സഫോക്കില്‍ ജനിച്ച പെപിത ഒടുവില്‍ ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കി; പദ്മശ്രീ വരെ ലഭിച്ച ബ്രിട്ടീഷുകാരി കേരളത്തില്‍ താമസമാക്കിയത് ഗുരുവായൂര്‍ ഭക്തിയില്‍; ഗുരുവായൂര്‍ കേശവന്റെ പ്രസിദ്ധമായ ചിത്രം പതിഞ്ഞത് പെപിതയുടെ ക്യാമറയില്‍; ഒരു നാടിനെ സ്നേഹിച്ചു കീഴടക്കിയ അപൂര്‍വ ജീവിതകഥ

പ്രത്യേക ലേഖകന്‍

ലണ്ടന്‍: സാഫോക്കിലെ കര്‍ഷക കുടുംബത്തില്‍ 1942 ല്‍ ജനിച്ച പെപിത സേഥ് എന്ന വനിതാ 1970 ല്‍ ഇന്ത്യയില്‍ എത്തിയ ശേഷം ആ നാടുമായി വല്ലാത്തൊരു പ്രണയത്തിലായി. ഇന്ത്യന്‍ സംസ്‌കാരത്തിലും ക്ഷേത്ര ചിട്ടകളിലും ഒക്കെ ആകൃഷ്ടയായ അവര്‍ ആ ഇഷ്ടം കനത്തതോടെ കേരളത്തിലെത്തി ഗുരുവായൂരില്‍ താമസമാക്കിയതിലും അവര്‍ക്ക് പറയാന്‍ ഒട്ടേറെ കഥകളുണ്ട്.

എന്തിനേറെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ ഏറ്റവും അധികം ആരാധനാ നേടിയിട്ടുള്ള ഗുരുവായൂര്‍ കേശവന് എന്ന ഗജകേസരിയുടെ ഏറ്റവും പ്രശസ്തമായ ചിത്രം പോലും പകര്‍ത്തിയത് പെപിത സേത്തിന്റെ ക്യമറയാണ്. അറിയപ്പെടുന്ന എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ പെപിത സേഥ് ഇപ്പോള്‍ 55 വര്‍ഷം ഇന്ത്യയില്‍ ജീവിച്ച ശേഷമാണു 83 വയസില്‍ പൗരത്വം സ്വന്തമാക്കുന്നത് എന്നതും പ്രത്യേകതയാണ്. അതിനേക്കാള്‍ ഉപരി ക്രിസ്ത്യന്‍ വിശ്വാസമുള്ള കുടുംബത്തില്‍ ജനിച്ച പെപിതയ്ക്ക് നിയമവകാശത്തോടെ വിശ്വാസിയെന്ന നിലയിലും ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശിക്കാനും പ്രത്യേക അനുമതിയുണ്ട് എന്നതും സവിശേഷതയാണ്. അവര്‍ രാജ്യത്തിന് നല്‍കിയ സേവനത്തെ മാനിച്ചു ഉന്നത ഔദ്യോഗിക ബഹുമതിയായ പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട് എന്നത് അധികം വിദേശ വംശജര്‍ക്ക് ലഭിക്കാത്ത അംഗീകാരം കൂടിയാണ്.

ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥന്‍ ആയിരുന്ന വിക്ടര്‍ റാംസെയുടെ മകളായി ജനിച്ച പെപിത ബ്രിട്ടനില്‍ ഫിലിം എഡിറ്ററായി ജോലി ആരംഭിച്ച ശേഷമാണു ഒരു നിമിത്തം പോലെ ഇന്ത്യയിലേക്ക് എത്തുന്നത്. അതിനുള്ള കാരണം എന്തെന്ന് ഇന്നും പെപിതയ്ക്ക് പോലും അജ്ഞാതം. ഗുരുവായൂരില്‍ എത്തിയതോടെ താന്‍ തന്റെ നാട് പോലും മറന്നു പോയിട്ടുണ്ടാകാം എന്നാണ് അവര്‍ പറയുക. ഇന്നും കുറച്ചു കുറച്ചു മലയാളം വഴങ്ങുന്ന പെപിതയ്ക്ക് ഭാഷാപരമായ പരിമിതികള്‍ ഒന്നും ഒരു തടസമല്ല തന്നെ കീഴ്പ്പെടുത്തിയ നാട്ടില്‍ ജീവിക്കുവാന്‍. ഇനിയൊരു മടക്കം ഇല്ലെന്നു എത്രയോ കാലം മുന്‍പേ മനസില്‍ തീരുമാനിച്ചുറപ്പിച്ച അവര്‍ക്ക് പൗരത്വം എന്നത് പണ്ടേ മനസ് കൊണ്ട് കിട്ടിക്കഴിഞ്ഞ അംഗീകാരവും കൂടിയാണ്.

