പത്തനംതിട്ട: മാരുതി അംഗീകൃത ഡീലര്‍ ആയ കുമ്പഴ ഇന്‍ഡസ് മോട്ടോഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പരാതിക്കാരന് 7,04,033 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. കുമ്പഴ മേലെമണ്ണില്‍ റൂബി ഫിലിപ്പ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി.

റൂബി ഫിലിപ്പ് കുമ്പഴ ഇന്‍ഡസ് മോട്ടോഴ്സില്‍ നിന്നും 2014 ജൂലൈയില്‍ 6,44,033 രൂപ നല്‍കി പുതിയ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വാങ്ങിയിരുന്നു. 2015 ഡിസംബറില്‍ കാറിന്റെ ബോണറ്റ്ു ഭാഗത്തെ പെയിന്റ് പൊരിഞ്ഞ് ഇളകാന്‍ തുടങ്ങി. വിവരം ഇന്‍ഡസില്‍ എത്തി ബോദ്ധ്യപ്പെടുത്തിയെങ്കിലും അവര്‍ പരിഗണിച്ചില്ല.

സംശയം തോന്നിയ ഉടമ സര്‍വീസ് റെക്കോഡ് പരിശോധിച്ചപ്പോള്‍ ഈ കാര്‍ ഹര്‍ജി കക്ഷിക്ക് നല്‍കുന്നതിന് മുമ്പ് കോതമംഗലം ഇന്‍ഡസ് മോട്ടോഴ്സില്‍ രണ്ട് തവണയായി 66,408 രൂപയുടെ ബോഡി റിപ്പയറിങ് വര്‍ക്ക് ചെയ്യുകയും അതിനുള്ള ഇന്‍ഷുറന്‍സ് ക്ലെയിം വാങ്ങുകയും ചെയ്തുവെന്ന് വ്യക്തമായി. അറ്റകുറ്റപ്പണി നടത്തിയ കാറാണ് ബ്രാന്‍ഡ്ന്യൂ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിറ്റത്. ഇതിനെതിരെയാണ് റൂബി ഫിലിപ്പ് കമ്മിഷനില്‍ പരാതി നല്‍കിയത്.

രണ്ട് കക്ഷികളും അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ഹാജരായി തെളിവുകള്‍ നല്‍കി. തെളിവുകള്‍ പരിശോധിച്ച കമ്മിഷന് വാഹനം 2014 ഏപ്രില്‍ 30, മേയ് 19 തീയതികളിലായി 66,408 രൂപയുടെ ബോഡി റിപ്പയറിങ് വര്‍ക്ക് ചെയ്തതാണെന്ന് ബോദ്ധ്യപ്പെട്ടു. ഹര്‍ജി കക്ഷിയെ മനപൂര്‍വമായി കബളിപ്പിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണ് എതിര്‍കക്ഷി പ്രവര്‍ത്തിച്ചതെന്നും കാറിന്റെ വിലയായ 6,44,033 രൂപ കമ്മിഷനില്‍ ഹര്‍ജി ഫയല്‍ ചെയ്ത 2019 മേയ് 31 മുതല്‍ 9 % പലിശയോട് കൂടി നല്‍കാനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത് 7,40,033 രൂപയും പലിശയും എതിര്‍കക്ഷി ഹര്‍ജി കക്ഷിക്ക് നല്‍കണമെന്ന് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്ന് വിധി പ്രസ്താവിച്ചു. ഹര്‍ജി കക്ഷിക്കുവേണ്ടി അഭിഭാഷകരായ ഷിലു മുരളീധരന്‍, പി.സി.ഹരി എന്നിവര്‍ ഹാജരായി.