- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിച്ച നാള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന ഒന്നര വയസുകാരന്‍; ഗര്‍ഭാവസ്ഥയില്‍ തന്നെ തകരാര്‍ കണ്ടെത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാപിതാക്കള്‍; സെബാസ്റ്റ്യനും റ്റീനയും പറയുന്നു ഗബ്രിയേല്‍ ഒരുപോരാളി; മകന്റെ ഓരോ സ്പന്ദനവും പങ്കിടുന്ന യുവദമ്പതികളുടെ ജീവിതകഥ
ജനിച്ച നാള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന ഒന്നര വയസുകാരന്‍
കവന്‍ട്രി: ദൈവത്തിന്റെ ദൂതന്‍ എന്നാണ് ഗബ്രിയേല്‍ മാലാഖ വിശുദ്ധ ഗ്രന്ഥങ്ങളില്‍ വിശേഷിപ്പിക്കപ്പടുന്നത്. ലോകത്തെ മൂന്നു പ്രധാന വിശ്വാസ സമൂഹങ്ങളായ ക്രൈസ്തവര്‍, ജൂതര്‍, ഇസ്ലാം എന്നിവരുടെ വിശുദ്ധ ഗ്രന്ഥങ്ങളിലും ദൈവ ദൂതനായ ഗബ്രിയേല്‍ മാലാഖയുടെ വരവ് വിളംബരം ചെയ്യുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്. യേശുവിന്റെ ജനനം അറിയിക്കാന്‍ എത്തുന്നതും മറ്റൊരു സന്ദര്‍ഭത്തില്‍ മനുഷ്യ രൂപത്തില്‍ പിറക്കുന്നതിനെ പറ്റിയും പറയുന്നത് ഗബ്രിയേല്‍ മാലാഖയെ കുറിച്ച് തന്നെ. ഹൈന്ദവ വിശ്വാസ പ്രകാരം അനേകം പുരാണങ്ങളില്‍ ഈശ്വരന്റെ പ്രതിരൂപങ്ങള്‍ മനുഷ്യരായി അവതാരമെടുത്ത വിശ്വാസ പ്രമാണങ്ങള്‍ നിരന്നു കിടപ്പുണ്ട്. മലയാളികളുടെ ഇഷ്ട ദൈവങ്ങളായ സ്വാമി അയ്യപ്പനും കൃഷ്ണനും ശ്രീരാമനും ഒക്കെ ഇത്തരം അവതാര സങ്കല്പങ്ങളാണ്. കാഹളം ഊതുന്ന മാലാഖയാണ് ഗബ്രിയേല്‍ എന്ന് ബൈബിള്‍ പറയുമ്പോള്‍ ലോകാവസാനത്തിന്റെ വരവറിയിക്കാന്‍ നിയുക്തനാകുന്നതും ഇതേ മാലാഖയെന്ന് പറയപ്പെടുന്നു. എന്നാല്‍ ദൈവദൂതനെ പോലെ എത്തിയ ഒരു മനുഷ്യ മാലാഖ ഇപ്പോള്‍ യുകെ മലയാളികള്‍ക്കൊപ്പമുണ്ട്, എഡിന്‍ബറ ഹോസ്പിറ്റലില്‍ ജനിച്ച നാള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന ഒന്നര വയസുകാരന്‍. ഇവനും മാതാപിതാക്കള്‍ പേര് നല്‍കിയിരിക്കുന്നത് ഗബ്രിയേല്‍ എന്ന് തന്നെയാണ്.
