തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായധനത്തട്ടിപ്പിനു പിന്നിൽ ആസൂത്രിതനീക്കമെന്ന് വിജിലൻസ് പറയുമ്പോൾ അന്വേഷണം അട്ടിമറിക്കാനും നീക്കം. തട്ടിപ്പുകാർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിന് സർക്കാർ പച്ചക്കൊടി കാട്ടില്ല. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണങ്ങളിൽ നിന്നും ഒഴിവാക്കാനും നീക്കമുണ്ട്. കളക്ടറേറ്റുകളിലെ ചില ഉദ്യോഗസ്ഥരും ഏജന്റുമാരും ഡോക്ടർമാരും ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പുകൾ നടത്തിയതെന്നാണ് വിജിലൻസിന്റെ നിഗമനം. ഇതുവരെ കേസ് പോലും വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടില്ല.

മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം വിജിലൻസ് മിന്നൽപരിശോധന തുടങ്ങിയത് എന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ ചില സംശയങ്ങളും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയിലേക്ക് പ്രതിപക്ഷം ആരോപണം ഉയർത്താതിരിക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ. അതിനിടെ തട്ടിപ്പ് കണ്ടെത്തിയിട്ടും ആർക്കെതിരേയും നടപടി എടുത്തിട്ടില്ല. വിവിധ ഓഫീസുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളും ഫീൽഡുതല പരിശോധനയും പൂർത്തിയാകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തികൂടുമെന്നാണ് വിലയിരുത്തൽ. വിവിധ ഓഫീസുകളിൽനിന്നുള്ള അയ്യായിരത്തിലധികം അപേക്ഷാ ഫയലുകൾ പരിശോധനയിലാണ്. പ്രാഥമികാന്വേഷണം നടത്തിയശേഷം തുടർനടപടികളുണ്ടാകുമെന്നാണ് വിജിലൻസ് പറയുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകൾ വിജിലൻസ് കണ്ടെത്തുമ്പോൾ ചർച്ചയാകുന്നത് സമഗ്ര അന്വേഷണത്തിന്റെ ആവശ്യം ആണ്. വലിയ മാഫിയ തന്നെ തട്ടിപ്പിന് പിന്നിലുണ്ട്. ഉദ്യോഗസ്ഥ അഴിമതിയും വ്യക്തം. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം വാങ്ങി നൽകുന്നതിനായി ചില കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും തെളിഞ്ഞു. കോടികളുടെ ആസ്തിയുള്ളവർക്ക് പോലും ദുരിതാശ്വാസം കിട്ടും. പാവങ്ങൾ സഹായത്തിനായി നെട്ടോട്ടം ഓടുമ്പോഴാണ് ഇത്. എന്നാൽ അന്വേഷണം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യംചെയ്യുന്നത് കൂടുതൽ സുരക്ഷിതമാക്കാൻവേണ്ട നിർദേശങ്ങൾ റിപ്പോർട്ടായി സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. രണ്ടുവർഷത്തെ അപേക്ഷകൾ പരിശോധിച്ചപ്പോഴാണ് ഇത്രയധികം തട്ടിപ്പ് വ്യക്തമായത്. അതായത് തുടർഭരണം കിട്ടിയ ശേഷമാണ് വ്യാപകമായ തോതിൽ ഫണ്ടു വെട്ടിപ്പ് നടന്നത്. ഇതിന് പിന്നിൽ ഉന്നത രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നാണ് സൂചന. പ്രാദേശിക തലത്തിൽ ഏകോപനങ്ങൾ നടന്നു. കോടികളാണ് തട്ടിപ്പിലൂടെ നഷ്ടമായത്.

