- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫാ.മാത്യൂസ് വാഴക്കുന്നത്തിന് എതിരെ കർശന നടപടിക്ക് സമ്മർദ്ദം
പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെതിരെ മോശം പരാമർശം നടത്തിയ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ കർശന നടപടിയെടുക്കാൻ ഓർത്തഡോക്സ് സഭാദ്ധ്യക്ഷനുമേൽ സമ്മർദ്ദമേറി. ഫാ.മാത്യൂസ് വാഴക്കുന്നത്തിനെതിരെ കൃത്യമായ നടപടിയെടുത്തില്ലെങ്കിൽ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഭൂരിഭാഗം സഭാസ്ഥാനീയരും കതോലിക്കാ ബാവായെ നിലപാട് അറിയിച്ചെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, സഭാദ്ധ്യക്ഷനെ നേരിട്ട് കണ്ട് നടപടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മാത്യൂസ് വാഴക്കുന്നം. സഭാദ്ധ്യക്ഷന്റെ കല്പന പോലും കാറ്റിൽ പറത്തിയുള്ള ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ മോശം പരാമർശത്തിൽ കടുത്ത സംഘർഷമാണ് ഓർത്തഡോക്സ് സഭയ്ക്കുള്ളിലുള്ളത്. തന്റെ കല്പനക്ക് വിധേയനാക്കേണ്ട വൈദികനിൽ നിന്ന് ഒരു ഭദ്രാസനാധിപനും ഇതുവരെ കേൾക്കാത്ത പരാമർശമാണ് നിലയ്ക്കൽ ബിഷപ്പ് ജോഷ്വാ മാർ നിക്കോദിമോസ് കേട്ടത്. സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ തർക്കം രൂക്ഷമായി.
അതിനിടെ, നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരാമർശത്തിൽ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് ഓർത്തഡോക്സ് സഭാധ്യക്ഷൻ വിശദീകരണം തേടി. നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ബസേലിയൂസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദ്ദേശം. പരാമർശത്തിൽ ഫാദർ മാത്യു വാഴക്കുന്നം ഖേദം പ്രകടിപ്പിച്ചുവെന്നും സഭ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നേരിട്ട് എത്തി വിശദീകരണം നൽകാനാണ് ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് കാതോലിക്ക ബാവ നിർദ്ദേശിച്ചത്.
വൈദികർ അച്ചടക്കം ലംഘിക്കുന്നതിൽ ശക്തമായ താക്കീതുമായാണ് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കല്പനയിറക്കിയത്. എന്നാൽ അതും തർക്കം തീർക്കാൻ പോന്നതായില്ല. ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ഭദ്രാസനാധിപന്റെ ചെയ്തികൾ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുന്ന മാത്യൂസ് വാഴക്കുന്നം രൂക്ഷമായ വാക്കുകളിൽ അദ്ദേഹത്തെ വിമർശിക്കുന്നുണ്ട്. വൈദികരുടെ വാട്സ് അപ് ഗ്രൂപ്പുകളിൽ അടക്കം ശബ്ദരേഖ വ്യാപകമായി പ്രചരിക്കുകയാണ്.
ഫാ. ഷൈജു കുര്യനെതിരെ സഭാ അധ്യക്ഷന് നൽകിയ പരാതിയും പുറത്തുവന്നു. വ്യാജ വൈദികനെ പള്ളിയിൽ കൊണ്ട് ഇറക്കിയെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളും തുടങ്ങി സ്വഭാവദൂഷ്യ ആരോപണങ്ങൾ വരെ പരാതിയിലുണ്ട്. അതേസമയം, ഫാ. ഷൈജു കുര്യനെതിരെ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ എടുത്ത നടപടിയിൽ വ്യക്തതയില്ലെന്നാണ് വിശ്വാസി കൂട്ടായ്മയുടെ ആക്ഷേപം.
ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖയുടെ പൂർണ്ണരൂപം
'നിലയ്ക്കൽ ഭദ്രാസനാധിപൻ എന്തെങ്കിലും വിശദീകരണം എന്നോട് ചോദിച്ചിട്ടുണ്ടെങ്കിൽ സഭയുടെ പ്രധാനപ്പെട്ട ചുമതലയിലിരിക്കുന്ന കോനാട്ട് അച്ഛനോട് വിശദീകരിച്ചിട്ടുണ്ട്. ഈ നിക്കോദിമസ് ചെയ്തിട്ടുള്ള കാര്യങ്ങൾ പുറത്ത് വിടുന്നതാണ്.എന്റെ പേരിൽ ഒരു കൽപ്പന ഇറക്കേണ്ട ഒരാവശ്യവും ഇദ്ദേഹത്തിനില്ല. എന്റെ നേരെ വന്ന വക്കീൽ നോട്ടീസിന് പകരമായിട്ടുള്ള ഒരു പ്രതികരണമാണ് ഞാൻ നടത്തിയിട്ടുള്ളത് .അതുകൊണ്ട് ജോഷ്യാ മാർ നിക്കോദിമോസ് തിരുമേനിയുടെ ഈ കൽപ്പന മാനിക്കാൻ സാധിക്കുകയില്ല. സഭയ്ക്ക് വസ്തുക്കച്ചവടം നടത്തുന്ന അച്ചന്മാർ മതിയെങ്കിൽ കൊണ്ട് നടന്നോളൂ ,എന്നെ മുടക്കിക്കോളൂ . ഞാൻ എങ്ങനെയുള്ള അച്ചനാണെന്ന് നാട്ടുകാർക്കറിയാം. മുടക്കണമെങ്കിൽ മുടക്കിക്കോ. നിക്കോദിമോസേ ഡാഷ് മോനേ നിന്റെ കൽപ്പനയ്ക്ക് മറുപടി തരാൻ എനിക്ക് മനസ്സില്ലെടാ..'