ഗര്‍ഭാവസ്ഥയില്‍ തന്നെ തകരാര്‍ കണ്ടെത്തി; എന്നാല്‍ തനിക്ക് ഭൂമിയിലേക്ക് വരണമെന്ന് അവന്‍ പറയുന്നത് പോലെ തോന്നിയെന്ന് മാതാപിതാക്കള്‍
കുഞ്ഞു ഗബ്രിയേല്‍ അമ്മയുടെ ഉദരത്തില്‍ രൂപമെടുക്കുമ്പോള്‍ തന്നെ സ്‌കാന്‍ പരിശോധനയില്‍ ചില തകരാര്‍ കണ്ടതോടെ കുഞ്ഞിന്റെ ജനനം വിഷമതകള്‍ നിറഞ്ഞതായിരിക്കും എന്ന് എന്‍എച്എസിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു. സാധാരണ ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ എത്താനുള്ള അവസരം ലഭിക്കാറില്ല. ജീവിതകാലം മുഴുവന്‍ പരിചരണവും സംരക്ഷണവും നല്‍കേണ്ടതിനാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ മുന്നോട്ട് ഉള്ള യാത്രയ്ക്ക് അവസാനമാകും. എന്നാല്‍ ഇക്കാര്യം ഡോക്ടര്‍മാര്‍ സംസാരിക്കുമ്പോള്‍ തന്നെ അമ്മയുടെ ഉദരത്തില്‍ കിടന്നു തന്റെ സാന്നിധ്യം അറിയിച്ചിരുന്ന ഗബ്രിയേല്‍ അമ്മയായ ടീനയോടു അരുതേ എന്ന് പറയുന്നതായാണ് തങ്ങള്‍ക്ക് തോന്നിയതെന്ന് പിതാവായ സെബാസ്ത്യനും പറയുന്നു. ഇതോടെ എത്ര പ്രയാസങ്ങള്‍ സഹിച്ചായാലും കുഞ്ഞു ജനിക്കട്ടെ എന്നായിരുന്നു വിദ്യാര്‍ത്ഥി വിസയില്‍ ആയിരുന്ന ഇരുവരും തീരുമാനിച്ചത്. റ്റീനയാകട്ടെ സ്വപ്നതുല്യമായ ഗവേഷക ജോലിയുടെ പല ഘട്ടങ്ങള്‍ പിന്നിട്ട അഭിമുഖം ഓരോന്നും നടന്നു കയറുന്ന നിലയിലും. കുഞ്ഞിന്റെ വരവ് കാത്തിരിക്കുന്നതിനാല്‍ ജോലിയില്‍ പ്രവേശിക്കാനുള്ള തീരുമാനവും വൈകിക്കുക ആയിരുന്നു.
ഒടുവില്‍ ഗബ്രിയേല്‍ പിറന്ന ശേഷം ജോലിയില്‍ പ്രവേശിച്ച റ്റീനയ്ക്ക് കുഞ്ഞിന്റെ രോഗാവസ്ഥ പരിഗണിച്ചു മറ്റാര്‍ക്കും ചെയ്യാത്ത പരിഗണനയും സ്ഥാപനം നല്‍കുകയാണ്. മാതാപിതാക്കള്‍ക്ക് ഇരുവര്‍ക്കും ഓപ്പോസിറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്ത ശേഷം ഒരാള്‍ക്ക് കുഞ്ഞു ഗബ്രിയേലിനൊപ്പം ചിലവഴിക്കാന്‍ വേണ്ടി ഗവേഷകയായ റ്റീനയ്ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് തൊഴില്‍ ഉടമയായ ചാള്‍സ് റിവര്‍ ലബോറട്ടറീസ് സൗകര്യം ഒരുക്കിയിയിരിക്കുന്നത്. സയന്റിഫിക് അസോസിയേറ് ചുമതലയിലാണ് ടീന ജോലി ചെയ്യുന്നത്. പിതാവായ സെബാസ്റ്റ്യന്‍ പോള്‍ സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ എനര്‍ജിയുടെ പ്രോജക്ട് മാനേജരായും ജോലി ചെയ്യുകയാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് സെബാസ്റ്റ്യന്‍ ജോലി ചെയ്യുന്നത്. ഇതോടെ കുഞ്ഞിനൊപ്പം മാതാപിതാക്കളില്‍ ഒരാള്‍ എപ്പോഴും ഉണ്ടാകും എന്നും ഉറപ്പാക്കുകയാണ് ഇരുവരും. തികച്ചും ദുഷ്‌കരമായ ദിനചര്യയാണ് ഇതെങ്കിലും കുഞ്ഞു ഗബ്രിയേലിനു വേണ്ടി അപ്പനും അമ്മയും ഏറെ സന്തോഷത്തോടെയാണ് ഈ പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നത്. കാഞ്ഞൂര്‍ സ്വദേശിയായ സെബാസ്റ്റിയനും പുളിങ്കുന്ന് സ്വദേശിയായ ടീനയും വിദ്യാര്‍ത്ഥി ജീവിതകാലത്തെ പ്രയാസങ്ങളില്‍ നിന്നും കരകയറിയത് പോലും ഗബ്രിയേലിന്റെ വരവോടെയാണ് എന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ അവന്റെ വരവ് തന്നെയാണ് ഇരുവരുടെയും ജീവിതത്തെ ഒരു കരയില്‍ അടുപ്പിച്ചത് എന്നും പറയാം.
