തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ബോഗെയ്ന്‍വില്ലയിലെ സ്തുതി എന്ന ഗാനം പുറത്തിറങ്ങിയത്. നടി ജ്യോതിര്‍മയിയുടെ സ്‌ക്രീന്‍ പ്രസന്‍സും സുഷിന്‍ ശ്യാമിന്റെ സംഗീതവുമൊക്കെയായി പാട്ട് നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു. എന്നാല്‍ പിന്നാലെ പാട്ടിനെക്കുറിച്ച് വിവാദങ്ങളും ചര്‍ച്ചയും ഉടലെടുത്തു. ഗാനത്തിന്റെ ഉള്ളടക്കം ക്രിസ്ത്യാനികള്‍ക്ക് അപമാനമാണെന്നും ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു ചിലര്‍ ഉയര്‍ത്തിയ ആരോപണം.

പിന്നാലെ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാര്‍ അല്‍മായ ഫോറം ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഗാനത്തെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ സജീവമാകവെ ഗാനത്തെയും പിന്നണിയെയും രുക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫാദര്‍ റോയ് കണ്ണന്‍ചിറ. സമൂഹമാധ്യമത്തിലെ ഒരു വീഡിയോയിലുടെയാണ് ഫാദര്‍ ഗാനത്തിനെതിരെയും അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശമുന്നയിച്ചത്. ക്രിസ്തുവിനെ അവഹേളിച്ച് പോക്കറ്റ് നിറക്കാമെന്ന് കരുതിയവരുടെ പോക്ക് അറ്റുപോവുകയായിരുന്നുവെന്നും ഈശോയും കേശു ഈ വീടിന്റെ നാഥനുമൊക്കെ ചെയ്തവര്‍ക്ക പിന്നീട് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാമെന്നും ഫാദര്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി തന്നെയാണ്. പക്ഷെ അത് പിശാചിന്റെ വേഷം ധരിച്ച് വിശുദ്ധ കുരിശിനെയും ക്രിസ്്തീയ അചാന അനുഷ്ഠാനങ്ങള്‍ നടത്തുന്ന ഇടത്തെ അവഹേളിച്ചുമാണ് നിങ്ങള്‍ ഡാന്‍സ് കല്‍ക്കുന്നതെങ്കില്‍ ആ ചുവട് പിഴച്ച് പോകുമെന്നും ഫാദര്‍ പറയുന്നു.

വീഡിയോയില്‍ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ

ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും ബിംബങ്ങളെയും അധിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും മലയാള സിനിമ നടത്തുന്ന എന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. സമീപകാലത്ത് ഏറ്റവും ജനകീയമായ കലയാണ് സിനിമ. നന്മ തിന്മകളെ യഥാതഥമായി ആവിഷ്‌കരിക്കുന്ന രീതി ഏവരും സ്വീകരിക്കുന്ന ഒന്നാണ്. അങ്ങിനെയുള്ള സാഹചര്യത്തില്‍ ക്രൈസ്തവ വിശ്വാസത്തെയും ബിംബങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ മലയാളത്തില്‍ തന്നെ ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നത് ഖേദകരമാണ്.

കഴിഞ്ഞ ഒരു പത്ത വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രമെടുത്ത് നോക്കിയാല്‍ സിനിമയുടെ ശീര്‍ഷകങ്ങളില്‍ ഉള്‍പ്പടെ ഏതൊക്കെ സിനിമ പ്രവര്‍ത്തകരാണോ ക്രീസ്തീയ വിശ്വാസങ്ങളെ അവഹേളിച്ചത് അവര്‍ തന്നെ മറ്റ് മതങ്ങളെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ തങ്ങളുടെ ചിത്രങ്ങളിലൂടെ ശ്രമിച്ചിട്ടുമുണ്ട്.ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിലെ ഗാനത്തിലൂടെ അമല്‍നീരദും നടന്മാരും പിന്നണി പ്രവര്‍ത്തകരുമൊക്കെ എന്തിനാണ് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് എന്ന് മനസിലാകുന്നില്ല.

