- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാ പിതാക്കന്മാർ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നു; രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കി വിലപേശുന്നു; ആരാധന ക്രമത്തിന്റെ പേരിൽ എറണാകുളം ബസലിക്ക നാലു മാസമായി പൂട്ടിയിട്ടിരിക്കുന്നു; മനം മുടുത്ത വൈദികൻ സഭാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു പള്ളിവിട്ടു; അസാധാരണ തീരുമാനം കൈക്കൊണ്ട് ഫാ. അജി പുതിയാപ്പറമ്പിൽ
കോഴിക്കോട്: കത്തോലിക്കാ സഭ തുടങ്ങിയ കാലം മുതൽ അഭ്യന്തരമായ വിമർശനങ്ങൾ പല കാലങ്ങളിലായി ഉയർന്നിട്ടുണ്ട്. വൈദികർ ഏറ്റവും അധികം വിമർശനങ്ങൾ നേരടുന്ന കാലം ഇപ്പോഴാണ്. സഭയ്ക്കുള്ളിലെ അധികാര വടംവലി മുറുകിയതും കർദിനാൾ പോലും കോടതി കയറി ഇറങ്ങേണ്ടി വരുന്നതും വർത്തമാന കാലത്താണ്. സ്‌നേഹത്തിന്റെ പാഠം പഠിപ്പിക്കേണ്ടവർ വിദ്വേഷം വിതയ്ക്കുന്നതും വ്യക്തമാകും. ഇത്തരത്തിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ വിമർശനങ്ങൾ ശക്തമാകുമ്പോൾ അസാധാരണ തീരുമാനം എടുത്ത ഒരു വൈദകനും ശ്രദ്ധ നേടുകയാണ്.
സിറോ മലബാർ സഭാനേതൃത്വത്തെ രൂക്ഷമായി വിമർശിച്ചശേഷം ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച് താമരശ്ശേരി രൂപതയിലെ വൈദികനാണ്. കോഴിക്കോട് മുക്കം എസ്.എച്ച്. പള്ളി വികാരിയായിരുന്ന ഫാ. അജി പുതിയാപ്പറമ്പിലാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള തീരുമാനം എടുത്തിരിക്കുന്നത്. പുരോഹിതനായി തുടരുമെങ്കിലും സഭയുടെ ചട്ടക്കൂടിനകത്താകില്ല. ഇനിയുള്ളകാലം പ്രസംഗവും എഴുത്തുമായും കഴിയും. പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ നൂറാംതോട് പള്ളിയിലേക്കു മാറ്റിയിരുന്നു. 13-ന് അവിടെ ചുമതലയേൽക്കേണ്ടതായിരുന്നു. എന്നാൽ, തന്നെ കാത്തിരിക്കരുതെന്ന് അദ്ദേഹം അവിടത്തെ വിശ്വാസികളെ അറിയിച്ചിരുന്നു.
മുക്കം ഇടവകാംഗങ്ങളുമായി നൂറാംതോട്ടിലേക്കു പോകുംവഴിയാണു തീരുമാനം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒപ്പം പോയവരും അപ്പോഴാണു കാര്യമറിഞ്ഞത്. തുടർന്ന് അവർ കോഴിക്കോട്ടു കൊണ്ടുവിട്ടതായി ഇപ്പോൾ എറണാകുളത്തുള്ള വൈദികൻ പറഞ്ഞു. ഒന്നരവർഷം ആലോചിച്ചെടുത്ത തീരുമാനമാണ്. കത്തോലിക്ക വൈദികനു ലഭിക്കുന്ന സുരക്ഷിതത്വമെല്ലാം നഷ്ടപ്പെടുമെന്നറിയാം. പള്ളി ഇട്ടെറിഞ്ഞുപോയെന്ന പരാതിയുണ്ടാകാതിരിക്കാനാണു സ്ഥലംമാറ്റദിനത്തിൽ തീരുമാനം പ്രഖ്യാപിച്ചത്.
ഇതറിഞ്ഞു രൂപതാധികൃതർ തിരിച്ചുവരാൻ ആവശ്യപ്പെട്ടിരുന്നു. വൈകാരികമായെടുത്ത തീരുമാനമല്ലാത്തതിനാൽ മാറ്റുന്നില്ല. തീരുമാനം പ്രഖ്യാപിച്ചദിവസം രാത്രി എവിടെ ഉറങ്ങുമെന്നു പോലും അറിയില്ലായിരുന്നു. മുമ്പോട്ടെങ്ങനെ പോകുമെന്നുമറിയില്ല. പക്ഷേ, താൻ ദരിദ്രനാണെങ്കിലും കർത്താവ് സമ്പന്നനാണ്- അദ്ദേഹം പറയുന്നു. മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ സ്വദേശിയായ ഫാ. അജി 20 വർഷമായി വൈദികനാണ്.