എന്തിനായിരുന്നു ഇങ്ങനെ ഒരു തീരുമാനം? അതൊരു ഉത്തരം ഇല്ലാത്ത ചോദ്യം തന്നെയാണ്
ശാസ്ത്രം ഏറെ പുരോഗതി നേടിയിട്ടും ചിലപ്പോള്‍ വിധിക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ മനുഷ്യര്‍ക്കും ശാസ്ത്രത്തിനും കഴിയൂ. അത്തരം ഒരു പരീക്ഷണ ഘട്ടമാണ് വിധി റ്റീനയ്ക്കും സെബാസ്ത്യനും വേണ്ടി ഒരുക്കിയത്. തികഞ്ഞ ഈശ്വര വിശ്വാസികളായ ഇരുവര്‍ക്കും കുഞ്ഞു ഗബ്രിയേലിന്റെ ജനനത്തെ പറ്റി മറിച്ചൊരു ചിന്ത തുടക്കം മുതലേ ഉണ്ടായിരുന്നില്ല, അന്നത്തെ തീരുമാനത്തില്‍ ഇപ്പോഴും ലവലേശം തിരിഞ്ഞു നോട്ടവുമില്ല. അവന്റെ കാര്യത്തില്‍ തങ്ങളുടെ തീരുമാനം തന്നെയാണ് ശരിയെന്നു സെബാസ്റ്റിയന്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. അഥവാ എന്തിനായിരുന്നു ഇങ്ങനെ ഒരു തീരുമാനം എന്ന് ചോദിച്ചാല്‍ അതിനു ആഗ്രഹിക്കുന്ന വിധം മറുപടി നല്കാന്‍ ഇരുവര്‍ക്കും എന്നല്ല ആര്‍ക്കും സാധിക്കില്ല. കാരണം ഇതൊക്കെ സാഹചര്യങ്ങള്‍ കൊണ്ട് ഉരുത്തിരിയുന്ന തീരുമാനങ്ങളാണ്. നമ്മള്‍ ചിന്തിക്കുന്നത് പോലെയാകില്ല മറ്റുള്ളവരുടെ തീരുമാനങ്ങള്‍ എന്നും സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ചാം മാസത്തിലെ സ്‌കാനിങ് നടക്കുമ്പോഴാണ് ഇടിത്തീ പോലെ കുഞ്ഞു ഗബ്രിയേലിന്റെ രോഗാവസ്ഥ തങ്ങള്‍ മനസിലാക്കുന്നത് എന്നും സെബാസ്റ്റിയന്‍ പറയുന്നു. ഇന്നും ആ രംഗങ്ങള്‍ മനസ്സില്‍ നിറഞ്ഞ് നില്‍പ്പുണ്ട് .സ്‌കാനില്‍ കണ്ട കാഴ്ചകള്‍ക്ക് ശേഷം ആരും ഒന്നും പറയുന്നില്ല. എല്ലുകള്‍ വേണ്ട വിധം പരുവപ്പെട്ടിട്ടില്ല, നട്ടെല്ല് ഒരു പരിധി വരെ ശരിയായി രൂപം എടുത്തിട്ടുണ്ട്, കൈകാലുകള്‍ തീരെ ചെറുതായി വ്യക്തമാണ്. ഒരു തരത്തിലും കുഞ്ഞു ആ സാഹചര്യം തരണം ചെയ്യും എന്നുറപ്പിച്ചു പറയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. തീരുമാനം മാതാപിതാക്കള്‍ക്ക് വിടുന്നതായി വൈദ്യ സംഘത്തിന്റെ അവസാന തീരുമാനം. ഊണും ഉറക്കവും ഇല്ലാത്ത ദിനരാത്രങ്ങള്‍. ആരോടും പങ്കുവയ്ക്കാനാകാത്ത വിഷമം പിടിച്ചതും സങ്കീര്‍ണവും ആയ സാഹചര്യം. കിടക്കയില്‍ വെറുതെ കിടക്കാം എന്നല്ലാതെ ഉറക്കം ഇല്ലാത്ത നാളുകള്‍ മാത്രം. എനിക്ക് വേണ്ടി ഒരു യുദ്ധം നടത്താന്‍ തയാറാകില്ലേ എന്ന് കുഞ്ഞു ഉദരത്തില്‍ കിടന്നു ചോദിക്കും പോലെയാണ് റ്റീനയ്ക്ക് തോന്നിയത്.