വിദേശിയെന്നു ഒരു നോക്ക് കൊണ്ട് പോലും തോന്നിപ്പിക്കാത്ത രീതിയില്‍ ഇഴ ചേര്‍ന്ന് ജീവിക്കാന്‍ കഴിയുന്ന പെപിത നാട് വിട്ടു വിദേശത്തു എത്തിയ മലയാളികള്‍ക്കൊക്കെ ഒരു ജീവിക്കുന്ന പാഠപുസ്തകമായി മാറേണ്ടതാണ്. ഒരു നാട്ടില്‍ ജീവിക്കാന്‍ നിര്‍ബന്ധിതമായാല്‍ എങ്ങനെ ആ നാടുമായി ഇഴുകണമെന്നു ചൂണ്ടിക്കാട്ടാന്‍ പെപിതയെക്കാളും നല്ലൊരു ജീവിതം ഒരു പക്ഷെ കണ്ടെത്തനാകില്ല.

അരനൂറ്റാണ്ടിലേറെ ജീവിതം ഇന്ത്യയില്‍, നാടിന്റെ ആദരവും അംഗീകാരവും ഒടുവില്‍ പൗരത്വവും

കഴിഞ്ഞ ദിവസം തൃശൂരില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യാനില്‍ നിന്നാണ് പെപിത താന്‍ ഏറെ നാളായി ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കിയത്. ജന്മ നാട്ടിലേക്ക് ഇനിയൊരു മടക്കം ഇല്ലെന്നു എത്രയോ കാലം മുന്‍പേ അവര്‍ തീരുമാനിച്ചിരുന്നെങ്കിലും നിയമ നടപടികളിലെ നൂലാമാലകള്‍ കാരണം പൗരത്വം ലഭിക്കാന്‍ വൈകി എന്നാണറിയുന്നത്. ജന്മം കൊണ്ട് ഇന്ത്യക്കാരി ആയില്ലെങ്കിലും കര്‍മം കൊണ്ട് യഥാര്‍ത്ഥ ഭാരതീയത മനസിലും പ്രവര്‍ത്തിയിലും പ്രകടിപ്പിച്ചാണ് പെപിത താന്‍ സ്നേഹിക്കുന്ന നാടിന്റെ സ്വന്തമായി മാറിയിരിക്കുന്നത്. കേരളത്തിലെ ക്ഷേത്ര കലകളെയും ആചാരങ്ങളെ പറ്റിയും പഠനം നടത്തിയ പെപിത ആധ്യാല്മിക കാര്യങ്ങളിലും ഏറെ അറിവ് നേടിയിട്ടുണ്ട്. 2012 ല്‍ തന്നെ ഇവരെ തേടി പദ്മശ്രീ പുരസ്‌കാരം എത്തിയിട്ടും പൗരത്വം ലഭിക്കാന്‍ പിന്നെയും 13 വര്‍ഷം വേണ്ടി വന്നു എന്നതിന്റെ കാരണം അജ്ഞാതമാണ്.

ഭൂമിയിലെ സ്വര്‍ഗം - കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം എന്ന പേരില്‍ പെപിത എഴുതിയ പുസ്തകം ഏറെ പ്രശസ്തമാണ്. ഗുരുവായൂര്‍ കേശവനെ പറ്റി എപ്പോള്‍ പറഞ്ഞാലും അവര്‍ വാചാലമാകുന്നത് അവര്‍ തമ്മില്‍ ഉള്ള ബന്ധം കൂടി വെളിപ്പെടുത്തുന്ന ഘടകമാണ്. അവന്‍ ഒരു മൃഗം പോലും അല്ലെന്നാണ് അവര്‍ക്ക് പറയാനുള്ളത്. അവന്റെ കണ്ണുകളില്‍ നോക്കിയാല്‍ പിന്നെ ദൈവികമായ ഒരു അനുഭൂതിയാണ് പകര്‍ന്നു കിട്ടുന്നത്. ആദ്യമായി ഗുരുവായൂര്‍ കേശവന്റെ ചിത്രം പകര്‍ത്തിയ നിമിഷത്തെ പെപിത ഓര്‍ത്തെടുക്കുന്നത് ഇപ്രകാരമാണ്.