ഫാ.അജി പുതിയാപ്പറമ്പിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇവയാണ്:- മനുഷ്യൻ കണ്ടുപിടിച്ച ആരാധനക്രമ നിയമങ്ങൾക്കാണു ദൈവത്തിന്റെ നിയമങ്ങളായ സ്‌നേഹം, കാരുണ്യം എന്നിവയെക്കാൾ പ്രാധാന്യം. ഇതിന്റെ പേരിൽ എറണാകുളം ബസലിക്ക പൂട്ടിയിട്ടു നാലുമാസമായി. ജനാഭിമുഖ കുർബാനയോടാണു ഭൂരിപക്ഷത്തിനും താത്പര്യം. സഭാപിതാക്കന്മാർ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നു. രാഷ്ട്രീയമായി അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നു. അതിനുവേണ്ടി വിലപേശുന്നു. സാധാരണ വിശ്വാസികളും സന്ന്യസ്തരും വൈദികരും വിഷമത്തിലാണ്. ഭയംമൂലം ആരുമൊന്നും പറയുന്നില്ലെന്നേയുള്ളൂ.
വൈദികൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശം ഇങ്ങനെ:
എനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചി , സഹോദരങ്ങളേ, സഭയിലെ പിതാക്കന്മാരേ, വൈദികരേ, സന്യസ്തരേ, സഹോദരീ സഹോദരന്മാരെ , മുക്കം, നൂറാം തോട് ഇടവകകളിലെ ദൈവജനമേ, കേരളത്തിലെ എന്റെ സഹോദരീ സഹോദരന്മാരേ,
ഇക്കഴിഞ്ഞ 20 വർഷം കത്തോലിക്കാ സഭയിൽ , താമരശേരി രൂപതയിൽ വൈദികനായി ഞാൻ ശുശൂഷ ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ 20 വർഷവും എന്റെ കഴിവിന്റെ പരമാവധി ക്രിസ്തുവിനോടും ദൈവജനത്തോടും വിശ്വസ്തനായിരിക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ വൈദിക ശുശ്രൂഷകളും ആത്മാർത്ഥമായി അനുഷ്ഠിക്കുവാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇന്നു മുതൽ ക്രൈസ്തവ പൗരോഹിത്യത്തിന്റെ ദൗത്യങ്ങളിലൊന്നായ പ്രവാചക ദൗത്യത്തിലേക്ക് ഞാൻ പ്രവേശിക്കുകയാണ്.
എന്നെ ശുശ്രൂഷാ പൗരോഹിത്യത്തിലേയ്ക്കു വിളിച്ച എന്റെ ഗുരുനാഥൻ ക്രിസ്തു തന്നെയാണ് ഈ പുതിയ ദൗത്യത്തിലേക്കും എന്നെ വിളിക്കുന്നത് എന്ന പൂർണ്ണ ബോധ്യം എനിക്കുണ്ട്. തികച്ചും അപകടം പിടിച്ചതാണ് ഈ വഴിയെന്ന് എനിക്കറിയാം. ഒരു കത്തോലിക്ക വൈദികന് ലഭിക്കുന്ന സുരക്ഷിതത്വമെല്ലാം നഷ്ടപ്പെടുത്തുന്നതാണ് ഇതെന്ന് എനിക്കറിയാം. കുരിശിന്റെ പാതയാണ് ഇതെന്നും എനിക്കറിയാം. എങ്കിലും എനിക്ക് ക്രിസ്തുവിന്റെ ഊ ക്ഷണത്തിൽ നിന്ന് പിന്മാറാനാവില്ല. അത്രയ്ക്കും ശക്തമാണത്.
കേരളത്തിലെ ക്രൈസ്തവ സഭകൾ പ്രത്യേകമായി സീറോ മലബാർ സഭ വലിയൊരു ജീർണ്ണതയിലൂടെ കടന്നു പോവുകയാണ്. ക്രിസ്തുവിന്റെ വഴിയിൽ നിന്നും വളരെ അകലെയാണ് ഇന്നത്തെ സഭാ നേതൃത്വം സഞ്ചരിക്കുന്നത്. മനുഷ്യൻ കണ്ടുപിടിച്ച ആരാധനാക്രമ നിയമങ്ങൾക്കാണ് ദൈവത്തിന്റെ നിയമങ്ങളായ സ്‌നേഹം കാരുണ്യം എന്നിവയേക്കാൾ പ്രാധാന്യം കൊടുക്കുന്നത്. ഇതിന്റെ പേരിൽ ഒരു പള്ളി അടച്ചു പൂട്ടിയിട്ട് 4 മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. സഭാമക്കൾ സൈബറിടത്തിൽ പരസ്പരം പോരടിക്കുന്നു. താല്ക്കാലിക ലാഭങ്ങൾക്കുവേണ്ടി സമുഹത്തിൽ വെറുപ്പ് വിതയ്ക്കുന്നു. സഭാപിതാക്കന്മാർ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നു. രാഷ്ട്രീയമായി അവസരത്തിനൊത്ത് അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നു. അതിനു വേണ്ടി വില പേശുന്നു. ഇങ്ങനെ പലതും . ഇതൊന്നും ക്രിസ്തുവിന്റെ രീതിയല്ല.
