ന്യൂഡൽഹി: ആദായ നികുതി റെയ്ഡുമായി പൂർണമായി സഹകരിക്കുന്നുവെന്ന് ബിബിസി ന്യൂസ്. ബിബിസിയുടെ ന്യൂഡൽഹി, മുംബൈ ഓഫീസുകളിലാണ് പരിശോധന. ' ആദായ നികുതി അധികൃതർ നിലവിൽ ന്യൂഡൽഹി, മുംബൈ ബിബിസി ഓഫീസുകൾ പരിശോധിക്കുകയാണ്. അവരുമായി പൂർണമായി സഹകരിക്കുന്നു. വളരെ വേഗം ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു', ട്വിറ്ററിൽ ബിബിസി പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിനെ തുടർന്നുള്ള വിവാദം കെട്ടണയും മുമ്പേയാണ് റെയ്ഡ്. നേരത്തെ വിദേശ കാര്യ മന്ത്രാലയം, ഡോക്യുമെന്ററി വസ്തുനിഷ്ഠമല്ലെന്നും കുപ്രചാരണമെന്നും ആരോപിച്ചിരുന്നു.

രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. സർവേ എന്നാണ് വകുപ്പ് ഇതിനെ വിശേഷിപ്പിച്ചത് എന്ന കൗതുകവുമുണ്ട്. ഡൽഹി കെജി മാർഗിലെയും മുംബൈ കലിന സാന്താക്രൂസിലെയും ബിബിസി ഓഫീസുകളിലായിരുന്നു പരിശോധന. ഓഫീസ് സമുച്ചയത്തിന് ഉള്ളിൽ പ്രത്യേക സ്ഥലത്ത് ഫോണുകൾ നിക്ഷേപിക്കാൻ ബിബിസി ജീവനക്കാരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. അക്കൗണ്ട്‌സ്, ഫിനാൻസ് വകുപ്പുകളിലെ ചില ജീവനക്കാരുടെ ലാപ്‌ടോപ്പുകളും, മൊബൈലുകളും വിശദമായി പരിശോധിച്ച ശേഷം മടക്കി നൽകും.

ലണ്ടൻ ആസ്ഥാനമായുള്ള ബിബിസിയുടെ ബിസിനസ് ഓപ്പറേഷൻസുമായി ബന്ധപ്പെട്ട രേഖകളാണ് ആദായ നികുതി വകുപ്പ് തിരയുന്നത്. ബിബിസി ഉപകമ്പനികളുടെ അന്താരാഷ്ട്ര നികുതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

കമ്പനിയുടെ ബിസിനസ് ഓഫീസ് സമുച്ചയത്തിൽ മാത്രമേ പരിശോധനയുള്ളു. കമ്പനിയുടെ പ്രമോട്ടർമാരുടെയോ, ഡയറക്ടർമാരുടോയെ വസതികളിലോ ഓഫീസുകളിലോ സർവേ ഇല്ലെന്നാണ് വകുപ്പിന്റെ അവകാശവാദം.

നേരത്തെ ബിബിസിക്കും, ബിബിസി ഇന്ത്യക്കും വിലക്ക് ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

ന്യായീകരിച്ച് ബിജെപി

അതേസമയം ബിബിസി ഓഫീസിലെ റെയ്ഡിനെ ബിജെപി ന്യായീകരിച്ചു. ബിബിസി എന്നത് ബ്രഷ്ട് ബക്വാസ് കോർപ്പറേഷൻ എന്ന് ബിജെപി പരിഹസിച്ചു. അഴിമതി നിറഞ്ഞ സ്ഥാപനമാണ് ബിബിസി. സർക്കാർ ഏജൻസികൾ ഇപ്പോൾ കൂട്ടിലടച്ച തത്തയല്ല. കേന്ദ്ര ഏജൻസികൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

ഇന്ത്യയിലെ നിയമം പാലിക്കാൻ ബിബിസി ബാധ്യസ്ഥരാണ്. കേന്ദ്ര ഏജൻസികളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കൂ എന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു. കോൺഗ്രസ് ഇപ്പോൾ ദേശവിരുദ്ധ സംഘടനകൾക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും ബിജെപി വക്താവ് ആരോപിച്ചു.

വിനാശ കാലേ വിപരീത ബുദ്ധിയെന്ന് പ്രതിപക്ഷം

ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് ആരോപിച്ചു. വിനാശകാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.

അദാനി വിഷയത്തിൽ ഒളിക്കാനൊന്നും ഇല്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ കേന്ദ്രസർക്കാർ ഒളിച്ചോടുകയാണ്. പ്രതിപക്ഷം അദാനി വിഷയം ഉന്നയിക്കുമ്പോൾ കേന്ദ്രം ബിബിസിക്ക് പിന്നാലെ പോകുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു.

ബിബിസി ഓഫീസ് റെയ്ഡിനെ പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ആദ്യം ബിബിസി ഡോക്യുമെന്ററി നിരോധിക്കും. എന്നാൽ അദാനിക്കെതിരായ ആരോപണത്തിൽ ഒരന്വേഷണവുമില്ല. ഇപ്പോൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസി ഓഫീസുകളിൽ. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്. യെച്ചൂരി ട്വീറ്റിൽ പരിഹസിച്ചു. ബിബിസി ഓഫീസിലെ റെയ്ഡ് കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി പ്രതികരിച്ചു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും റെയ്ഡിനെ വിമർശിച്ചു. 'ബിബിസിയിലെ റെയ്ഡ് പ്രത്യയശാസ്ത്ര അടിയന്തരാവസ്ഥ' പ്രഖ്യാപനമാണ് എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.