പെരുന്ന: എസ്.എന്‍.ഡി.പി. യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍.എസ്.എസ്. പിന്‍വാങ്ങിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ജി സുകുമാരന്‍ നായര്‍. ഐക്യനിര്‍ദേശത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് തീരുമാനമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യചര്‍ച്ചകള്‍ക്കിടെ വെള്ളാപ്പള്ളി നടേശന് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ 'എന്തോ തരികിട' മണക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഐക്യത്തെക്കുറിച്ച് സംസാരിക്കാന്‍ എന്‍.ഡി.എ.യുടെ കേരളത്തിലെ ചുമതലക്കാരനായ വെള്ളാപ്പള്ളിയുടെ മകനെ വിടുമെന്ന് പറഞ്ഞപ്പോഴാണ് രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഉള്ളതായി തോന്നിയത്. എന്‍.എസ്.എസിന് എന്നും സമദൂരമാണ് നയം. അത് തെറ്റിച്ചുള്ള ഒരു പോക്കുമില്ല. ബി.ജെ.പി.യുമായി ചേര്‍ന്ന് നടത്തുന്ന നീക്കമാണിതെന്ന് വിശകലനത്തില്‍ ബോധ്യപ്പെട്ടതോടെയാണ് ഡയറക്ടര്‍ ബോര്‍ഡ് ഐക്യനീക്കം വേണ്ടെന്ന് തീരുമാനിച്ചത്.

രണ്ട് പ്രബല സമുദായ സംഘടനകള്‍ എന്ന നിലയിലാണ് ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തത്. എന്നാല്‍ 21-ന് ചേര്‍ന്ന യോഗത്തിന് പിന്നാലെ ചര്‍ച്ചയ്ക്ക് അയക്കുന്നത് ബി.ജെ.പി. മുന്നണി നേതാവിനെയാണ്. ഇതിനിടെയാണ് കേന്ദ്രത്തിന്റെ പദ്മഭൂഷണ്‍ പുരസ്‌കാരം വരുന്നത്. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇടപെടല്‍ അത്ര ശുദ്ധമല്ലെന്ന് തോന്നി. പദ്മഭൂഷണ്‍ കിട്ടിയതില്‍ ആക്ഷേപമില്ല, പക്ഷേ അത് വന്ന സാഹചര്യത്തിലാണ് സംശയം. മേലാല്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം ഉണ്ടാകില്ലെന്നും സുകുമാരന്‍ നായര്‍ ഉറപ്പിച്ചു പറഞ്ഞു.

സതീശന്റേത് വര്‍ഗീയത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു. സതീശന്‍ കാട്ടുന്നത് മുഴുവന്‍ വര്‍ഗീയതയാണെന്നും സമുദായ സംഘടനകളെ വര്‍ഗീയമെന്ന് വിളിക്കാന്‍ സതീശന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണപ്പാളി കേസിലെ തന്ത്രിയുടെ അറസ്റ്റിനെ അദ്ദേഹം പിന്തുണച്ചു. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അത് തന്ത്രിയായാലും മന്ത്രിയായാലും ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി യോഗം, എന്‍എസ്എസ് ഐക്യവുമായി മുന്നോട്ട് പോകുന്നില്ലെന്ന് പെട്ടെന്ന് തീരുമാനിക്കാന്‍ 'പത്മ' അവാര്‍ഡും കാരണമായെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറയുകാണെന്നതാണ് സാരം. എന്‍എസ്എസുമായി എസ്എന്‍ഡിപി യോഗം ചര്‍ച്ച നടത്തുമെന്ന് പറഞ്ഞതിന് ശേഷം പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചാല്‍ സംശയം തോന്നാതിരിക്കുന്നത് എങ്ങനെയെന്ന് ജി സുകുമാരന്‍ നായര്‍ ചോദിക്കുന്നു. എന്‍ഡിഎ പ്രമുഖന്‍ കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എന്തോ തരികിട തോന്നി. പിന്നാലെ തങ്ങള്‍ തീരുമാനം മാറ്റിയെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

'ഐക്യ ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തന്നെയാണോ വരേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ആശയം അവരുടേതാണല്ലോ. രണ്ട് പ്രബല ഹൈന്ദവ സംഘടനകള്‍ എന്നനിലയില്‍ ഐക്യത്തെ സ്വാഗതം ചെയ്തു. യോജിക്കാവുന്ന മേഖലകളില്‍ യോജിക്കാം. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടം വരാത്തവിധം യോജിക്കാം എന്നാണ് കരുതിയത്. 21 ന് യോഗം ചേരും എന്ന് അവര്‍ പറഞ്ഞു. 21 ന് യോഗം ചേര്‍ന്നു. എന്നിട്ട് ഒത്തുതീര്‍പ്പിന് നമ്മളുമായി സംസാരിക്കാന്‍ വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെയാണ്. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം അദ്ദേഹത്തിന് കിട്ടുന്നു. അത്ര ശുദ്ധമല്ല ഇടപെടല്‍ എന്ന് തോന്നി', ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം കിട്ടിയത് തെറ്റിപ്പോയി എന്ന് പറയുന്നില്ല. ഐക്യം സംബന്ധിച്ച് പുനര്‍വിചിന്തനം ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീടാണ് ഇത് വെള്ളാപ്പള്ളി ബിജെപി യുമായി ചേര്‍ന്നുനടത്തുന്ന നീക്കമായി തോന്നിയത്. എന്‍എസ്എസിന് സമദൂരമാണ്. അത് തെറ്റിച്ച് ഒരു പോക്കുമില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം, എന്‍എസ്എസിന്റെ പിന്മാറ്റത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍. എന്‍എസ്എസ് ഐക്യത്തിന് തയ്യാറല്ലെങ്കില്‍ മറ്റ് സാമുദായിക സംഘടനകളുമായി ചേര്‍ന്ന് മുന്നോട്ട് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ക്രൈസ്തവ സംഘടനകളോ മറ്റേതെങ്കിലും സാമുദായിക സംഘടനകളോ സംഭവത്തില്‍ അനുകൂല പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല എന്നതും എസ്എന്‍ഡിപിക്ക് മുന്നില്‍ നില്‍ക്കുന്ന വലിയ വെല്ലുവിളിയാണ്.