ക്രിസ്തുവെന്ന ബിംബത്തെ മതിപ്പോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച എത്രയോ ക്ലാസിക്കുകള്‍ നമുക്ക് മുന്നിലുണ്ട്.ക്രിസ്തുവിനെ പരിഹസിക്കുന്ന സിനിമകളും ലോകത്തില്‍ ഇറങ്ങിയിട്ടുണ്ട്.മലയാള സിനിമയുടെ കാര്യത്തിലേക്ക് വന്നാലും മതസൗഹാര്‍ദ്ദമെന്ന മൂല്യം പൊതുസമൂഹ നിര്‍മ്മിതിക്ക് ഉതകുന്ന നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുമുണ്ട്. വിജയിച്ചിട്ടുമുണ്ട്. അത് ആരെയും വേദിനിപ്പിക്കുന്നുമില്ല. ക്രിസ്തുവും വിശുദ്ധ കുരിശും ഈ ലോകത്തിന്റെ തന്നെ ധാര്‍മിക ബോധത്തിന്റെ സിംബലാണ്.

അതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബനായാലും അമല്‍ നീരദ് ആയാലും ഫഹദ് ഫാസില്‍ ആയാലും ക്രിസ്തുവിനെ അപമാനിച്ച് അരി വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിശപ്പ് മാറില്ലെന്ന് സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുകയാണ്.തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ഒരു സമൂഹത്തിന്റെ മുഖത്ത് അടിക്കുന്നതാണ് ഇത്തരം പ്രവൃത്തി.കേശു ഈ വീടിന്റെ നാഥന്‍ എന്നത് യേശു ഈ വീടിന്റെ നാഥന്‍ എന്ന വാക്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതാണ്.ആ സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

ഈശോ എന്ന സിനിമയും മറ്റൊരു ഉദാഹരമാണ്. ആ പേര് വന്നപ്പോള്‍ ഞങ്ങള്‍ പ്രതികരിച്ചു.ആ പേര് ദുരുപയോഗം ചെയ്യുരുതേ എന്ന് പറഞ്ഞു.

ഇന്ന് അവര്‍ക്കും എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം.ഇത്തരത്തില്‍ ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത് പോക്കറ്റ് നിറയ്ക്കാം എന്നു വിചാരിച്ച പലരുടെയും പോക്ക് അറ്റുപോവുകയാണ് ചെയ്തത്.നമ്മള്‍ അതിന് സാക്ഷികളാണ്.ബോഗെയന്‍ വില്ലയിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവര്‍ ചെയ്യുന്നത് ഒരു സമൂഹത്തിന്റെ വിശ്വാസത്തിന്റെ മേലുള്ള കടന്നാക്രമണമാണ്.

ഇതൊക്കെയും തങ്ങള്‍ വേദനയോടെ കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും വേദനയോടെ അറിയിക്കട്ടെ എന്നും ഫാദര്‍ പറയുന്നു.കലയെ പോസറ്റീവായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും ഫാദര്‍ നിര്‍ദ്ദേശിക്കുന്നു.