കൊല്ലം ജില്ലയിലാണ് കൂടുതലെന്നും മനോജ് എബ്രഹാം പറഞ്ഞു. ചില അപേക്ഷകർ മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലിൽ വിളിച്ച് അപേക്ഷാകാര്യം അന്വേഷിച്ചിരുന്നു. പണം അനുവദിച്ചിരുന്ന ഇവർക്ക് അത് ലഭിച്ചില്ലെന്നും വിവരംകിട്ടി. തുടർന്നാണ് വിജിലൻസിനോട് പരിശോധിക്കാൻ നിർദ്ദേശം നൽകിയത്. 25,000 രൂപവരെയുള്ള സഹായധനത്തിനായി റവന്യൂവകുപ്പിന് ലഭിച്ച അപേക്ഷകളിൽ ഒരേ ഡോക്ടർമാർതന്നെ സർട്ടിഫിക്കറ്റ് നൽകിയത് റവന്യൂമന്ത്രിയുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്വേഷണം നടത്തണമെന്ന് മന്ത്രിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മനോജ് എബ്രഹാം പറയുന്നു.

ക്രമക്കേടുകളിൽ ഉദ്യോഗസ്ഥബന്ധം വെളിവായാൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തും. തട്ടിപ്പിൽ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ കേസെടുക്കും. അപേക്ഷകരുടെ വീടുകളിലെത്തിയും വിവരങ്ങൾ തേടുന്നുണ്ട്. എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ ധനസഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചു. ഹൃദയ രോഗത്തിന് ആയുർവേദ ഡോക്ടറുടെ കുറിപ്പിടിയിലും പണം നൽകി. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി.

കൊല്ലം ജില്ലയിൽ 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ധനായ ഒരു ഡോക്ടർ നൽകിയതാണെന്ന് കണ്ടെത്തി. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയതാണ്. അങ്ങനെ സർവ്വത്ര കള്ളക്കളി. കോട്ടയം മുണ്ടക്കയം സ്വദേശിയായ ഒരാൾക്ക് 2017-ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന 5000 രൂപയും 2019 ൽ ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന 10000 രൂപയും 2020 ൽ ഇതേ വ്യക്തിക്ക് കാൻസറിന് കോട്ടയം കലക്ടറേറ്റ് മുഖേന 10000 രൂപ അനുവദിച്ചതായും കണ്ടെത്തി. ഇതിനെല്ലാം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനായ ഡോക്ടറാണെന്നും കണ്ടെത്തി. അതായത് ഹൃദയരോഗത്തിനും ക്യാൻസറിനും വരെ എല്ലു ഡോക്ടറുടെ സർട്ടിഫിക്കറ്റ്.

നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സയ്ക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചതായും സ്പെഷലിസ്റ്റ് അല്ലാത്ത ഡോക്ടർമാർ വിവിധ തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതായും കണ്ടെത്തി. ഇടുക്കി കലക്ടറേറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ അപേക്ഷരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പേരും രോഗവിവരങ്ങളും പലപ്രാവശ്യം വെട്ടി തിരുത്തിയിട്ടുള്ളതായും മറ്റൊരപേക്ഷയോടൊപ്പമുള്ള ഫോൺ നമ്പരിൽ വിളിച്ചപ്പോൾ അത് ഏജന്റിന്റെ നമ്പരാണെന്നും വിജിലൻസ് കണ്ടെത്തി.

കാസർകോട് ജില്ലയിൽ രണ്ട് അപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരേ കയ്യക്ഷരത്തിലുള്ളതാണെന്ന് കണ്ടെത്തി. എന്നാൽ അതിൽ ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടർമാരാണെന്നും ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിജിലൻസ് അറിയിച്ചു. ദുരിതാശ്വാസ തുകയ്ക്കായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നുമാണ് വിജിലൻസ് സംഘത്തിന്റെ പരിശോധിയിൽ തെളിഞ്ഞത്. കരൾ രോഗത്തിന്റെ ചികിത്സാ സഹായത്തിന് ഹാജരാക്കിയത് ഹൃദ്രോഗ സർട്ടിഫിക്കറ്റായിരുന്നു. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ നൽകിയത് 1500 സർട്ടിഫിക്കറ്റുകളാണ്.

കരുനാഗപ്പള്ളിയിൽ ഒരേ വീട്ടിലെ എല്ലാ കുടുംബാംഗങ്ങൾക്കും സർട്ടിഫിക്കറ്റ് നൽകി. രണ്ട് ഘട്ടങ്ങളിലായി ഇത്തരത്തിൽ നാല് സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് കണ്ടെത്തൽ.