- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ പുതുവത്സരാഘോഷത്തിനായി തിങ്ങിനിറഞ്ഞ് ജനക്കൂട്ടം; തടിച്ചുകൂടിയത് അഞ്ച് ലക്ഷത്തോളം പേർ; കാർണിവലിൽ പാപ്പാഞ്ഞിയെ കത്തിച്ചശേഷം പിരിഞ്ഞുപോയ ജനക്കൂട്ടം തിക്കിലും തിരക്കിലും പെട്ടു; പൊലീസുകാർ അടക്കമുള്ളവർക്ക് ദേഹാസ്വാസ്ഥ്യം; മഹാദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി: കേരളം പുതുവത്സരത്തെ വർണാഭമായി എതിരേറ്റപ്പോഴും ദുരന്തം വഴിമാറി പോയത് തലനാരിഴയ്ക്ക്. സംസ്ഥാനത്തെ ഏറ്റവും വർണാഭമായ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന ഇടമായ ഫോർട്ടുകൊച്ചിയിൽ വൻ ജനക്കൂട്ടം എത്തിയതോടെയാണ് എല്ലാം പിടിവിട്ടു പോകുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തിയത്. പാട്ടും നൃത്തും വെടിക്കെട്ടുമായി പുതിയ വർഷത്തെ വരവേൽക്കാൻ നിരവധി പേരാണ് വർഷം തോറും ഫോർട്ട് കൊച്ചിയിലെത്തുന്നത്. ഇക്കുറി കാർണിവലിനോടനുബന്ധിച്ച് പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ വൻജനാവലിയും എത്തിയിരുന്നു. എന്നാൽ തലനാരിഴയ്ക്കാണ് ഒരു മഹാദുരന്തത്തിൽ നിന്ന് കേരളം രക്ഷപ്പെട്ടത്.
ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേർ ന്യൂഇയർ ആഘോഷിക്കാൻ കൊച്ചിയിലെത്തി എന്നാണ് ഏകദേശ കണക്ക്. ഇത്രയധികം പേർ ഒരിടത്ത് തടിച്ചു കൂടിയത് മൂലം തിക്കിലും തിരക്കിലും പെട്ട് പൊലീസുകാർക്ക് അടക്കം നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇരുന്നൂറോളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിക്കുകയും ചെയ്തു.
കാർണിവലിൽ പാപ്പാഞ്ഞിയെ കത്തിച്ചശേഷം പിരിഞ്ഞുപോയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും പെട്ടത്. പുതുവർഷാഘോഷത്തിന്റെ ഭാഗമായുണ്ടാവുന്ന വൻ ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന ആരോപണം ഉയരുന്നുണ്ട്.
ഫോർട്ട് കൊച്ചിയിലെ പുതുവർഷാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയ്ക്ക് മുകളിൽ കിടത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തിരക്കിൽപെട്ട് ശ്വാസം കിട്ടാതെ വന്നതോടെ അവശയായ യുവതിയെ കിടത്താൻ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളിൽ കിടത്തേണ്ടിവന്നത്. ഓട്ടോയ്ക്ക് മുകളിൽ കിടത്തിയാണ് ഇവർക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയത്.
ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മെഡിക്കൽ സംവിധാനങ്ങളൊന്നും തന്നെ കാർണിവൽ പരിസരത്ത് ലഭ്യമായിരുന്നില്ല. ലക്ഷക്കണക്കിന് ആളുകൾ എത്തിയ സ്ഥലത്ത് കേവലം മൂന്ന് ആംബുലൻസുകളും ഒരു ഡോക്ടറുമാണ് ഉണ്ടായിരുന്നത്. അടുത്തുള്ള താലൂക്ക് ആശുപത്രിയിലും ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