- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശ് കുമാറിന്റെ ഇടപെടൽ അതിവേഗം; ധനവകുപ്പിനെ കൊണ്ട് കെൽട്രോണിന് ആദ്യ ഗഡു നൽകിപ്പിച്ചത് ഒറ്റ ദിവസം കൊണ്ട്; കൺട്രോൾ റൂമിൽ വീണ്ടും ജീവനക്കാരെത്തും; റോഡിലെ എഐ ക്യാമറകൾ വീണ്ടും സജീവതയിലേക്ക്; 130 കോടിയുടെ ചെല്ലാനുകൾ ഉടൻ അയച്ചു തുടങ്ങും; മന്ത്രിമാറിയപ്പോൾ 'ഗതാഗതത്തിൽ' ചടുല മാറ്റം
തിരുവനന്തപുരം: ഗതാഗത മന്ത്രി മാറിയത് തുണയായത് കെൽട്രോണിന്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള എ.ഐ. ക്യാമറകളുടെ നടത്തിപ്പിന് കെൽട്രോണിനുള്ള കുടിശ്ശികയിൽ ആദ്യ ഗഡു സർക്കാർ നൽകി. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിന്റെ ഇടപെടലാണ് ഇതിന് കാരണം. ഇതോടെ എഐ ക്യാമറകളുടെ പ്രവർത്തനം വീണ്ടും സജീവമാകും. പണം കിട്ടാത്തതു കൊണ്ട് ജീവനക്കാരെ കൺട്രോൾ റൂമിൽ നിന്നും മാറ്റിയിരുന്നു. ഇതോടെ എഐ ക്യാമറ തന്നെ വെറുതെയാകുന്ന സ്ഥിതി വന്നു.
മൂന്നു മാസത്തേക്ക് 11.79 കോടി രൂപയാണ് കെൽട്രോണിനു നൽകേണ്ടത്. രണ്ട് ഗഡു കുടിശ്ശികയുണ്ട്. ധനവകുപ്പുമായി കൂടിയാലോചിച്ച് പ്രശ്‌നത്തിനു പരിഹാരം കാണുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ അറിയിച്ചിരുന്നു. തുടർന്നു നടന്ന ചർച്ചയിലാണ് കുടിശ്ശിക നൽകാൻ തീരുമാനമായത്. ഗണേശിന്റെ ആവശ്യം അംഗീകരിച്ച് അതിവേഗം നൽകുകയും ചെയ്തു. ഖജനാവിലേക്ക് പണം എത്തുന്ന വഴി അടയുന്നതിനെ ഗണേശ് ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
കുടിശ്ശിക വർധിച്ചതോടെ എ.ഐ. ക്യാമറ കൺട്രോൾ റൂമുകളിലെ താത്കാലിക ജീവനക്കാരെ കെൽട്രോൺ കുറച്ചിരുന്നു. പിഴ നോട്ടീസ് അയയ്ക്കുന്നതിനു നിയോഗിച്ചിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച കെൽട്രോൺ പിൻവലിച്ചത്. കുടുംബശ്രീയിൽനിന്ന് ദിവസവേതനത്തിനാണ് ഇവരെ നിയോഗിച്ചിരുന്നത്. ഇത് വലിയ വിവാദമായി. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ഇടപെട്ടത്.
എ.ഐ. ക്യാമറകൾ വഴി പിഴയായി 35 കോടി ഖജനാവിലെത്തിയിരുന്നു. സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടിയുടെ ചെലാൻ കൺട്രോൾ റൂമിൽ സജ്ജമാണ്. എന്നാൽ, തപാൽ ചെലവ് മുൻകൂർ അടയ്ക്കണമെന്നതിനാൽ അയച്ചിട്ടില്ല. ക്യാമറകൾ സ്ഥാപിച്ചത് കെൽട്രോൺ ഉപകരാറുകൾ നൽകിയ കമ്പനികളാണ്. പ്രവർത്തനം വിലയിരുത്തി മോട്ടോർവാഹന വകുപ്പ് തുക കൈമാറണം.
പിഴത്തുക നേരിട്ട് ട്രഷറിയിലേക്കാണ് പോകുന്നത്. മോട്ടോർവാഹന വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് ധനവകുപ്പ് തുക അനുവദിക്കേണ്ടത്. ട്രഷറിയിലെ സാമ്പത്തികപ്രതിസന്ധി കാരണമാണ് തുക അനുവദിക്കാൻ വൈകിയത്. ഇതിനെ ഗതാഗത മന്ത്രിയായ കെബി ഗണേശ് കുമാർ ചോദ്യം ചെയ്തു. തുടർന്നാണ് പണം അനുവദിച്ചത്. ഇന്നലെയാണ് ഗതാഗതമന്ത്രിയായി ഗണേശ് ചുമതലയേറ്റത്.
എ ഐ ക്യാമറകളിൽ ട്രാഫിക് നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൺട്രോൾ റൂമിലുള്ളത് മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമാണ്. നിയമലംഘനങ്ങൾ വേർതിരിച്ച് നോട്ടീസ് അയയ്ക്കുന്നതിനാണ് കരാർ ജീവനക്കാരെ ചുമതലപ്പെടുത്തിയത്. ഇവർക്ക് കെൽട്രോൺ പ്രത്യേക പരിശീലനവും നൽകിയിരുന്നു. ഓരോ ജില്ലയിലും മൂന്ന് മുതൽ അഞ്ച് വരെ ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ക്യാമറകൾ സ്ഥാപിച്ചതും അത് പരിപാലിക്കാൻ സർക്കാർ ഏൽപ്പിച്ചതും കെൽട്രോണിനെയാണ്.കരാർ തുക നൽകിയില്ലെന്ന് അറിയിച്ച് കെൽട്രോൺ സർക്കാരിന് കത്ത് നൽകിയിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് ജീവനക്കാരെ പിൻവലിച്ചത്.
മറുനാടന് മലയാളി ബ്യൂറോ