പത്തനംതിട്ട: കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ച ഓർത്തഡോക്സ് സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരേ പ്രതിഷേധവുമായി വിശ്വാസികൾ. ഇട്ടിയറപ്പാറയിലെ റാന്നി നിലയ്ക്കൽ ഭദ്രാസന അരമനയ്ക്ക് മുന്നിലേക്ക് പ്രതിഷേധവുമായി വന്ന ഒരു പറ്റം വിശ്വാസികൾ അച്ചനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നിന് ഭദ്രാസന കൗൺസിൽ യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപാണ് വിശ്വാസികൾ സംഘടിച്ച് അരമനയ്ക്ക് വെളിയിൽ പ്രതിഷേധം തുടങ്ങിയത്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുവാൻ സെക്രട്ടറി എത്തിയില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കൗൺസിൽ യോഗം മാറ്റി വച്ചതായി അറിയിച്ചതിന് ശേഷം ഭദ്രാസന മെത്രാപ്പൊലീത്ത ജോഷ്വ മാർ നിക്കോദിമോസ് കോട്ടയത്തേക്ക് പോയി.

വൈദികർ അടക്കമുള്ള വിശ്വാസികളാണ് റാന്നി ഇട്ടിയപ്പാറയിലുള്ള നിലയ്ക്കൽ ഭദ്രാസന ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഇവർ ഫാ. ഷൈജു കുര്യനെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിൽ ഇരുന്നു കൊണ്ട് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിശ്വാസികൾ പറഞ്ഞു.

ഭദ്രാസനത്തിലെ രണ്ടാമനാണ് ഫാ. ഷൈജു കുര്യൻ. അദ്ദേഹത്തിനെതിരേ സാമ്പത്തികം അടക്കം നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. മാതൃകാപരമായ ജീവിതം നയിക്കേണ്ട വ്യക്തി അങ്ങനെയല്ലാതാകുമ്പോൾ വിശ്വാസികൾ പ്രതിഷേധിക്കുമെന്നും അവർ പറഞ്ഞു. ബിജെപിയിൽ ചേർന്ന ഷൈജു കുര്യൻ ഉടൻ തന്നെ സ്ത്രീപീഡന കേസിൽ പ്രതിയാകുമെന്ന് അറിയാൻ കഴിഞ്ഞുവെന്നും ഇവർ പറയുന്നു. ഫാ. ഷൈജു കുര്യനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഭദ്രാസനാധ്യക്ഷന് പരാതിയും നൽകിയിട്ടുണ്ട്.

ശനിയാഴ്ചയാണ് ഫാ. ഷൈജു കുര്യൻ പത്തനംതിട്ടയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുത്ത ക്രിസ്മസ് സ്നേഹസംഗമത്തിൽ വച്ച് ബിജെപിയിൽ അംഗത്വമെടുത്തത്. അന്നു മുതൽക്കേ സഭയ്ക്കുള്ളിൽ പ്രതിഷേധം പുകയുന്നുണ്ടായിരുന്നു. നേരത്തേ തന്നെയും ഷൈജു കുര്യനെതിരേ റിയൽ എസ്റ്റേറ്റ് അടക്കമുള്ള മേഖലയിൽ നിന്ന് ആരോപണങ്ങളും പരാതിയും ഉയർന്നിരുന്നു.