ജനനം പോലും സാധ്യമാകുമോ എന്ന് വിധി എഴുതപെട്ട ഗബ്രിയേല്‍ ഇപ്പോള്‍ പരിമിതം എങ്കിലും കളിചിരികളുടെ ലോകത്ത്
ഒടുവില്‍ വൈദ്യ സംഘം പരിശോധനകളുടെ റിസള്‍ട്ട് പങ്കുവയ്ക്കാന്‍ തയാറായി. ഒരു മില്യണ്‍ കുഞ്ഞുങ്ങള്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയുള്ള അപൂര്‍വ രോഗാവസ്ഥയായ സ്പോണ്ടിലൈപ്സി മെറ്റഫയ്‌സല്‍ ഡിസ്പ്ളേസിയ എന്ന അസുഖമാണ് കുഞ്ഞിന് ബാധിച്ചിരിക്കുന്നത്. ഈ അസുഖത്തിന്റെ പ്രത്യേകത മൂലം കുഞ്ഞു എങ്ങനെയാകും ജനനമെടുക്കുക എന്ന് പോലും പറയാനാകില്ല. തീരെ ചെറുതോ മുഖത്തിന് വൈരുപ്യമോ തൊട്ടാല്‍ പൊട്ടുന്ന എല്ലുകളോ ഒക്കെയാകാം ജനനത്തെ തുടര്‍ന്ന് കാണപ്പെടാവുന്ന ലക്ഷണങ്ങള്‍ .ജനിക്കാന്‍ പോലും ഉള്ള സാധ്യത വെറും അന്‍പത് ശതമാനമാണ്. എന്തായാലും ഏറ്റവും പ്രയാസകരമായ സാഹചര്യത്തെ നേരിടാന്‍ തന്നെ ഒടുവില്‍ സെബാസ്ത്യനും റ്റീനയും തീരുമാനിച്ചു. ഒരു ഘട്ടത്തില്‍ കുഞ്ഞു കൈവിരലുകള്‍ ചപ്പുന്നത് ദൃശ്യമായി. ഇതോടെ എല്ലുകള്‍ക്ക് ബലം ഉണ്ടെന്നു ഉറപ്പായി. അവനു വേണ്ടിയുള്ള ഒരുക്കങ്ങളായി പിന്നീട്. ഒരു മുറി പോലും സെബാസ്റ്റിയന്‍ തയാറാക്കി. കൂടി വന്നാല്‍ അഞ്ചോ ആറോ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നേക്കാം. ശേഷം അവനുമായി വീട്ടിലേക്ക് പോകാനാകും എന്നായിരുന്നു ഇരുവരും കരുതിയത്.
ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിന് കുഞ്ഞു ഗബ്രിയേല്‍ ഭൂജാതനായി . കുഞ്ഞിനെ അമ്മയുടെ നെഞ്ചില്‍ പോലും കിടത്താന്‍ തയാറാകാതെ ഏതു ഘട്ടവും തരണം ചെയ്യാന്‍ തയാറായി നിന്ന വൈദ്യ സംഘം അവനുമായി ഓടുക ആയിരുന്നു. ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിലെ സജ്ജീകരണങ്ങള്‍ ഉടനെ ഗബ്രിയേലിന് വേണ്ടി തയാറായി. ശ്വാസ തടസം മുന്‍കൂട്ടി മനസിലാക്കിയ ഡോക്ടര്‍മാര്‍ കുഞ്ഞിന് വെന്റിലേറ്റര്‍ സഹായത്തോടെ കൃത്രിമ ശ്വാസത്തിന് സൗകര്യമൊരുക്കി. അച്ഛനെയും അമ്മയെയും ആശുപത്രിയിലെ താത്കാലിക താമസ സ്ഥലത്തേക്ക് മാറ്റി. കഴിഞ്ഞ 15 മാസത്തിനു മുന്‍പത്തെ ഈ സാഹചര്യം ഇന്നും തുടരുകയാണ്. ഒരു ഘട്ടത്തില്‍ 10 ലിറ്ററില്‍ അധികം ഓക്സിജന്‍ വേണ്ടി വന്നിരുന്ന ഗബ്രിയേലിനു ഇപ്പോള്‍ അവിടുന്നൊക്കെ ഏറെ താഴേക്ക് പോരാനായിട്ടുണ്ട്. അവിശ്വസനീയം എന്ന് പറയാവുന്ന തരത്തില്‍ അവന്‍ ചികിത്സകളോട് പ്രതികരിക്കുന്നുമുണ്ട്. എങ്കിലും ഇനിയും കുഞ്ഞു ഗബ്രിയേലിനു നടന്നു കയറാനുള്ള പടികള്‍ ഏറെയാണ്.
ഓരോ ശ്വാസവും പ്രയാസകരം; പക്ഷെ ഒരു പോരാളിയെ പോലെ ഗബ്രിയേല്‍ അതിജീവിക്കുന്നു
ഇപ്പോഴും ഓരോ ദിവസവും പുതിയ പുതിയ ടെസ്റ്റുകള്‍. തലയും കഴുത്തും നട്ടെല്ലും ഒകെ എം ആര്‍ ഐ ചികിത്സയിലൂടെ നിരന്തരം വിലയിരുത്തപ്പെടുന്നു. ഓരോ ശ്വാസവും അവനു പ്രയാസമാണ്.വാരിയെല്ലുകള്‍ പോലും ഇനിയും പൂര്‍ണ വളര്‍ച്ച പ്രാപിക്കേണ്ടതുണ്ട്. തീരെ ചെറിയ ശ്വാസകോശവും ആയി മല്ലിട്ടാണ് ഗബ്രിയേലിന്റെ ഓരോ സെക്കന്‍ഡും കടന്നു പോകുന്നത്. ഒന്ന് നന്നായി കരയാന്‍ പോലും ശ്വാസം നന്നായി എടുക്കേണ്ടതിനാല്‍ അതിനു പോലും അവനു കഴിയുന്നില്ല. ഇപ്പോള്‍ കുഞ്ഞു ഗബ്രിയേല്‍ കൂടുതല്‍ വളരുമ്പോള്‍ ഡോക്റ്റര്‍മാര്‍ക്കും ആശങ്ക ഏറുകയാണ്.
അവന്‍ വേഗത്തില്‍ തിരിയുകയോ മറിയുകയോ ഒക്കെ ചെയ്താല്‍ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബ് ഇളക്കം തട്ടി സ്ഥാനം മാറുകയോ പൊട്ടുകയോ ബ്ളോക് ആകുകയോ ഒക്കെ ചെയ്യാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചപ്പോള്‍ ഒരു മിനിറ്റ് നേരത്തേക്ക് ഗബ്രിയേല്‍ ശാന്തനായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഹൃദയമിടിപ്പ് അതിവേഗം താഴുകയായിരുന്നു. പൊടുന്നനെ നീലിച്ചു ശരീരം തണുത്ത അവസ്ഥയിലായി. മാസങ്ങളോളം ഇത്തരം പരീക്ഷണ ഘട്ടങ്ങള്‍ പലപ്പോഴും ആവര്‍ത്തിച്ച്. എല്ലായ്പ്പോഴും വിസ്മയം പോലെ അവന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരുന്നു. ഇതേക്കുറിച്ചു ഡോക്ടര്മാരോടും നേഴ്സുമാരോടും ഒക്കെ ചോദിക്കുമ്പോള്‍ അവര്‍ക്കും കൃത്യമായ ഉത്തരമില്ല, ഇത്തരം അത്ഭുതങ്ങള്‍ എല്ലായ്പ്പോഴും ഗബ്രിയേലിന്റെ കാര്യത്തില്‍ സംഭവിക്കുമോ എന്നതില്‍.