വിമര്‍ശനം തെറ്റിദ്ധാരണയുടെ പുറത്ത്.. രചയ്താവിന് പറയാനുള്ളത് ഇങ്ങനെ

അതേസമയം ഗാനത്തിനെതിരെയുള്ള വിമര്‍ശനത്തില്‍ പ്രതികരണവുമായി രചയ്താവ് വിനായക് ശശികുമാര്‍ രംഗത്തെത്തി.'സ്തുതി' സ്തുതിക്കുന്നത് സാത്താനെയല്ല പ്രണയത്തെയാണെന്നും,തെറ്റിദ്ധാരണയുടെ പുറത്ത് നടക്കുന്ന ചര്‍ച്ചകളാണ് ഇതെന്നും ഗാനരചയിതാവ് വിനായക് ശശികുമാര്‍ വ്യക്തമാക്കുന്നു. ഒരു സെമിത്തേരി കണ്ടാലോ കോസ്റ്റ്യൂമിന്റെ തോളത്ത് ഒരു കൊമ്പ് കണ്ടാലോ അത് സാത്താനെ സ്തുതിക്കുകയാണെന്ന് വിധിക്കരുതെന്നും ഒരു പ്രണയഗാനത്തെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുകായണ് സ്തുതിയില്‍ ചെയ്തിരിക്കുന്നത് എന്നും വിനായക് ശശികുമാര്‍ പറയുന്നു.

ഒരു തെറ്റിദ്ധാരണയാണ് ഇത്.ഒരു മുന്‍വിധി നടത്തുകയാണെല്ലോ നമ്മള്‍ ചെയ്യുന്നത്.സിനിമയുടെ പ്രമോ ആയി വന്ന ഗാനമാണ് സ്തുതി.സിനിമയുടെ ടീസറോ ട്രെയ്ലറോ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല.അതുകൊണ്ട് തന്നെ ഒരു ഗാനത്തിനെ പശ്ചാത്തലമാക്കി അതിനെ വിധിക്കുന്നതിനോട് യോജിക്കുന്നില്ല.ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ തീര്‍ച്ചയായും തെറ്റിദ്ധാരണയുടെ പുറത്താണ്. എന്തായാലും ഈ ഉന്നയിക്കപ്പെടുന്ന കാര്യങ്ങളൊന്നും തന്നെ ഞങ്ങള്‍ സ്തുതിയില്‍ ഉദ്ദേശിച്ചിട്ടില്ല.

ഒരു സെമിത്തേരി കണ്ടാലോ കോസ്റ്റ്യൂമിന്റെ തോളത്ത് ഒരു കൊമ്പ് കണ്ടാലോ എന്തിനാണ് ഈ സിനിമ അങ്ങനെയാണെന്നും ഈ സിനിമ ഇത്തരം കാര്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും കരുതുന്നത്. ഇതൊരു കലയാണ്. പ്രണയത്തെക്കുറിച്ചുള്ള വരികളാണ് ഞാന്‍ ഈ പാട്ടില്‍ എഴുതിയിരിക്കുന്നത്.ഒരു സാധാരണ പ്രണയ ഗാനം എന്ന തരത്തിലല്ല ഞാന്‍ ഇതിനെ സമീപിച്ചിരിക്കുന്നത് എന്നത് മാത്രമാണ് വ്യത്യാസം.അതെന്തുകൊണ്ടാണെന്ന് സിനിമ കണ്ടാല്‍ മാത്രം മനസ്സിലാകുന്ന കാര്യമാണ്.

കൂടുതല്‍ പറയുന്നത് സ്പോയിലര്‍ ആകും.ഹോളി എന്ന വാക്ക് ദൈവത്തെ മാത്രം പ്രകീര്‍ത്തിക്കാനായി മാത്രമല്ലല്ലോ നമ്മള്‍ ഉപയോഗിക്കാറ്.ജീവിതത്തിലെ പല മൂല്യങ്ങളെയും വിശുദ്ധമായി കണക്കാക്കുന്നവരില്ലേ അതുപോലെ ഒരു ആശയം ഒരു കാര്യത്തോട് മാത്രം കൂട്ടിച്ചേര്‍ക്കണം എന്ന് വാശിപിടിക്കേണ്ടതില്ലല്ലോ അതിന്റെ ആവശ്യമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.സിനിമ ഇറങ്ങിയതിന് ശേഷം വിലയിരുത്തുക, ഇപ്പോള്‍ ഈ സിനിമ ഇങ്ങനെയാണെന്ന് ഉറപ്പിച്ചത് പോലെയാണ് കാര്യങ്ങള്‍ പറയുന്നത്.ഈ മുന്‍വിധികള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രചയ്താവ് പറയുന്നു.