കൊല്ലം: കടക്കൽ കാരിയം സ്വദേശിയായ യുവാവ് കള്ളക്കേസിൽ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി ബന്ധുക്കളുടെ ആരോപണം. മകനെ തിരിച്ച് നാട്ടിലെത്തിക്കാൻ കഴിയുന്നില്ലെന്ന നിരാശയിൽ പിതാവ് ജീവനൊടുക്കി. സതീഷ്ബാബു (64) ആണ് ആത്മഹത്യ ചെയ്തത്. 34 കാരനായ വിഷ്‌ണു എന്ന യുവാവാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ചതിയിൽ ദിവസങ്ങളായി കുടുങ്ങി കിടക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു. സ്പെയർ പാർട്സ് കമ്പനിയായ ബ്രൈറ്റ് ഹോം ട്രേഡിങ്ങ് സ്പെയർ പാർട്സ് നൽകിയ പരാതി യുവാവിനെ കുടുക്കാൻ ബോധപൂർവം ചെയ്തതെന്നാണ് ആരോപണം.

പരാതിയിൽ കേസിന്റെ വിചാരണ നടക്കുന്നതിനാൽ വിഷ്‌ണുവിന് നാട്ടിലേക്ക് മടങ്ങാനോ മറ്റ് സ്ഥാപനങ്ങളിൽ ജോലി തേടാനോ സാധിക്കുന്നില്ല. എന്നാൽ വർഷങ്ങളായി ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും മാറി പോകാൻ ഉണ്ടായ തീരുമാനം മൂലമാണ് തനിക്കെതിരെ കള്ളകേസ് ചുമത്തി കെണിയിലാക്കിയിരിക്കുന്നതെന്നാണ് യുവാവും ആരോപിക്കുന്നത്. കമ്പനിയുടെ സ്റ്റോക്‌സിൽ നിന്നും സാധനങ്ങൾ മറിച്ചു വിറ്റെന്ന പരാതിയാണ് ബ്രൈറ്റ് ഹോം ട്രേഡ് കമ്പനി വിഷ്ണുവിനെതിരെ നൽകിയിരിക്കുന്നത്. എന്നാൽ തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് വിഷ്‌ണു പറയുന്നത്.

സംഭവത്തെ പറ്റി വിഷ്‌ണു പറയുന്നതിങ്ങനെ..

2019 ലാണ് ബ്രൈറ്റ് ഹോം ട്രേഡ് എന്ന ട്രക്ക് സ്പെയർ പാർട്സ് കമ്പനിയിൽ ജോലിക്കായി പ്രവേശിക്കുന്നത്. അക്കൗണ്ട് സെക്ഷനിൽ ജോലിക്ക് കയറിയ തന്നെ പല കാരണങ്ങൾ പറഞ്ഞ് ബ്രാഞ്ചിന്റെ ഇൻചാർജായി നിയമിക്കുകയായിരുന്നു. 6 വർഷത്തോളം ആ കമ്പനിയിൽ ജോലി ചെയ്ത് വരികെയാണ് 2023 ൽ മറ്റൊരു കമ്പനിയിൽ നിന്നും ഓഫർ ലഭിക്കുന്നത്. തുടർന്ന് ബ്രൈറ്റ് ഹോം ട്രേഡ് നിന്നും മാറാൻ തീരുമാനിക്കുകയും. നിയമപരമായി രാജിക്കത്ത് നൽകുകയും ചെയ്തു. എന്നാൽ മറ്റൊരു കമ്പനിയിലേക്ക് മാറാൻ പോകുന്ന വിവരം അറിഞ്ഞതോടെ തന്നെ കുടുക്കാനായി കമ്പനി പല കാര്യങ്ങൾ ചെയ്തു. ജോലിയിൽ നിന്നും വിലക്കി. 15 ദിവസത്തോളം ജോലിക്ക് പോകാനാകാതെ മുറിൽ ഇരുന്നു.

ഒടുവിൽ ലേബർ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പറഞ്ഞതോടെ തനിക്കെതിരെ സ്റ്റോക്‌സിൽ നിന്നും സാധനങ്ങൾ മറിച്ച് വിറ്റുവെന്ന പരാതി നൽകി. 32,000 റിയാൽ അതായത് 1 കോടിയോളം രൂപ വരുന്ന സാധനങ്ങൾ സ്റ്റോക്സിൽ നിന്നും മറിച്ചു വിറ്റുവെന്നായിരുന്നു പരാതി. എന്നാൽ ബ്രൈറ്റ് ഹോം ട്രേഡ് സ്ഥാപനത്തിന്റെ മറ്റൊരു ബ്രാഞ്ചായ ഫ്യുച്ചർ ടെക്നിക്കൽ സ്പെയർ എന്ന കമ്പനിയിൽ നിന്നുമാണ് പാർട്സ് തിരിമറി ചെയ്തതെന്നാണ് പരാതി. എന്നാൽ താൻ ജോലി ചെയ്തിരുന്നത് ആ സ്ഥാപനത്തിലല്ല മറിച്ച് മറ്റൊരു കമ്പനിയിലാണ് എന്ന് ബോധ്യമായതായി കോടതി വിലയിരുത്തി. തുടർന്ന് കമ്പനിയിലെ മറ്റ് രണ്ട് മലയാളി തൊഴിലാളികളെ ഭീക്ഷണിപ്പെടുത്തി തനിക്കെതിരെ മൊഴി നൽകാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ നിയമപരമായി അവർക്കത് നൽകാൻ കഴിഞ്ഞില്ല. സുഹൃത്തിനൊപ്പമാണ് ഇപ്പോൾ താമസം. വീട്ടുകാരെ ഉൾപ്പെടെ ദ്രോഹിച്ചു. ആവശ്യം പറഞ്ഞ് നാട്ടിൽ പല ആൾക്കാരെയും കണ്ടിരുന്നു. എന്നിട്ടും കാര്യമുണ്ടായില്ല.

അമ്മയും, ഭാര്യയും, കുഞ്ഞുമാണ് ഇപ്പോൾ വിഷ്ണുവിന്റെ വീട്ടിലുള്ളത്. 9 വർഷങ്ങൾക്ക് മുൻപാണ് വിഷ്ണുവും അശ്വതിയുമായി വിവാഹിതരായത്. ദമ്പതികൾക്ക് 7 വയസ്സുള്ള ഒരു മകനുണ്ട്. ഏഴര മാസം ഗർഭിണി കൂടിയാണ് അശ്വതി ഇപ്പോൾ. മകന്റെ അവസ്ഥയിൽ ദിവസങ്ങളായി കുറിച്ചോർത്ത് അച്ഛനും ജീവനൊടുക്കിയതോടെ പ്രതിസന്ധിയിലാണ് കുടുംബം. ആവശ്യവുമായി കുടുംബം നിരവധി പ്രമുഖരെ കാണുകയുണ്ടായി. എന്നിട്ടും പ്രതിവിധി ഉണ്ടായില്ല. ഇതിൽ മനംനൊന്ത് വിഷ്ണുവിന്റെ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.