തിരുവനന്തപുരം: കഴിക്കുന്ന ആഹാരത്തിൽ നിന്നും പുഴുവിനെയും പല്ലിയെയും പാറ്റയെയൊക്കെ കണ്ടെത്തുന്നത് ഇപ്പോൾ സർവസാധാരണമാണ്. അധികൃതരുടെ കനത്ത അനാസ്ഥ മൂലമാണ് ഇതുപോലെയുള്ള ഗുരുതര പിഴവുകൾ സംഭവിക്കുന്നത്. ഇപ്പോൾ ഒരു ആശുപത്രി ക്യാന്റീനിൽ നിന്നും ആഹാരം വാങ്ങിയ രോഗിക്ക് കിട്ടിയ പണിയാണ് ചർച്ചാവിഷയം.

ആശുപത്രി ക്യാന്റീനിൽ നിന്നും വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളിൽ അട്ടയുണ്ടായിരുന്നെന്ന് പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട ഉണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ക്യാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരാതിയും ഉണ്ട്.

കാവടിക്കോണം സ്വദേശി ധനുഷിനാണ് ഇങ്ങനെയൊരു അമളി പറ്റിയിരിക്കുന്നത്. കാലിലേറ്റ മുറിവ് പഴുത്തതിനെ തുടർന്ന് ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് വിധേയനായ രോഗിയാണ് ഇദ്ദേഹം. കൂട്ടിരിപ്പുകാരിയായ ഭാര്യയാണ് രാവിലെ കാൻ്റീനിൽ നിന്ന് ഭക്ഷണം പൊതിഞ്ഞുവാങ്ങിയത്. പിന്നീട് ധനുഷിൻ്റെ അടുത്തെത്തി കഴിക്കാനായി പൊതി തുറന്നപ്പോഴാണ് രണ്ട് കഷണം പുട്ടിൻ്റെയും നടുവിൽ പയറിന് മുകളിൽ 'അട്ട'യെ കണ്ടത്. ഉടൻ ഡ്യൂട്ടി നേഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

പിന്നീട് ഭക്ഷണം കാൻ്റീനിൽ തന്നെ മടക്കി നൽകി. സംഭവത്തിൽ ധനുഷിൻ്റെ പരാതിയിൽ ആശുപത്രി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്ന് തന്നോട് കാൻ്റീൻ മാനേജർ പറഞ്ഞതായും ധനുഷ് പറയുന്നു.