- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ നിലനിൽക്കുന്നത് നിത്യബ്രഹ്മചാരി സങ്കൽപം; യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്, ആ ചട്ടം മാറ്റിയിട്ടില്ല; അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ വേണ്ട; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാവില്ല; യുവതീ പ്രവേശനത്തിൽ പറഞ്ഞത് വിശദീകരിച്ച് ജി. സുധാകരൻ
ആലപ്പുഴ: ശബരിമലയിൽ നിത്യബ്രഹ്മചാരി സങ്കൽപ്പമുള്ളതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തതെന്ന് മുൻ ദേവസ്വം മന്ത്രി ജി സുധാകരൻ. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ വേണ്ട. ശബരിമലയിൽ യുവതികളെ വിലക്കി ചട്ടമുണ്ട്. ആ ചട്ടം മാറ്റിയില്ലെന്നും സുധാകരൻ പറഞ്ഞു. തന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ വിശദീകരിക്കുകയാണ് അദ്ദേഹം.
50 വയസിന് മുകളിലുള്ളവർക്ക് ശബരിമലയിൽ പോകാൻ നിലവിൽ അനുമതി ഉണ്ട്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോരുന്ന കാര്യമാണെന്നും സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം 50 വയസ് കഴിഞ്ഞ സ്ത്രീകളേ ശബരിമലയിൽ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു. ഇത് വാർത്തയായി വന്നതിന് പിന്നാലെയാണ് സുധാകരന്റെ വിശദീകരണം.
''ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുത് എന്നതാണ് ചട്ടം. അത് മാറിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി കുറച്ചിട്ടില്ല. ശബരിമലയിൽ പ്രതിഷ്ഠ നിത്യബ്രഹ്മചാരി സങ്കൽപത്തിൽ ആയതുകൊണ്ടാണ് അത്. ഇതെല്ലാം നമ്മൾ അംഗീകരിച്ചു പോന്ന കാര്യമാണ്. അത് മാറ്റി?പ്പറയേണ്ടതോ, അട്ടിമറിക്കേണ്ടതോ അല്ല''-എന്നാണ് ഇതിന് മറുപടിയായി ജി. സുധാകരൻ മാധ്യമങ്ങളോട് വിശദീകരിച്ചത്.
2006-ലെ വി എസ് സർക്കാരിൽ ഞാൻ ദേവസ്വം മന്ത്രിയായിരുന്നു. അന്ന് എല്ലാവരോടുമായി ആലോചിച്ച് പുതിയ ദേവസ്വ നിയമം കൊണ്ടുവന്നു. ആ ചട്ടം രാജ്യത്ത് പുതിയൊരു നിയമം കൊണ്ടുവന്നപ്പോഴും മാറ്റിയില്ല. സ്ത്രീയെ വെച്ചപ്പോൾ അവരുടെ വയസ് 60 ആക്കി. മലബാർ ദേവസ്വം ബോർഡിൽ രണ്ടു സ്ത്രീകൾക്കാണ് ജോലി കൊടുത്തത്. അതും 60 ആണ്. അവിടെ പ്രായവ്യത്യാസമില്ലാതെ മിക്ക ക്ഷേത്രങ്ങളിലും കയറാമെന്നും സുധാകരൻ പറഞ്ഞു.
ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമായി തള്ളികളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഒരു ജീവി പിറന്ന് വീഴുമ്പോൾ ആ സമയത്തെ സോളാർ സിസ്റ്റം അത് ഈ വ്യക്തിയെ സ്വാധീനിക്കുമെന്നാണ് അവർ പറയുന്നത്. സ്വാധീനിക്കില്ലാ എന്ന് എനിക്ക് പറയാൻ പറ്റുമോ.. അവർ പറഞ്ഞത് അന്ധവിശ്വാസമൊന്നും അല്ല. പ്രപഞ്ചത്തിന്റെ ചലനം ജനിച്ചുവീഴുന്ന കുഞ്ഞിനെ സ്വാധീനിക്കുമെന്ന് അവർ പറയുന്നു. അതിനെ അന്ധവിശ്വാസമായി തള്ളാൻ പറ്റില്ല', സുധാകരൻ വ്യക്തമാക്കി.
കുറച്ചുകമായി സിപിഎമ്മിൽ ഇടഞ്ഞു നിൽക്കുകയാണ് സുധാകരൻ. മുമ്പ് യുവതികൾ ദർശനം നടത്തിയതിന് നട അടച്ച ശബരിമല തന്ത്രിയെ രൂക്ഷമായി വിമർശിച്ച മന്ത്രിയായിരുന്നു അദ്ദേഹം. ''തന്ത്രി ബ്രാഹ്മണ രാക്ഷസനാണ്. ജാതി പിശാചിന്റെ പ്രതീകമാണ്. സ്ത്രീയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളാണ്. സ്ഥാനമൊഴിയുന്നതാണ് ന്യായം.'' -ഇതായിരുന്നു സുധാകരന്റെ വർഷങ്ങൾക്ക് മുമ്പുള്ള അഭിപ്രായം. എന്നാൽ അധികാരം പോയി. വീട്ടിൽ വായനയും കവിത എഴുത്തുമായി ഇരിക്കുകയാണ് ഇന്ന് സുധാകരൻ. ഇതോടെയാണ് അദ്ദഹം മുൻനിലപാട് തിരുത്തുന്നതും.
മറുനാടന് മലയാളി ബ്യൂറോ