ലോകം ആദ്യമായി കണ്ടത് ഒന്നാം പിറന്നാളിന്റെ പിറ്റേന്ന്; പുറത്തിറങ്ങിയത് കൊണ്ട് നടക്കാവുന്ന വെന്റിലേറ്ററുമായി
ഇക്കഴിഞ്ഞ ജൂണില്‍ ഒന്നാം പിറന്നാള്‍ കഴിഞ്ഞതിന്റെ പിറ്റേന്നാണ് കുഞ്ഞു ആദ്യമായി സൂര്യപ്രകാശം കണ്ടതെന്ന് പിതാവ് സെബാസ്റ്റിയന്‍ ഓര്‍ത്തെടുക്കുന്നു. കൊണ്ട് നടക്കാവുന്ന വെന്റിലേറ്ററുമായിട്ടായിരുന്നു ഗബ്രിയേലിന്റെ ലോകം ആദ്യമായി കാണാനുള്ള യാത്ര. എത്ര പ്രയാസം നിറഞ്ഞ സാഹചര്യത്തിലും പുഞ്ചിരിയോടെ മാത്രം കാണുന്ന ഗബ്രിയേലിന്റെ മുഖമാണിപ്പോള്‍ സെബാസ്ട്യന്റെയും റ്റീനയുടെയും ജീവിതത്തിനു അര്‍ഥം നല്‍കുന്നത്. നിഴലും നിലാവും പോലെ അവര്‍ ഇരുവരും മാലാഖ പോലെയാ കുഞ്ഞിനൊപ്പമുണ്ട്. ഏതു എമര്‍ജന്‍സി ഘട്ടം പിന്നിടുമ്പോഴും അവന്‍ പുഞ്ചിരിച്ചു കൊണ്ടാണ് ജീവിതത്തിലേക്ക് മടങ്ങി എത്തുന്നത്. ആ പുഞ്ചിരിയാണ് ഇന്ന് റ്റീനയ്ക്കും സെബാസ്റ്റിയനും ഒപ്പം ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും ഗബ്രിയേലിനെ ചേര്‍ത്ത് പിടിക്കാന്‍ ധൈര്യവും പ്രതീക്ഷയും ആയി മാറുന്നത്.
