തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് വിലവർധന. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും.

അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്. ഒരു ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുന്നത്. ഒരു വർഷം 750 കോടി രൂപയാണ് സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.

പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസായി രണ്ടുരൂപ കൂടുമ്പോൾ ഇന്ധനത്തിന് ഏറ്റവും കൂടുതൽ വില നൽകേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. പെട്രോൾ ലീറ്ററിന് ഏകദേശം 110 രൂപയും ഡീസലിന് 99 രൂപയുമായി തെലങ്കാനയും ആന്ധ്രപ്രദേശുമാണ് ഇപ്പോൾ മുന്നിൽ.

തിരുവനന്തപുരത്ത് ഇപ്പോൾ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. രണ്ട് രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപയിലേക്കും ഡീസൽ വില 99 രൂപയിലേക്കുമെത്തും.

ബെംഗളൂരുവിൽ പെട്രോൾ വില തിരുവനന്തപുരത്തേക്കാൾ ഏകദേശം 7 രൂപ കുറവാണ് (ഇന്നത്തെ വില -101.4). ഡീസൽ വിലയിലെ കുറവ് 8.96 രൂപ (87.89). കഴിഞ്ഞ നവംബറിൽ കർണാടക വിൽപന നികുതി കുറച്ചതോടെ വാറ്റ് വിഹിതം 35 ശതമാനത്തിൽ നിന്ന് 25.9% ആയി കുറച്ചിരുന്നു.

ചെന്നൈയിൽ പെട്രോൾ വില തിരുവനന്തപുരത്തെക്കാൾ 5.37 രൂപ കുറവാണ് (102.63). ഡീസലിന് 2.55 രൂപയാണ് കുറവ് (94.24). ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് അവതരിപ്പിച്ച ബജറ്റിൽ പെട്രോൾ വിലയിൽ 3 രൂപ കുറച്ചു.

മുംബൈയിലും പെട്രോൾ വില തിരുവനന്തപുരത്തേക്കാൾ 1.69 രൂപ കുറവാണ് (106.31) . ഡീസലിന് 2.52 രൂപ (94.27) കുറവ്. മഹാരാഷ്ട്ര സർക്കാർ 6 മാസം മുൻപ് പെട്രോളിന്റെ സെസ് 5 രൂപയും ഡീസലിന്റേത് 3 രൂപയും കുറച്ചിരുന്നു. കൊൽക്കത്തയിൽ തിരുവനന്തപുരത്തേക്കാൾ 1.70 രൂപ കുറവാണ് പെട്രോൾ വില (106.03). ഡീസലിന് 4.03 രൂപയാണ് കുറവ് (92.76)

റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില കുതിച്ചപ്പോൾ രാജ്യത്തെ ഇന്ധനവില പിടിച്ചു നിർത്താൻ 2022 മേയിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചിരുന്നു. തമിഴ്‌നാട്, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക തുടങ്ങിയ പല സംസ്ഥാനങ്ങളും നികുതിയിൽ വൻ കുറവു വരുത്തി. ഇന്ധനവില ഏറ്റവും ഉയർന്നു നിന്നിരുന്ന രാജസ്ഥാനും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതോടെ വില കുറഞ്ഞു.

കേരളവും തെലങ്കാനയും അപ്പോഴും നികുതി കുറച്ചില്ല. കഴിഞ്ഞ 6 വർഷമായി നികുതി കൂട്ടിയിട്ടില്ലെന്ന ന്യായീകരണമാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. കഴിഞ്ഞ 2 വർഷത്തിനിടെ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് എക്‌സൈസ് നികുതിയിനത്തിൽ കേന്ദ്രസർക്കാർ കുറച്ചത്. ഇതിന് ആനുപാതികമായ കുറവു മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനത്ത് ഏകദേശം 51 ലക്ഷം ലീറ്റർ പെട്രോളും 63 ലക്ഷം ലീറ്റർ ഡീസലുമാണ് ഒരു ദിവസം വിൽക്കുന്നത്. പെട്രോളിന് 32.03 ശതമാനമാണ് കേരളം നികുതിയായി ഈടാക്കുന്നത്. ഡീസലിന് 23.84 ശതമാനമാണ് സംസ്ഥാന നികുതി. ഇതിനുപുറമെ നിലവിൽ കിഫ്ബിക്കായി ഒരു രൂപ സെസ് ഇനത്തിൽ ഈടാക്കുന്നുണ്ട്. ഇതിനുപുറമേയാണ് രണ്ട് രൂപ കൂടി ഈടാക്കാനുള്ള തീരുമാനം. ഏപ്രിൽ മുതൽ 2 രൂപ സെസ് എങ്ങനെ ഈടാക്കണമെന്ന് ഇന്ധന കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകും. നിലവിൽ ഇന്ധന കമ്പനികൾക്ക് ഇതു സംബന്ധിച്ചു വ്യക്തതയില്ല. 4500 കോടിയോളം രൂപയാണു പ്രതിമാസം ഇന്ധന നികുതിയിനത്തിൽ നിലവിൽ ഖജനാവിലെത്തുന്നത്.

ഇന്ധനവില കൂടിയാൽ ബസ് നിരക്ക്, ഓട്ടോക്കൂലി, ടാക്‌സി നിരക്ക്, പച്ചക്കറി- പലവ്യഞ്ജന വില തുടങ്ങിയവയെല്ലാം വർധിക്കും. ഈ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ തന്നെ ബജറ്റിൽ പ്രഖ്യാപിച്ച 2000 കോടി കൊണ്ടു കഴിയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. 750 കോടി വരുമാനം പ്രതീക്ഷിച്ച് ഇന്ധന സെസ് ഏർപ്പെടുത്തിയ സർക്കാർ, വിലക്കയറ്റം നേരിടാനായി പ്രഖ്യാപിച്ച 2000 കോടിയിൽനിന്ന് 750 കോടി എടുത്തിട്ട് ഇന്ധന വിലക്കയറ്റം ഒഴിവാക്കിയാൽ പോരായിരുന്നോ എന്ന ചോദ്യം ഉയർത്തുന്നവരുമുണ്ട്.

പെട്രോൾ വില (കൊച്ചിയിലെ വില, 1000 ലീറ്ററിന്റെ വില അടിസ്ഥാനമാക്കി)

അടിസ്ഥാനവില 57,467.54
എക്‌സൈസ് ഡ്യൂട്ടി19,900
ഗതാഗത ചെലവ്148
ടാക്‌സബിൾ വാല്യു77,515.54
സ്റ്റേറ്റ് ടാക്‌സ്23,316.67
എഎസ്ടി1000 (കിഫ്ബിയിലേക്ക്)
സെസ്243.17
കമ്മിഷനു മുൻപുള്ള തുക 1,02,075.38
കമ്മിഷൻ3514.63
റീട്ടൈയിൽ വില1,05,590.01
ഒരു ലീറ്ററിന്105.59

ഡീസൽവില (കൊച്ചിയിലെ വില)

അടിസ്ഥാനവില58272.66
എക്‌സൈസ് ഡ്യൂട്ടി15800
ഗതാഗത ചെലവ്148
ടാക്‌സബിൾ വാല്യു74220.66
സ്റ്റേറ്റ് ടാക്‌സ്16892.62
എഎസ്ടി1000(കിഫ്ബിയിലേക്ക്)
സെസ്178.93
കമ്മിഷനു മുൻപുള്ള തുക 92292.21
കമ്മിഷൻ2237.79
റീട്ടൈയിൽ വില94530
ഒരു ലീറ്ററിന്94.53