ന്യൂഡൽഹി: ഇന്ത്യ ജി20 അധ്യക്ഷപദവി ഏറ്റെടുക്കുമ്പോൾ തിരുവനന്തപുരത്തിനും പ്രതീക്ഷകൾ. നരേന്ദ്ര മോദി ഇ20 കൂട്ടായ്മയുടെ അധ്യക്ഷ പദവിയിൽ ഒരു വർഷം ഉണ്ടാകും. ഇതിനിടെ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 50 നഗരങ്ങളിൽ സമ്മേളനങ്ങളുണ്ടാകും. 2023 സെപ്റ്റംബർ 9നും 10നും ഡൽഹിയിലാണ് അടുത്ത ജി20 ഉച്ചകോടി. ഊർജ ഭദ്രത, ഭക്ഷ്യസുരക്ഷ, ആരോഗ്യം, കാലാവസ്ഥ അടക്കമുള്ള വിഷയങ്ങളിൽ ജി20 വഴി ഇന്ത്യ സജീവ ഇടപെടൽ നടത്തും.

ജനുവരി 18 മുതൽ 20 വരെ ആരോഗ്യവുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പ് യോഗമാണ് തിരുവനന്തപുരത്തു ചേരുന്നതെന്ന് ജി20 കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മാർച്ച് മുതലുള്ള പരിപാടികൾ തീരുമാനിച്ചിട്ടില്ല. ഈ പരിപാടികൾ തയ്യാറാകുമ്പോൾ കൊച്ചിയും കോഴിക്കോടുമെല്ലാം പരിഗണിക്കും. അങ്ങനെ അന്താരാഷ്ട്ര യോഗങ്ങളുടെ വേദിയായി കേരളവും മാറുകയാണ്.

1999ൽ സ്ഥാപിക്കപ്പെട്ട, ഈ സംവിധാനം ലോകജനസംഖ്യയുടെ മൂന്നിൽരണ്ടു ഭാഗവും ആഗോളവ്യാപാരത്തിന്റെ 75 ശതമാനവും ആഗോളതലത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 80 ശതമാനവും ഉൾക്കൊള്ളുന്നതാണ്. ലോകത്തിലെ ആഗോളനയത്തിന്റെ കാര്യത്തിൽ കരുത്തുറ്റ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ജി20. തൽഫലമായി, നമ്മുടെ കാലത്തെ ഏറ്റവും പ്രധാന വിഷയങ്ങളായ സുസ്ഥിരവികസന ലക്ഷ്യങ്ങൾ, കാലാവസ്ഥാപ്രവർത്തനം, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യസംവിധാനങ്ങൾ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയവയെക്കുറിച്ച് ആലോചിക്കാനുള്ള പ്രധാന വേദിയായി ഇത് മാറുന്നു. അദ്ധ്യക്ഷപദവി കൈവന്നതോടെ, കാര്യപരിപാടികളോടു പ്രതികരിക്കുന്നതിനുപകരം അവ നിശ്ചയിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്കു ലഭിച്ചത്.

ജി20 അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്നതിന്റെ ആഘോഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 100 സ്മാരകമന്ദിരങ്ങൾ വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചു. കേരളത്തിൽ ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി, മട്ടാഞ്ചേരി പാലസ് എന്നിവിടങ്ങളിലാണ് ദീപാലങ്കാരം. ഡൽഹിയിൽ ചെങ്കോട്ട, കുത്തുബ് മിനാർ അടക്കമുള്ള സ്മാരകങ്ങളിൽ ജി20 ലോഗോ പ്രദർശിപ്പിച്ചു. അധ്യക്ഷപദവി ഏറ്റെടുത്ത ആദ്യ ദിവസം രാജ്യത്തെ 75 സർവകലാശാലകളിലെ വിദ്യാർത്ഥികളുമായി ഡൽഹിയിൽ നടന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ആശയവിനിമയം നടത്തി.

രണ്ടു തരത്തിലാണ് ജി20 സമ്മേളനങ്ങൾ. അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്റെ പ്രതിനിധിയായ ഷെർപ നയിക്കുന്ന സമ്മേളനങ്ങളും (ഷെർപ ട്രാക്ക്) ധനമന്ത്രിമാർ, സെൻട്രൽ ബാങ്ക് ഗവർണർമാർ എന്നിവർ നയിക്കുന്ന സമ്മേളനങ്ങളുമാണ് (ഫിനാൻസ് ട്രാക്ക്) ഇവ. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ആദ്യ ഷെർപ സമ്മേളനം 4 മുതൽ 7 വരെ രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കും. മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ മാസത്തെ മറ്റു സമ്മേളനങ്ങൾ.

സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ സമ്പന്നമായ ചരിത്രവും ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുമുള്ള രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയ്ക്കു ഗണ്യമായതോതിൽ ജനസംഖ്യാപരവും ഭൂരാഷ്ട്രതന്ത്രപരവുമായ സ്വാധീനമുണ്ട്. ഇത് അദ്ധ്യക്ഷസ്ഥാനത്തിന്, അതിന്റെ മുൻഗണനകളിൽ കേന്ദ്രീകരിക്കാനും അതോടൊപ്പം രാജ്യത്തിന്റെ മികച്ച സമ്പ്രദായങ്ങൾ ലോകവുമായി പങ്കിടാനും ഉചിതമായ അവസരമൊരുക്കും. 43 പ്രതിനിധിസംഘത്തലവന്മാർ അടുത്തവർഷം സെപ്റ്റംബറിൽ നടക്കുന്ന അവസാനത്തെ ന്യൂഡൽഹി ഉച്ചകോടിയിൽ പങ്കെടുക്കും.

ഇന്ത്യ ജി20യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന കാലയളവിൽ 32 സെക്ടേഴ്സിലായി 200 ഓളം മീറ്റിങ്ങുകളാണ് നടക്കാൻ പോവുന്നത്. രാജ്യം സാമ്പത്തിക രംഗത്ത് മുന്നോട്ട് കുതിക്കുന്നതിന്റെ മികച്ച് ഉദാഹരണമാണ് ജി20 അധ്യക്ഷ പദവിയെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ജി20 ഉച്ചകോടിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും പരിപാടികൾ സംഘടിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. സംസ്ഥാനങ്ങൾക്ക് ആഗോള തലത്തിൽ വാണിജ്യ- വ്യാപാര സാധ്യത പ്രദർശിപ്പിക്കാനുള്ള അവസരമായി ഇതുമാറും. വസുദൈവ കുടുംബകം ആണ് ഇത്തവണത്തെ ജി20യുടെ പ്രമേയം.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി നിരവധി സംഘടനകൾ രൂപം കൊള്ളുകയുണ്ടായി. അത്തരത്തിൽ രൂപം കൊണ്ട അവസാന സംഘടനകളിൽ ഒന്ന് എന്നുവേണമെങ്കിൽ ജി20യെ വിശേഷിപ്പിക്കാം. കാനഡ ഫ്രാൻസ് ജർമനി, ഇറ്റലി,ജപ്പാൻ,യുകെ, യുഎസ്എ എന്നീ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി7 അഥവാ ഗ്രൂപ്പ് ഓഫ് സെവനിൽ നിന്നാണ് ജി20യുടെ തുടക്കം.

ജി20 അംഗങ്ങളിലേക്ക് വന്നാൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി20. ഓസ്ട്രേലിയ, കാനഡ, സൗദി, യുഎസ്, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, അർജന്റീന, ബ്രസീൽ, മെക്സികോ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ സൗത്തുകൊറിയ എന്നിവയാണ് ഈ 19 രാജ്യങ്ങൾ. ഇവരെ കൂടാതെ ആഫ്രിക്കൻ യൂണിയൻ, ആസിയാൻ, സ്പെയിൻ, വേൾഡ് ബാങ്ക് , യുഎൻ തുടങ്ങി 11 സ്ഥിരം അതിഥികളും ജി20യുടെ ഭാഗമാണ്. ജി20യിലെ ഇരുപതാമത്തെ അംഗമായി ആഫ്രിക്കൻ രാജ്യമായ നൈജീരിയ എത്തേണ്ടതായിരുന്നു.

എന്നാൽ ആഭ്യന്തര പ്രശ്നങ്ങൾ മൂലം നൈജീരിയക്ക് കൂട്ടായ്മയുടെ ഭാഗമാവാൻ കഴിഞ്ഞില്ല. ആഫ്രിക്കയിൽ നിന്ന് ജി20യിൽ എത്തിയ ഏക രാജ്യം ദക്ഷിണ ആഫ്രിക്ക ആണ്. 199ൽ രൂപം കൊണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമുള്ള ഒരുകൂട്ടായ്മയായി ജി20 ഉയർന്ന് വരുന്നത് 2008ന് ശേഷമാണ്. തുടക്കത്തിൽ ജി20 പ്രവർത്തിച്ചത് ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ചേർന്ന് സാമ്പത്തിക ഡീൽ ചെയ്യുന്ന സംഘന ആയിട്ടാണ്. 2008ലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷിന്റെ നേതൃത്വത്തിലാണ് ഇന്ന് കാണുന്ന തരത്തിൽ ലോക നേതാക്കന്മാരുടെ കൂട്ടായ്മയായി അത് മാറിയത്.