യഥാര്‍ത്ഥത്തില്‍ ഗുരുവായൂര്‍ കേശവനോടുള്ള ഇഷ്ടം മൂത്താണ് പെപിത ഗുരുവായൂരിനെയും ക്ഷേത്രത്തെയും ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ മൃഗങ്ങള്‍ പോലും ആരാധിക്കപ്പെടുകയും മനുഷ്യരേക്കാള്‍ വിലമതിക്കപ്പെടുകയും ചെയ്യുന്നതൊക്കെ പെപിതയെ കീഴടക്കാനുള്ള കാരണമായി മാറുക ആയിരുന്നു.

ഗുരുവായൂര്‍ ഭക്തിയില്‍ മറ്റാരേക്കാളും മുന്നില്‍, കേരളത്തെ കുറിച്ച് പറയാന്‍ നൂറു നാവുകള്‍

കേരളത്തിലേ സ്ത്രീകളെ മാറ്റി നിര്‍ത്തും വിധം കസവ് സാരി ധരിച്ചു ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന പെപിത വലിയൊരു കൗതുക കാഴ്ചയുമാണ്. ഗുരുവായൂരില്‍ ഓരോരുത്തര്‍ക്കും പെപിതയെ നന്നായി അറിയാമെന്നത് അവര്‍ ക്ഷേത്രത്തോട് കാണിച്ച വിശ്വാസത്തിലും സ്നേഹത്തിലും കൂടിയാണ് വ്യക്തമാകുന്നത്.

തൃശൂരില്‍ സ്ഥിര താമസമാക്കി തോന്നുമ്പോഴെക്കെ ഗുരുവായൂരില്‍ ഓടിയെത്താമല്ലോ എന്ന കാരണം കൊണ്ട് കൂടിയാണ് എന്നും പെപിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. തെയ്യം അടക്കമുള്ള കലകളെ അടുത്തറിയാന്‍ ലഭിച്ച ഒരവസരവും ഈ വനിതാ പാഴാക്കിയിട്ടില്ല. ഒരു വിദേശിയെന്ന നിലയില്‍ ഇന്ത്യയില്‍ എവിടെയും തനിക്ക് വേറിട്ട സമീപനം നേരിടേണ്ടി വന്നിട്ടില്ല എന്ന് പറയുന്ന പെപിത കേരളത്തില്‍ താമസം ഉറപ്പിക്കാന്‍ കാരണം ക്ഷേത്രങ്ങളുടെ ആധിക്യവും പ്രകൃതി രമണീയതയും കൊണ്ടുമാണ്. കേരളത്തെ കുറിച്ച് ഒന്ന് പറയാന്‍ ചോദിച്ചാല്‍ ഒരു നൂറു നാവിലാകും പെപിത അതിനുള്ള ഉത്തരം നല്‍കുക.

താന്‍ എങ്ങനെ ഗുരുവായൂരിലേക്ക് വശീകരിക്കപ്പെട്ടു എന്ന ചോദ്യത്തിന് തനിയ്ക്ക് തന്നെ ഉത്തരമില്ലെന്നാണ് കഴിഞ്ഞ ദിവസം വരെ ബ്രിട്ടീഷുകാരി ആയിരുന്ന ഈ വനിതയ്ക്ക് പറയാനാവുക. പെപിതയെ ഇന്ത്യന്‍ മാധ്യമങ്ങള്‍ നിരവധി തവണ അഭിമുഖം എടുത്തു അവരുടെ ഇന്ത്യയോടുള്ള പ്രണയം ലോകത്തെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രകലകളെ കുറിച്ച് പെപിത നടത്തിയ പഠനങ്ങള്‍ പലതും ലോക നിലവാരം പുലര്‍ത്തുന്നതാണ്.

ക്ഷേത്ര പഠനത്തില്‍ ആഴത്തില്‍ അറിവ് നേടുകയും അത് വരും തലമുറയ്ക്കായി ഗ്രന്ഥം ആക്കുകയും ചെയ്തതിനാണ് രാജ്യം അവരെ പദ്മശ്രീ നല്‍കി ആദരിച്ചത്. ലണ്ടനിലെ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ റിച്ചാര്‍ഡ് ബാര്‍ട്ടന്‍ അവാര്‍ഡും പെപിതയെ തേടി എത്തിയത് ഏതാനും വര്‍ഷം മുന്‍പാണ്.

