ആലപ്പുഴ: അപമാനിക്കൽ തിരിച്ചറിഞ്ഞ് ജി സുധാകരന്റെ പ്രതിഷേധം. അവാർഡ് ദാന ചടങ്ങ് തുടങ്ങാൻ വൈകിയതിനെ തുടർന്നായിരുന്നു മുൻ മന്ത്രിയുടെ പ്രതിഷേധം. പിന്നിൽ സിപിഎമ്മിൽ തന്നെ പിറകിൽ നിന്ന് കുത്തിയവരാണെന്ന് സുധാകരൻ തിരിച്ചറിഞ്ഞു കാണണം. ചടങ്ങിന് കൃത്യസമയത്തെത്തി കാത്തിരുന്ന സുധാകരൻ തിരികെ പോയി. സി.ബി.സി. വാരിയർ അനുസ്മരണ പരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്നാണ് സുധാകരൻ തിരികെ പോയത്. ഹരിപ്പാട്ടെ ചടങ്ങ് ശനിയാഴ്ച രാവിലെ 10നു തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.

പത്തരയായിട്ടും ഉദ്ഘാടകയായ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത എത്തിയില്ല. അപ്പോഴേക്കും ചാരുംമൂട്ടിൽ ഒരു പരിപാാടിയിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ച് സുധാകരൻ തിരികെ പോയി. സി.ബി.സി.വാരിയർ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കു സമ്മാനിക്കുകയായിരുന്നു സുധാകരന്റെ ചുമതല. വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കേണ്ട മന്ത്രി സജി ചെറിയാനും ചടങ്ങിന് എത്തിയില്ല. അധ്യക്ഷനാകേണ്ട സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും സമയത്ത് എത്തിയില്ല. സിപിഎമ്മുമായി അകൽച്ചയിലാണ് സുധാകരൻ. ആലപ്പുഴയിലെ നേതൃത്വത്തിന് സുധാകരനോട് തീരെ താൽപ്പര്യവുമില്ല. ഇതെല്ലാം ഈ ചടങ്ങിൽ പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തൽ.

മന്ത്രി സജി ചെറിയാനായിരുന്നു ഒരു ആലപ്പുഴയിൽ ഒരു കാലത്ത് സുധാകരന്റെ വിശ്വസ്തൻ. എന്നാൽ സുധാകരനുമായി തെറ്റിയ സജി ചെറിയാൻ ആലപ്പുഴയിൽ സ്വന്തം ഗ്രൂപ്പുണ്ടാക്കി. നാസറിനെ ജില്ലാ സെക്രട്ടറിയുമാക്കി. ജില്ലാ സെക്രട്ടറിയായ നാസറും സജി ചെറിയാനും ഇപ്പോൾ രണ്ടു ചേരിയിലാണ്. ഇതിനെല്ലാം പുറമേ സിപിഎം സംസ്ഥാന നേതൃത്വും സുധാകരനുമായി തെറ്റിലാണ്. അതുകൊണ്ട് തന്നെ ആലപ്പുഴ ജില്ലയിലെ സിപിഎം നേതാക്കളെല്ലാം സുധാകരനുമായി അകലം പാലിക്കുന്നു. ഇതെല്ലാം ഈ ചടങ്ങിലും പ്രതിഫലിച്ചുവെന്നാണ് സൂചന.

സിബിസി വാര്യർ അനുസ്മരണ പരിപാടി സമയത്ത് പരിപാടി തുടങ്ങാത്തതിൽ ദേഷ്യപ്പെട്ടാണ് ഇറങ്ങിപോയത്. 10 മണി കഴിഞ്ഞിട്ടും തുടങ്ങാതായപ്പോൾ സംഘാടകനെ വിളിച്ച് ചോദിച്ചു. എന്നിട്ടും പരിപാടി തുടങ്ങാൻ വൈകിയതോടെ ദേഷ്യപ്പെട്ട് പോവുകയായിരുന്നു. പരിപാടിയിൽ ജി സുധാകരനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. ഹരിപ്പാട് എസ് ആൻഡ് എസിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

പിണങ്ങിപ്പോയ ജി സുധാകരനെ സംഘാടകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എന്നാൽ ചാലുമ്മൂടിൽ മറ്റൊരു പരിപാടി ഉള്ളതുകൊണ്ടാണ് അദ്ദേഹം പോയതെന്നാണ് പരിപാടിയുടെ മുഖ്യസംഘാടകനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം സത്യപാലൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞത്.

ഈ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സുധാകരൻ പാർട്ടിക്കെതിരെ രംഗത്തുവന്നിരുന്നു.