ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി സമാഹരിക്കാൻ പൊതുജനസഹായം തേടി അമ്മ പ്രേമകുമാരി. 2017 ൽ യെമനി പൗരൻ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. യെമനിൽ നിന്ന് പാലക്കാട്ടെ മാധ്യമപ്രവർത്തകരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുമ്പോഴാണ് പ്രേമകുമാരി അടിയന്തര ധനസമാഹരണ സഹായം തേടിയത്.

കഴിഞ്ഞ വർഷം നവംബറിൽ നിമിഷപ്രിയയുടെ അപ്പീൽ തള്ളിയ യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഉടൻ തന്നെ അന്തിമ നടപടി സ്വീകരിക്കുമെന്നാണ് പ്രേമകുമാരിയുടെ ആശങ്ക. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകുക മാത്രമാണ് പോംവഴിയെന്നും അവർ പറഞ്ഞു.

സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളും വർഷങ്ങളായി നടത്തുന്ന ശ്രമഫലമായാണ് ജിബൂട്ടിയിലെ ഇന്ത്യൻ ഏംബസി യെമനിയായ ഒരാളെ അഭിഭാഷകനായി നിയോഗിച്ചത്. യെമനി ഗോത്ര നിയമപ്രകാരം ഗോത്രതലവന്മാർക്ക് മാത്രമേ തലാൽ മെഹ്ദിയുടെ കുടുംബവുമായി മധ്യസ്ഥ ചർച്ച നടത്താൻ കഴിയൂ.

ഇന്ത്യയ്ക്ക് യെമനിൽ നയതന്ത്രപ്രതിനിധികൾ ഇല്ലാത്തത് കാരണം തലാൽ മെഹ്ദിയുടെ കുടുംബവുമായി നേരിട്ട് മധ്യസ്ഥ ചർച്ച നടത്താൻ കഴിയില്ല. അതുകൊണ്ട് മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാകുന്ന ഗോത്രത്തലവന്മാരെ കണ്ടെത്തുകയാണ് ജിബൂട്ടി ഏംബസി ചുമതലപ്പെടുത്തിയ യെമനി അഭിഭാഷകന്റെ ചുമതല.

ഫണ്ട് ശേഖരണത്തിന് തുടക്കമിട്ട് ആക്ഷൻ കൗൺസിൽ

നിമിഷ പ്രിയയുടെ മോചനത്തിന് ആക്ഷൻ കൗൺസിൽ ഫണ്ട് ശേഖരണത്തിനിറങ്ങി. യെമനിലെ മധ്യസ്ഥ ശ്രമത്തിലൂടെ മോചനം സാധ്യമാക്കുകയാണ് ലക്ഷ്യം. നെന്മാറ എംഎൽഎ കെ.ബാബുവിന്റെ നേതൃത്വത്തിൽ മൂന്ന് കോടിയുടെ ബ്ലഡ് മണി കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിലിന്റെ ഭാരവാഹികളായ എ.കെ.മൂസ, കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ അറിയിച്ചു. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കു പിന്തുണ നൽകണമെന്നു യെമനിൽ തുടരുന്ന പ്രേമകുമാരിയും ആക്ഷൻ കൗൺസിലിനെ സഹായിക്കുന്ന സാമുവൽ ജെറോമും ആവശ്യപ്പെട്ടു.

ബ്ലഡ് മണി മൂന്നുകോടിയോളം വേണ്ടി വരുമെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ കണക്കാക്കുന്നത്. ഗോത്രത്തലവന്മാരുമായി ആശയവിനിമയം നടത്താൻ അടിയന്തരമായി 25 ലക്ഷവും, അവർ വഴി മാപ്പപേക്ഷ നൽകാൻ മറ്റൊരു 25 ലക്ഷവും ഉടനടി വേണ്ടി വരും. അതായത് മധ്യസ്ഥ ചർച്ച തുടങ്ങി വയ്ക്കാൻ തന്നെ 50 ലക്ഷം വേണ്ടി വരും. ഈ തുക സമാഹരിക്കാനാണ് പൊതുജന സഹായം തേടിയത്. യമനിലെ ഗോത്രരീതി അനുസരിച്ച് ഗോത്ര തലവന്മാരും പണ്ഡിത സഭയ്ക്കും മാത്രമേ കുടുംബവുമായി സന്ധി സംഭാഷണത്തിന് കഴിയൂ. ഇതിന്റെ രണ്ടു ഘട്ടങ്ങളിലേക്കാണ് മൂന്ന് കോടി വേണ്ടത്. 500 രൂപ വച്ച് ഫണ്ട് നൽകി 60,000 പേർ സഹായിച്ചാൽ വളരെ വേഗത്തിൽ 3 കോടി കണ്ടെത്താൻ കഴിയുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

തലാൽ മെഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അതിനുള്ള സാധ്യതകൾ തെളിയുമെന്നാണ് പ്രതീക്ഷ. മകളെ കാണാനും ജയിൽ മോചനം സാധ്യമാക്കാനും യെമൻ തലസ്ഥാനമായ സനയിലേക്ക് പ്രേമകുമാരി ഏപ്രിലിലാണ് പോയത്.

അക്കൗണ്ട് വിവരങ്ങൾ:

പേര്: SAVE NIMISHAPRIYA INTERNATIONAL ACTION COUNCIL

കറണ്ട് അക്കൗണ്ട് നമ്പർ: 00000040847370877. IFSC Code: SBIN0000893, SBI PALAKKAD.

സംഭവങ്ങൾ ഇതുവരെ:

ഏപ്രിൽ 24 ന്, 12 വർഷത്തിന് ശേഷം നിമിഷ പ്രിയ അമ്മയെ കണ്ടിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജറോമിനുമൊപ്പമാണു നിമിഷയെ പ്രേമകുമാരി ജയിലിലെത്തി കണ്ടത്. 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഹൂതികൾക്ക് മുൻതൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലിൽ കഴിയുന്നത്.

മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് നേരത്തേ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഡൽഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെയാണ് ആക്ഷൻ കൗൺസിൽ മുൻകൈയെടുത്ത് വിസ തരപ്പെടുത്തിയത്. കിഴക്കമ്പലത്തെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് പ്രേമകുമാരി.

നിമിഷപ്രിയയും സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത് യെമനിലെ സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഈ സാഹചര്യത്തിൽ യെമൻ പൗരന്റെ കുടുംബത്തെ കാണാനുള്ള പ്രേമകുമാരിയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി അനുവദിക്കുകയായിരുന്നു.

കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.

ബിസിനസ്സിന് കൂടുതൽ പണം ആവശ്യമുള്ളതിനാൽ നിമിഷയും ഭർത്താവും മിഷേൽ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടിൽ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമൻ-സൗദി യുദ്ധത്തെ തുടർന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയിൽ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താൻ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. പാസ്‌പോർട്ട് തട്ടിയെടുത്തു. സ്വർണമെടുത്ത് വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ മഹ്ദി മർദനത്തിനിരയാക്കി. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്‌പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും കണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.

വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ 2020ൽ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുഖേന യെമൻ സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല. സുപ്രീംകോടതിയും നിമിഷപ്രിയക്ക് എതിരായാണ് വിധി പുറപ്പെടുവിച്ചത്.