കുന്നുംകുളം: കുന്നംകുളം പോലീസിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ ഒടുവില്‍ നടപടി. നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ഉത്തരമേഖല റേഞ്ച് ഐജിയാണ് സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് പുറത്തിറക്കിയത്. സബ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നു.

ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്ന വാദവുമായി പോലീസ് സേനയിലെ ഒരു വിഭാഗം രംഗത്തുവരുമ്പോഴാണ് ഈ നിയമോപദേശവും പുറത്തുവന്നത്. ഇനി ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടികള്‍ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്. ദൃശ്യങ്ങള്‍ പൊതുസമൂഹത്തിലൂടെ പുറത്തുവന്നതാണ് പോലീസുകാരുടെ പ്രതിരോധങ്ങളെല്ലാം തകര്‍ത്തത്.

ഇത്രയും കാലം ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാതിരുന്ന്ത എന്തുകൊണ്ടാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത് പറഞ്ഞു. സുജിത്തിനെ മര്‍ദ്ദിച്ച അഞ്ചാമന്‍ പഴയന്നൂര്‍ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. സുഹൈറിനെതിരെ നിയമനടപടി തുടരും.

തന്നെ മര്‍ദ്ദിച്ച അഞ്ചാമനെതിരെ നടപടി എടുത്തില്ലെന്ന് സുജിത്ത് പ്രതികരിച്ചു. സസ്‌പെന്‍ഷന്‍ ശുപാര്‍ശയില്‍ താന്‍ സന്തുഷ്ടനല്ലെന്നും അഞ്ച് പേരെയും സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയാണ് വേണ്ടതെന്നും കുന്നംകുളം പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു. ഈ പൊലീസുകാര്‍ക്ക് ആര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ലെന്നും സുജിത്ത് പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരുമെന്നും സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ പിന്തുണയ്ക്കും സുജിത്ത് നന്ദിയറിയിച്ചു. യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനഃപരിശോധിക്കാനുള്ള സസ്‌പെന്‍ഷന്‍ പുറത്തിറങ്ങിയത്.

വിവരാവകാശ നിയമ പ്രകാരം സുജിത്ത് നടത്തിയ നീക്കമാണ് ദൃശ്യങ്ങള്‍ പുറത്തെത്തിച്ചത്. ആരോപണ വിധേയര്‍ക്കെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്‍ക്രിമെന്റ് തടഞ്ഞ് വെച്ചതടക്കമുള്ള ചെറിയ നടപടികളാണ് മാത്രമാണ് പോലീസുകാര്‍ക്കെതിരെ ഉണ്ടായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

2023-ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് പോലീസ് മേധാവി ഇടപെട്ടത്. സുജിത്തിനെ പോലീസ് ജീപ്പില്‍നിന്ന് ഇറക്കുന്നതുമുതല്‍ സ്റ്റേഷനുള്ളില്‍ അര്‍ധനഗ്‌നനായി നിര്‍ത്തി പലതവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിര്‍ത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് സുജിത്തിന്റെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്.

പോക്‌സോ കേസുമായി ബന്ധപ്പെട്ട പരാതിക്കാരന്‍ ദൃശ്യത്തിലുള്ളതിനാല്‍ വീഡിയോ തരാന്‍ സാധിക്കില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. ദൃശ്യം നഷ്ടപ്പെട്ടെന്ന് പിന്നീട് പറഞ്ഞു. മെമ്മറി കാര്‍ഡിന്റെ ഹാഷ് ടാഗ് വാല്യു പ്രശ്‌നം ഉന്നയിച്ചും പരാതിക്കാരനെ മടക്കിയ പോലീസാണ് ഒടുവില്‍ വ്യക്തമായ നാല് ദൃശ്യങ്ങള്‍ കൈമാറിയത്. ഇത് വിവരാവകാശത്തിന്റെ കരുത്തിലായിരുന്നു.

പോലീസ് സ്റ്റേഷനിലും അസി. കമ്മിഷണര്‍ ഓഫീസിലും കമ്മിഷണര്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂലമറുപടി ലഭിക്കാഞ്ഞതിനെത്തുടര്‍ന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചത്. 2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം എസ്ഐ നുഹ്‌മാന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത്. പൊതുസ്ഥലത്ത് മദ്യപിക്കുന്നുവെന്ന പരാതി അന്വേഷിച്ചെത്തിയ പോലീസ് സംഘമാണ് സുജിത്തിനെ കൊണ്ടുപോയി മര്‍ദിച്ചത്.

അര്‍ധരാത്രി 12.23-ന് സ്റ്റേഷന്‍ മുറ്റത്തേക്ക് ജീപ്പില്‍നിന്ന് ഇറങ്ങുമ്പോള്‍തന്നെ ഷര്‍ട്ടില്ലാതെ, മുണ്ടഴിഞ്ഞ് അടിവസ്ത്രത്തിലായിരുന്നു സുജിത്തെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. സ്റ്റേഷനകത്തേക്ക് കയറുമ്പോള്‍മാത്രമാണ് മുണ്ടുടുത്തത്. അകത്തുകയറി ഉടനെ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെ സിപിഒ സന്ദീപ് ചെവിക്ക് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ അവിടെവെച്ചുതന്നെ കുനിച്ചുനിര്‍ത്തി കൈമുട്ടുകൊണ്ട് മുതുകത്ത് ഇടിച്ചു. ഇടതുചെവി പൊത്തിപിടിച്ചുനിന്ന സുജിത്തിനെ ബലംപ്രയോഗിച്ച് സ്റ്റേഷനുള്ളിലെ സിസിടിഎന്‍എസ് മുറിയിലേക്ക് എത്തിച്ചു. അവിടെവെച്ച് എസ്ഐ നുഹ്‌മാനും സിപിഒമാരായ സന്ദീപും സജീവനും ചേര്‍ന്ന് മാറിമാറി മര്‍ദിച്ചു.

പിന്നീട് സ്റ്റേഷന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ചൂരല്‍ ഉപയോഗിച്ചും അല്ലാതെയും മാരകമായി മര്‍ദിച്ചെന്ന് സുജിത്ത് പറഞ്ഞു. നിരീക്ഷണ ക്യാമറ ഈ ഭാഗത്ത് ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.