വത്തിക്കാൻ സിറ്റി: കാലം ചെയ്ത പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന് വിട ചൊല്ലി ലോകം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന അന്ത്യകർമ ശുശ്രൂഷകൾക്ക് ശേഷം മാർപാപ്പയുടെ മൃതദേഹം ബസിലിക്കയുടെ നിലവറയിലടക്കി. അന്ത്യകർമ ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് മുഖ്യകാർമികത്വം വഹിച്ചത്.

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചത്. ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പയാണ്. മുട്ടുവേദനയുള്ളതിനാൽ കസേരയിൽ ഇരുന്നാണ് അദ്ദേഹം പങ്കെടുക്കുന്നത്. വീൽ ചെയറിൽ ആയിരുന്നു അദ്ദേഹം സ്ഥലത്ത് എത്തിയത്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ ആദ്യം അടക്കം ചെയ്തിരുന്ന കല്ലറതന്നെയാണ് ബനഡിക്ട് പാപ്പായ്ക്കും ഒരുക്കിയിരിക്കുന്നത്. തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിൽ തനിക്കും അന്ത്യവിശ്രമ സ്ഥാനം ഒരുക്കണമെന്ന ബനഡിക്ട് പാപ്പായുടെ അന്ത്യാഭിലാഷം പരിഗണിച്ചാണ് ഈ നടപടി.

ആധുനിക കാലഘട്ടത്തിൽ ഇതാദ്യമായാണ് ഒരു എമരിറ്റസ് മാർപാപ്പയുടെ മൃതസംസ്‌കാരം നടക്കുന്നത്. സംസ്‌കാര ശുശ്രൂഷകൾ ലളിതമായിരിക്കണമെന്ന് ബനഡിക്ട് പാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.പ്രാദേശിക സമയം പുലർച്ചെ നാലു മണിമുതൽ ആയിരക്കണക്കിനുപേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വത്തിക്കാൻ മേഖലയിലേക്ക് എത്തിയിരുന്നു. 1000ൽ അധികം ഇറ്റാലിയൻ സുരക്ഷാ സേനയെയാണ് ചടങ്ങിലെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

ലക്ഷക്കണക്കിന് ആളുകളാണ് മാർപാപ്പയ്ക്ക് ആദരമർപ്പിക്കാൻ ഇന്ന് എത്തിയത്. ചടങ്ങിന് സാക്ഷിയായി വിവിധ ലോകനേതാക്കളും എത്തിയിരുന്നു. ആയിരത്തിലധികം ഇറ്റാലിയൻ സുരക്ഷാ സേനയെയാണ് ചടങ്ങിലെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ഇറ്റലിയുടെ പതാക ഇന്ന് പകുതി താഴ്‌ത്തിക്കെട്ടി.

ഇറ്റലി, ജർമനി, ബെൽജിയം തുടങ്ങി 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കർദിനാൾ തിരുസംഘം ഡീൻ ജൊവാന്നി ബത്തിസ്തറെ കുർബാന അർപ്പിക്കും. 120 കർദിനാൾമാരും 400 ബിഷപ്പുമാരും ചടങ്ങിൽ പങ്കെടുത്തു.

സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ഫിലിപ്പ് നേരി ഫെറാവോ, ആന്റണി പൂല, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് എന്നിവർ സംസ്‌കാര ശുശ്രൂഷയിൽ സംബന്ധിച്ചു.