''തന്റെ കാര്യത്തില്‍ ദൈവത്തിനു വിലാസം തെറ്റിപ്പോയി , അല്ലെങ്കില്‍ ഇംഗ്ലണ്ടില്‍ ജനിക്കില്ലായിരുന്നു''

കേരളത്തില്‍ ജീവിക്കാന്‍ ഇടയായ സാഹചര്യം എന്തെന്ന് ചോദിച്ചാല്‍ തന്റെ ജനനം ഇംഗ്ലണ്ടില്‍ ആക്കിയത് ദൈവത്തിന്റെ കൈപ്പിഴ എന്നാണ് വലിയ ചിരിയോടെ പെപിത ഉത്തരം നല്‍കുക. ഓരോ ജന്മത്തിനും ഒരു വിലാസം ഉണ്ടെങ്കില്‍ ദൈവത്തിനു എന്തോ കൈപ്പിഴ പറ്റിയാണ് അത് ഇംഗ്ലണ്ടിലാക്കിയത് എന്നാണ് പെപിത പറയുക. താന്‍ അവിടെയല്ല ഇവിടെയാണ് ജനിക്കേണ്ടിയിരുന്നത്. അത് മാറിപ്പോയപോള്‍ തന്നെ ഇവിടെ എത്തിച്ചതും അതേ ദൈവിക ശക്തി തന്നെ ആയിരിക്കണം. രണ്ടാം ലോക മഹായുദ്ധ ശേഷം ബ്രിട്ടന്റെ മുഴുവന്‍ ദൈന്യതയും കണ്ട ബാല്യ, കൗമാരം ആയിരുന്നു പെപിതയുടേത്.

യുദ്ധശേഷം അച്ഛന്‍ നാവിക സേന ജോലി ഉപേക്ഷിച്ചു കൃഷിയിടം വാങ്ങിയതോടെ തങ്ങള്‍ കുടുംബം ഒന്നാകെ സാഫോക്കില്‍ കൃഷിപ്പണിക്ക് ഇറങ്ങിയായതൊക്കെ പെപിതയ്ക്ക് ഇന്നലെ എന്ന പോലെ ഓര്‍മ്മയുണ്ട്. തന്നെ ഒരു സെക്രട്ടറി ജോലിക്ക് ഉതകും വിധം പരുവപ്പെടുത്താനാണ് കുടുംബം ശ്രമിച്ചത്. സെക്കണ്ടറി സ്‌കൂള്‍ പൂര്‍ത്തിയാക്കും മുന്‍പേ പഠനം നിര്‍ത്തി. സിനിമയാണ് തന്നെ ആകര്‍ഷിച്ചത്. താന്‍ ആ വഴിക്കാണ് യാത്ര തുടങ്ങിയതും. ചെറിയ ജോലികളും സിനിമ ജോലികളും ഒക്കെ ചെയ്തു. ഒപ്പം മാതാപിതാക്കളെയും സഹായിച്ചു. എന്നാല്‍ ഒന്നിലും ഉറച്ചു നിന്നില്ല. കാരണം ഞാനറിയാതെ കേരളം എന്നെ വിളിക്കുന്നുണ്ടായിരുന്നു. ഇന്ന് യുകെയില്‍ എനിക്കാരുമില്ല. മാതാപിതാക്കളും അനുജനും ഒക്കെ മരിച്ചു കഴിഞ്ഞിരിക്കുന്നു.

താന്‍ പൂര്‍ണമായും ഒരു മലയാളി ആയി മാറിക്കഴിഞ്ഞിരിക്കുന്നു. താന്‍ തിരഞ്ഞെടുത്ത ജീവിതം തന്നെ പൂര്‍ണമായും സംതൃപ്തയാക്കിയിരിക്കുന്നു എന്ന് പെപിത പറയുന്നതും നൂറു ശതമാനം ആത്മാര്‍്ഥതയോടെയാണ്. കേരളം വിട്ടു ആളുകള്‍ യുകെയിലേക്ക് പോകുന്നതിനെക്കുറിച്ചു ചോദിച്ചാല്‍ പെപിത പറയുക ഒരു തത്വജ്ഞാനിയെ പോലെയാണ്. അവര്‍ക്ക് അതിനാകും നിയോഗം എന്ന ഈ വാക്കുകളില്‍ അതിനുള്ള ഉത്തരവുമുണ്ട്.