറ്റി മെഡിക്കൽ സർവ്വകലാശാലയിൽ
കൊച്ചി: കേരളത്തിലെ ഏറ്റവും ജനകീയരായ നേതാക്കളുടെ കൂട്ടത്തിലാണ് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്ഥാനം. ആൾക്കൂട്ടങ്ങൾക്കിടയാണ് അദ്ദേഹം കൂടുതൽ കാലവും ജീവിച്ചത്. പ്രവർത്തകരാണ് തന്റെ ഊർജ്ജമെന്ന് വ്യക്തമാക്കിയ നേതാവിനെ കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ട്. ഇതിനവിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക പടർത്തുന്ന ആരോപണങ്ങൾ വന്നത്. ഇതോടെ നാളെ രാവിലെ മുൻ മുഖ്യമന്ത്രി ജർമ്മനിയിലേക്ക് ചികിത്സക്കായി പുറപ്പെടുകയാണ്.
രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നിലവിൽ ആലുവ പാലസിൽ വിശ്രമത്തിലാണ് അദ്ദേഹം. ഉമ്മൻ ചാണ്ടിയെ കാണാനായി നേതാക്കൾ ആലുവാ പാലസിലേക്ക് എത്തുന്നുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർ അദ്ദേഹത്തെ സന്ദർശിച്ചു സുഖവിവരങ്ങൾ അന്വേഷിച്ചു. രമേശ് ചെന്നിത്തലയും ഡൊമനിക് പ്രസന്റേഷനും ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. അതസമയം സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും തള്ളിക്കളഞ്ഞു.
ഉമ്മൻ ചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ നൽകുന്നില്ലെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നിരുന്നത്. ഇത് ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി തന്നെ വ്യക്തമാക്കി. ആളുകൾക്ക് അദ്ദേഹത്തോട് സ്നഹം കാണും. എന്നാൽ പല കാര്യങ്ങളും മനസ്സിലാക്കാതെയാണ് പ്രചാരണങ്ങൾ നടത്തുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികളായതുകൊണ്ട് അദ്ദേഹത്തിന് ആധുനിക ചികൽസ നൽകുന്നില്ലെന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങളാണ് മകൻ നിഷേദിച്ചത്.
'ഇത്തരം പ്രചാരണങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് വിഷമമുണ്ട്. ഉമ്മൻ ചാണ്ടിക്ക് ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015-ലും 2019-ലും അസുഖം വന്നിട്ടുണ്ട്. അന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടാണ് പോയത്. 2015-ൽ വന്നപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019-ൽ വന്നപ്പോൾ യുഎസിലും ജർമനിയിലും ചികിത്സയ്ക്കായി പോയി. ജർമനിയിൽ പോയപ്പോൾ എല്ലാ പരിശോധനകളും നടത്തിയ ശേഷം ഡോക്ടർ ചോദിച്ചു, എന്ത് അസുഖത്തിനാണ് നിങ്ങൾ വന്നതെന്ന്... വിദേശത്ത് പോയാൽ മതിയെന്ന് ഇന്ന് അഭിപ്രായത്തിൽ എത്താൻ കാരണം ആ ചോദ്യമാണ്. സീരിയസ് ചികിത്സ നൽകാനാണ് അന്ന് പോയത്. ആ ചികിത്സ എടുത്തിരുന്നെങ്കിൽ അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ഗുരുതരമായിരുന്നേനെ', ചാണ്ടി ഉമ്മൻ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കുന്നവർക്ക് ഇത് രണ്ടുതവണ വന്ന രോഗമാണെന്നും ഇത് തനിയെ പോയതാണെന്നും അറിയില്ല. വിദേശത്തടക്കം പാർശ്വഫലങ്ങളില്ലാത്ത ചികിത്സ കിട്ടുന്നത് സംബന്ധിച്ചാണ് തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ് മികച്ചതെന്ന് നോക്കി അവടെ ചികിത്സിക്കാം എന്നതാണ് ആഗ്രഹം. കേൾക്കുന്ന ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പാർട്ടി നേതൃത്വവും കുടുംബവും ചേർന്നാണ് വിദേശത്തേക്ക് ചികിത്സയ്ക്ക് പോകാമെന്ന് തീരുമാനിച്ചത്. 'അദ്ദേഹം എന്റെ പിതാവാണ്' അത് മാത്രമാണ് വിമർശിക്കുന്നവരോട് പറയാനുള്ളതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ആശുപത്രി ചെലവ് പാർട്ടി വഹിക്കും. മക്കളായ മറിയവും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. ബെന്നി ബഹനാൻ എംപിയും അനുഗമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തൊണ്ടയിലെ അസ്വസ്ഥത മൂലം ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിത്സ നേടിയിരുന്നു. പിന്നീട് ഒറ്റപ്പാലത്തെ ആയുർവേദ കേന്ദ്രത്തിലും അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നു.
അതേസമയം നാളെ ഉമ്മൻ ചാണ്ടി 81ാം യസിലേക്ക് പ്രവേശിക്കും. ജന്മദിനമായ ഒക്ടോബർ 31 -ന് പുതുപ്പള്ളിയിലെത്തി പ്രാർത്ഥിച്ചശേഷം തിരുവനന്തപുരത്തെത്താനാണ് പരിപാടി. ഇവിടെ നിന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ജർമ്മനിയിലേയ്ക്ക് തിരിക്കും. ജർമ്മനിയിലെ ചാരിറ്റി മെഡിക്കൽ സർവ്വകലാശാലാ ആശുപത്രിയിലാണ് അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുക. യാത്രയ്ക്കുള്ള വിസ നടപടികൾ പുരോഗമിക്കുകയണ്.
ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കൽ സർവ്വകലാശാലകളിൽ ഒന്നാണിത്. തൊണ്ടയിലെ ആരോഗ്യ പ്രശ്‌നങ്ങളും അതേ തുടർന്നുള്ള സംസാര തടസത്തിനുമാണ് ചികിത്സ. അതേസമയം ജന്മ്മൻ യാത്രയ്ക്കുള്ള സമയ ദൈർഘ്യമാണ് മറ്റൊരു ആശങ്ക. ദീർഘദൂര വിമാനയാത്രയ്ക്കുള്ള ആരോഗ്യാവസ്ഥ അദ്ദേഹത്തിന് നിലവിലുണ്ടെങ്കിലും രോഗ സാഹചര്യങ്ങൾ മൂലം എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്ക ഡോക്ടർമാർക്കുണ്ട്. 1943 ഒക്ടോബർ 31 -ന് അനിഴം നക്ഷത്രത്തിലാണ് കേരളം കണ്ട ഏറ്റവും ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജനനം. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും സംബന്ധിച്ച് കുടുംബാംഗങ്ങൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും ആശങ്ക ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ സ്ഥിരം ടീമംഗമായിരുന്ന ചാണ്ടി ഉമ്മനെ രാഹുൽ ഗാന്ധി ഇടപെട്ട് യാത്രയിൽ നിന്നും ഒഴിവാക്കിയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. ഉമ്മൻ ചാണ്ടിക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കണമെന്നും അതെങ്ങനെ, എവിടെ വേണമെന്ന് അന്വേഷിച്ചറിയിക്കണമെന്നും രാഹുൽ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടിരുന്നു. ചികിത്സാ ചിലവും പാർട്ടി വഹിക്കുമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