ഒരു സാധാരണ കുടുംബത്തില്‍ ഉണ്ടാകേണ്ട പല നല്ല നിമിഷങ്ങളും തങ്ങള്‍ക്ക് നഷ്ടമാകുന്നുണ്ട് എന്ന് സെബാസ്റ്റ്യന്‍ പറയുന്നത് യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു തന്നെയാണ്. ഇക്കാര്യം എഡിന്‍ബറ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും അംഗീകരിക്കുന്നു. മാതാപിതാക്കളുടെ നിശ്ചയദാര്‍ഢ്യം തങ്ങളെയും ഗബ്രിയേലിനെ പോലുള്ള കുഞ്ഞുങ്ങളെ അമ്മക്കിളിയുടെ ചിറകിനടിയില്‍ എന്നത് പോലെ ചേര്‍ത്ത് പിടിക്കാന്‍ പ്രേരിപ്പിക്കുകയാണ് എന്ന് ഓരോ ആരോഗ്യ പ്രവര്‍ത്തകരും പറയുമ്പോള്‍ ശമ്പളം മാത്രമല്ല ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്ക് തൊഴിലില്‍ നിന്നും കിട്ടുന്നത്, മറ്റെവിടെയും ലഭിക്കാത്ത ആത്മ സംപ്ത്രിപ്തി കൂടിയാണെന്ന് ഇത്തരം സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയുന്നു. ഇപ്പോള്‍ ക്ലിനിക്കല്‍ റൂമില്‍ നിന്നും ചാരിറ്റി ഹബിലേക്ക് ഗബ്രിയേല്‍ മാറിയപ്പോള്‍ ആശുപത്രി അന്തരീക്ഷം പോലും അല്ലെന്ന ഫീലാണ് ലഭിക്കുന്നത്. പുതിയ വായുവും അന്തരീക്ഷവും ഒക്കെ ഗബ്രിയേലില്‍ വേഗത്തില്‍ മാറ്റങ്ങള്‍ കൊണ്ടെത്തിക്കും എന്ന പ്രതീക്ഷയാണ് സെബാസ്റ്റിയന്. അടുത്ത നിമിഷം എന്ത് എന്ന് ചോദിപ്പിക്കുന്ന ബീപ്പ് ബീപ്പ് ശബ്ദം ഇല്ലാതെ ഗബ്രിയേലിനു ഉറങ്ങാനാകുന്ന അന്തരീക്ഷമാണ് ഹബ്ബില്‍ എന്നതാണ് ഏറ്റവും വലിയ ആശ്വാസം.
നാളെകള്‍ എന്തെന്ന് അറിയില്ല ; പക്ഷെ ഇന്നവന്‍ കൂടെയുണ്ട്
ഗബ്രിയേലിന്റെ നാളെകള്‍ എന്തെന്ന് ഇപ്പോള്‍ ആര്‍ക്കും പറയാനാകില്ല. സ്വന്തം ശ്വാസകോശത്തിന്റെ ബലം ഉപയോഗിച്ച് അവന്‍ സ്വയം ശ്വാസം എടുക്കുമോ എന്നതും പറയാനാകില്ല. അങ്ങനെ സംഭവിച്ചാല്‍ അത് അത്ഭതങ്ങളുടെ കൂട്ടത്തിലെ മഹാ അത്ഭുതമായി ശാസ്ത്ര ലോകം വിലയിരുത്തിയേക്കും. അവന്‍ സംസാരിക്കുമോ നടക്കുമോ എന്നതൊന്നും ഇപ്പോള്‍ മാതാപിതാക്കള്‍ക്കു നിശാചയമില്ല. പക്ഷെ ഒന്നവര്‍ക്ക് നിശ്ചയമുണ്ട് , കുഞ്ഞു ഗബ്രിയേല്‍ അവര്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ ക്രിസ്മസിന് തീര്‍ത്തും അവശനായ ഗബ്രിയേലിന്റെ മുഖം നോക്കി ഒരു ക്രിസ്മസ് ആശംസ കൈമാറാനുള്ള ത്രാണി പോലും റ്റീനയ്ക്കും സെബാസ്ത്യനും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ ക്രിസ്മസിന് അവനെയും കൂട്ടി അല്‍പ നേരമെങ്കിലും വീട്ടില്‍ എത്തി ക്രിസ്മസിന്റെ മധുരം നുകരണം എന്ന ചെറിയൊരു സ്വപ്നവും പ്രതീക്ഷയുമാണ് ഇരുവര്‍ക്കും പറയാനുള്ളത്.
