കോട്ടയം: അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതിന് പിന്നാലെ ജി സുകുമാരന്‍ നായര്‍ വിവിധ കോണുകളില്‍ നിന്നും കടുത്ത ആക്രമണങ്ങള്‍ നേരിടുകയാണ്. ഈ വിഷയത്തില്‍ അടക്കം പ്രതികരിച്ചു സുകുമാരന്‍ നായര്‍ രംഗത്തുവന്നു. എന്‍എസ്എസ് മാന്യമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

നല്ലതിനെ എന്‍എസ്എസ് അംഗീകരിക്കും. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എന്‍എസ്എസിന്റെ നിലപാട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം എന്‍എസ്എസിന് ആവശ്യമില്ലെന്നുംനല്ല അടിത്തറയുള്ള സംഘടനയെ മന്നത്ത് പത്മനാഭന്‍ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.

സുകുമാരന്‍ നായരുടെ മാറില്‍ നൃത്തമാടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉളളത്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആചാരത്തിനും, അനുഷ്ഠാനത്തിനും പോറല്‍ ഏല്പിക്കുന്ന രീതിയില്‍ ഗവണ്‍മെന്റ് വന്നപ്പോഴാണ് എന്‍എസ്എസ് ശബ്ദമുയര്‍ത്തിയത്. ഇന്ന് നടന്ന വിജയദശമി സംഗമത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിഷയത്തില്‍ ഇപ്പോഴും സുപ്രീം കോടതി ഒമ്പത് അംഗ ബഞ്ചില്‍ എന്‍എസ്എസിന്റെ കേസ് ഉണ്ട്. ശബരിമലയില്‍ ആചാര അനുഷ്ടാനങ്ങള്‍ ദേവസ്വം ബോര്‍ഡ് സംരക്ഷിച്ചു വരുന്നു. ഈ സന്ദര്‍ഭത്തില്‍ ശബരിമലയില്‍ വികസനം കൂടി വേണം. അതുകൊണ്ടാണ് അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് എന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.

എന്നാല്‍ ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമം നടക്കുന്നത്. രാഷ്ട്രീയമായി സമദൂരത്തിലാണ് പക്ഷെ സമദൂരത്തില്‍ ശരിദൂരം കണ്ടെത്തി. എന്‍എസ്എസിനെ കമ്മ്യൂണിസ്റ്റും, കോണ്‍ഗ്രസ്സും, ബി ജെപിയുമാക്കാന്‍ ആരും ശ്രമിക്കരുത്. എന്‍എസ്എസ് മാന്യമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഫ്‌ളക്‌സ് വന്നതിന് പിന്നില്‍ ചില മാധ്യമങ്ങളാണ് എന്നും, ഇതിന് തെളിവുകള്‍ ഉണ്ടെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.

നേതൃത്വത്തില്‍ ഇറിക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്താല്‍ എന്‍എസ്എസിനെ തകര്‍ക്കാന്‍ കഴിയില്ല. അയ്യപ്പ സംഗമത്തിന് പിന്നാലെ വിഷയം വഷളാക്കിയത് ചാനലുകളാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ എന്താ നിഷിദ്ധരായവരാണോ? നല്ലതുമായി ആര് മുന്നോട്ടുവന്നാലും സഹകരിക്കും. നാളെയും സഹകരിക്കും. ഭരിക്കുന്ന പാര്‍ടിക്ക് അവരുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാമായിരുന്നു.

എന്നാല്‍ വിശ്വാസികളുടെ മനസറിഞ്ഞ് അവരത് ചെയ്തില്ല. ദര്‍ശനം മുന്‍കാലങ്ങളിലേതുപോലെ ആചാരമനസുരിച്ചു തന്നെ നടന്നു. എന്നാല്‍, അത് മാത്രം പോരാ, ശബരിമലയുടെ വികസനം കൂടി നടപ്പാക്കണമെന്നും അതിന് ആഗോളതലത്തില്‍ സംഗമം വിളിച്ച് തീരുമാനമെടുത്ത് മുന്നോട്ടുപോകണമെന്നും സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. പരിപാടി രാഷ്ട്രീയത്തിന് അതീതമായിരിക്കണം എന്നതായിരുന്നു എന്‍എസ്എസ് നിലപാട്. ഇക്കാര്യങ്ങള്‍ പിറ്റേന്നത്തെ പത്രങ്ങളില്‍ വി എന്‍ വാസവന്റേതായി വന്നു. എന്നാല്‍ പിണറായി വിജയന്‍ പറഞ്ഞില്ല, സുകുമാരന്‍ നായര്‍ പറഞ്ഞില്ല എന്നൊക്കെ പറഞ്ഞ് ചിലര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.