എന്നാൽ ഇതിലെല്ലാം സഭയിലെ സാധാരണക്കാരായ വിശ്വാസികളും സത്യസ്തരും ഒരുപാട് വൈദികരും ദുഃഖിതരാണ്. ഭയം മൂലം ആരും ഒന്നും പറയുന്നില്ല എന്നേയുള്ളൂ. സഭയിൽ വിശുദ്ധരായ ധാരാളം പേരുണ്ട്. പക്ഷെ അവരെല്ലാം ഇന്ന് നിശ്ശബ്ദരാണ്. സത്യം വിളിച്ചു പറഞ്ഞ ജസ്റ്റിസ് കുര്യൻ ജോസഫ് സാർ എങ്ങനെയാണ് ആക്രമിക്കപ്പെട്ടത് എന്നത് കേരളം കണ്ടതാണ്.
അതു കൊണ്ട് തെറ്റ് തെറ്റാണ് എന്ന് പറയാൻ ക്രിസ്തു എന്നെ ഭരമേല്പിച്ച പ്രവാചക ദൗത്യത്തിലേയ്ക്ക് ഞാനിന്ന് പ്രവേശിക്കുയാണ്. അതിനു വേണ്ടി ഒരു വൈദികന്റെ സുരക്ഷിതത്വം ഞാനിന്ന് ഉപക്ഷിക്കുകയാണ്. ഇക്കഴിഞ്ഞ 20 വർഷം ഞാൻ അമൂല്യമായി കാത്തുസൂക്ഷിച്ച വൈദിക ജീവിതം ഞാൻ തുടരും . വൈദിക വസ്ത്രമായ ളോഹ ഞാൻ തുടർന്നും ധരിക്കും. കത്തോലിക്ക സഭയെ സ്‌നേഹിച്ചു കൊണ്ട് ഒരു കത്തോലിക്കനായിത്തന്നെ ഞാൻ തുടർന്നും ജീവിക്കും. സഭയെ ഇന്ന് ബാധിച്ചിരിക്കുന്ന ജീർണ്ണതകൾക്കെതിരേ ഒരു പ്രവാചകന് യോജിച്ച രീതിയിൽ ഞാൻ പ്രതികരിക്കും.
എന്റെ ഇപ്പോഴെത്തെ ഈ തീരുമാനം കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കുക നൂറാം തോട് ദൈവജനത്തിനാണ്. നിങ്ങളെന്നോട് ദയവായി ക്ഷമിക്കുക. ഇക്കാര്യം മുൻകൂട്ടി നിങ്ങളോട് പറയുവാൻ സാധിക്കുമായിരുന്നില്ല. ഞാനിക്കാര്യം ക്രിസ്തുവിനോടല്ലാതെ മറ്റാരോടും എന്റെ പ്രിയപ്പെട്ട അമ്മച്ചിയോട് പോലും പറഞ്ഞിട്ടില്ല. ഞാൻ കൂടുതലൊന്നും പ്ലാൻ ചെയ്തിട്ടുമില്ല. ഇന്നു രാത്രി എവിടെ അന്തിയുറങ്ങണമെന്നു പോലും ഞാൻ തീരുമാനിച്ചിട്ടില്ല. അതിനെല്ലാം എന്റെ കർത്താവ് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കിക്കൊള്ളും ഞാനൊരു ദരിദ്രനാണെങ്കിലും എന്റെ കർത്താവ് സമ്പന്നനാണ്.
ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള സ്‌നേഹത്തെ പ്രതിയാണ് ഞാനീ ദൗത്യം ഏറ്റെടുക്കുന്നത്. കുരിശിന്റെ വഴിയാണിത്. അപകടം പിടിച്ച വഴിയാണിത്. എങ്കിലും ഞാനിത് ഇഷ്ടപ്പെടുന്നു. കുരിശുമരണം വരെ നിങ്ങളുടെ പ്രാർത്ഥന എന്റെ കൂടെയുണ്ടാകണം.
സ്‌നേഹപൂർവ്വം,
അജിയച്ചൻ
(ഫാ. അജി പുതിയാപറമ്പിൽ , താമരശ്ശേരി രൂപത)
മറുനാടന് ഡെസ്ക്