അപ്പോഴും ഗബ്രിയേലിനെ പോലെ മക്കളുള്ള, ആശുപത്രി മുറിയില്‍ തളച്ചിടപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്കും ക്രിസ്മസിന്റെ ആഹ്ലാദം നഷ്ടമാകുന്നുണ്ട് എന്ന് ചിന്തിക്കാന്‍ ഇപ്പോള്‍ സെബാസ്ത്യനും റ്റീനയ്ക്കും കഴിയുന്നത് അവര്‍ ആ സാഹചര്യത്തിലൂടെ കടന്നു പോയത് കൊണ്ടാണ്. വലിയ വലിയ കാര്യങ്ങള്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്നവര്‍ക്കിടയില്‍ ഇത്തരം കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി ജീവിക്കുന്ന മനുഷ്യരുടേതു കൂടിയാണ് ഈ ലോകം എന്നോര്‍മ്മപ്പെടുത്തുകയാണ് റ്റീനയും സെബാസ്റ്റിയനും കുഞ്ഞു ഗബ്രിയേലും. സങ്കടങ്ങളും പരിഭവങ്ങളും പറഞ്ഞു വിലപിക്കുന്നവര്‍ക്കിടയില്‍ വിലപിക്കാന്‍ ഏറെ കാരണങ്ങള്‍ ഉണ്ടായിട്ടും പുഞ്ചിരിയോടെ ജീവിതത്തെയും വിധിയെയും നേരിടാന്‍ തയ്യാറെടുക്കുന്ന, നിരന്തരം അത് തന്നെ ചെയ്തു കൊണ്ടിരിക്കുന്ന റ്റീനയുടെയും സെബാസ്റ്റിയന്റെയും മനോധൈര്യത്തിനു മുന്നില്‍ എത്രയോ നിസാരരായി മാറുകയാണ് മറ്റുള്ളവര്‍. അതിനാല്‍ കുഞ്ഞുങ്ങളുടെയും മറ്റും ജീവന് വേണ്ടി പൊരുതുന്ന ചാരിറ്റികളെ കൂടി ഓര്‍ത്തുവേണം ഈ കടന്നു വരുന്ന ക്രിസ്മസിനെ വരവേല്‍ക്കാന്‍ എന്ന് സെബാസ്റ്റിയന്‍ പറയുമ്പോള്‍ ആ വാക്കുകള്‍ ആയിരം ക്രിസ്മസ് സന്ദേശങ്ങളുടെ കാമ്പും കരുത്തുമുണ്ട് .
ഗബ്രിയേലിന്റെ ഓരോ സ്പന്ദനവും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാന്‍ റ്റീനയും സെബാസ്ത്യനും ചേര്‍ന്ന് ഗബ്രിയേല്‍, ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം പേജ് തയാറാക്കിയിട്ടുണ്ട്. പ്രിയ വായനക്കാര്‍ അവിടെയെത്തി ഗബ്രിയേലിനു ഇഷ്ടം പങ്കുവച്ചാല്‍ സെബാസ്റ്റിയനും റ്റീനയ്ക്കും നല്കാന്‍ ആകുന്ന ഏറ്റവും വലിയ മാനസിക ധൈര്യത്തിന്റെ പ്രകടനം കൂടിയാകും അതെന്നു ഉറപ്പായും പറയാം. ഗബ്രിയേല്‍ ജനിച്ചു ഏതാനും മാസം കഴിഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം ലോകത്തോട് വിളിച്ചു പറയാന്‍ സെബസ്ത്യാന്‍ ബന്ധപ്പെട്ടിരുന്നെകിലും അദ്ദേഹം അയച്ച മെസേജുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുക ആയിരുന്നു. ഇപ്പോള്‍ ഒരു നിമിത്തം എന്നോണം ആ മെസേജുകള്‍ വീണ്ടെടുക്കുമ്പോള്‍ ആ യുവ മാതാപിതാക്കള്‍ നടത്തുന്ന വിധിയോടുള്ള പോരാട്ടം ലോകത്തോട് പറയാനുള്ള നിയോഗവും ലഭിക്കുകയാണ്.
ഗബ്രിയേലിനു കരുത്തോടെ ജീവിതത്തിലേക്ക് വരാന്‍ നന്മയും പ്രാര്‍ത്ഥനയും നിറഞ്ഞ മനസുമായി ആയിരക്കണക്കിന് സഹോദരങ്ങള്‍ ഇന്ന് മുതല്‍ കൂടെയുണ്ടാകും എന്ന സന്ദേശം കൂടിയാണ് ഇപ്പോള്‍ റ്റീനയ്ക്കും സെബാസ്ത്യനും മനസ്സില്‍ ഒരു കുളിരായി പടര്‍ന്നു കിട്ടുക എന്നും നിസംശയം പറയാനാകും.
കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.