- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടത്തിലോടുന്ന സർവ്വീസുകൾ ആർക്ക് വേദനയുണ്ടാക്കിയാലും ഇനി ഓടില്ല; ഒരു വണ്ടിയും ഇല്ലാത്തിടത്ത് ബസ് എത്തിക്കാൻ പ്രത്യേക പദ്ധതി; ഒരു മാസം മുമ്പ് കിട്ടിയ ഇലക്ട്രിക് ബസുകൾ പോലും കഴുകാത്ത അവസ്ഥ; ഇതെല്ലാം മാറ്റുമെന്ന് ഗതാഗതമന്ത്രി ഗണേശ് കുമാർ
തിരുവനന്തപുരം: നഷ്ടത്തിൽ ഓടുന്ന ബസ് സർവ്വീസുകൾ അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. എന്നാൽ കഷ്ടത അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് ബസുകൾ ഓടും. അത് പിൻവലിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആരെതിർത്താലും നഷ്ടത്തിലോടുന്ന ബസുകളുമായി മുമ്പോട്ട് പോകാൻ കഴിയില്ലെന്നതാണ് ഗണേശ് കുമാറിന്റെ നിലപാട്. ഒരു വണ്ടിയും ഇല്ലാത്തിടത്ത് വണ്ടികൾ എത്തിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കും. മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുത്. ഒരു വണ്ടിയും ഇല്ലാത്ത സ്ഥലങ്ങളിൽ വണ്ടികൾ എത്തിക്കുക എന്നതിനാണ് പ്രധാന പരിഗണന. കേരളത്തിലെ പൊതുട്രാൻസ്‌പോർട്ട് സിസ്റ്റത്തിന് ഇന്ത്യയിൽ ഇല്ലാത്ത പരിഷ്‌കാരം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗണേശ് കുമാർ പറഞ്ഞു.
ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ കാണും. അദ്ദേഹം അനുമതി നൽകിയാൽ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായുള്ള ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം നടപ്പിലാക്കും.ദീർഘദൂര ബസ് യാത്രക്കിടെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ബസ് നിർത്തിക്കൊടുക്കാറുണ്ട്. ആ സ്ഥലങ്ങൾ വൃത്തിയുള്ളതാക്കും. ശുചിമുറികൾ ഇല്ലാതെ സ്ത്രീകൾ ഉൾപ്പടെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നൽകണം. ശുചിമുറി ഉൾപ്പടെ നിർമ്മിച്ചെങ്കിൽ മാത്രമേ അവിടെ ബസ് നിർത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി അനുവാദം തന്നാൽ രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് ട്രോൻസ്‌പോർട്ട് സംവിധാനം കൊണ്ടു വരും. കേരളത്തിന്റെ മുക്കിലും മൂലയിലും ബസ് സർവ്വീസും സംരഭകരും വരും. മുൻ മന്ത്രി ആന്റണി രാജുവിനെ താൻ വിമർശിച്ചുവെന്ന് പറയുന്നത് ശരിയല്ല. അത് ഒരു മാധ്യമ പ്രവർത്തകന്റെ മാത്ര സൃഷ്ടിയിലുണ്ടായ വാർത്തയാണ്. തന്നെ 2013 മുതൽ തോൽപ്പിക്കാൻ നടക്കുന്ന മാധ്യമ പ്രവർത്തകനാണ് അയാളെന്നും ഗണേശ് കുമാർ പറഞ്ഞു. എന്നോട് കണക്കില്ലെന്ന് പറഞ്ഞതും ചോർച്ചയുണ്ടെന്ന് പറഞ്ഞതും യൂണിയൻ നേതാക്കളാണെന്നും ഗണേശ് കുമാർ പറഞ്ഞു.
തിരുവനന്തപുരത്ത് പുതിയ ബാറ്ററി ബസ് എത്തിയത് ഒരു മാസം മുമ്പാണ്. എന്നാൽ ഈ ബസ് ഇതുവരെ കഴുകിയിട്ടില്ല. ഞാൻ പറയുന്നത് ശരിയല്ലേ. ഇന്ന് ഇങ്ങോട്ട് വരുമ്പോഴും അതു കണ്ടു. കാർ വാഷ് സംവിധാനം ഉപയോഗിച്ചുള്ള ബസ് കഴുകൽ പ്രായോഗികമല്ല. വെള്ളമില്ലാത്തിടത്തുകൊണ്ടു പോയി വാട്ടർ വാഷ് വച്ചിട്ട് കാര്യമില്ല. ബസ് കഴുകാൻ മാനുവൽ സംവിധാനം കൊണ്ടു വരും. ഇതിന് അടക്കം പദ്ധതികൾ തയ്യറാക്കുമെന്നും മന്ത്രി വിശദീകരിച്ചു. ചെയിൻ സർവ്വീസ് ബസുകൾ 15 മിനിറ്റ് ഇടവിട്ടെന്നത് മാറ്റി അരമണിക്കൂറെന്നതാക്കുമെന്നും മന്ത്രി സൂചന നൽകി.
സത്യപ്രതിജ്ഞക്ക് ശേഷം കടന്നപ്പള്ളി രാമചന്ദ്രൻ സെക്രട്ടറിയേറ്റിൽ എത്തി ചുമതല ഏറ്റെങ്കിലും കെബി ഗണേശ് കുമാർ ഓഫീസിൽ എത്തിയിരുന്നില്ല. ഗതാഗത വകുപ്പിന് പുറമേ സിനിമാ വകുപ്പ് കൂടി വേണമെന്ന് ആവശ്യം മുന്നോട്ടു വച്ചെങ്കിലും മുഖ്യമന്ത്രിയും സിപിഐഎമ്മും ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് ഗണേശ് കുമാർ ഓഫീസിൽ എത്തി ചുമതല ഏറ്റത്. ഇതിന് ശേഷമാണ് തന്റെ മനസ്സിലുള്ള പദ്ധതികൾ വിശദീകരിച്ചത്. കെ എസ് ആർ ടി സിയെ ലാഭത്തിലാക്കുമെന്നും ഗണേശ് കുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കൽ നടക്കുന്ന കാര്യമല്ലെന്നും എന്നാൽ, നഷ്ടം കുറക്കാനും ചെലവ് ചുരുക്കാനും കഴിയുമെന്നും പുതിയ ഗതാഗത മന്ത്രിയും നടനുമായ കെ.ബി. ഗണേശ് കുമാർ നേരത്തെ പ്രതികരിച്ചിരുന്നു. താഴെതട്ടിൽ വരെ താൻ എങ്ങിനെയാണ് ചെലവ് ചുരുക്കുകയെന്ന് രണ്ടാഴ്ച കൊണ്ട് എല്ലാവർക്കും മനസ്സിലാകുമെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു.
ഒരുപാട് കടം വാങ്ങി അശാസ്ത്രീയമായി ഉപയോഗിച്ചതും പാഴ്ചിലവുകളുമാണ് കെ.എസ്.ആർ.ടി.സിയെ നശിപ്പിച്ചത്. സ്‌പെയർ പാർട്‌സുകൾ ലോക്കൽ പർച്ചേസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ നഷ്ടം സംഭവിക്കുന്നുണ്ട്. അവിടെ അഴിമതിക്കും സാധ്യതയുണ്ട്. ഇതിന് കമ്മിഷൻ വാങ്ങുന്ന ആശാന്മാരുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരുമായും പെൻഷനേഴ്‌സുമായും സ്വകാര്യബസ് ഉടമകളുമായും ഒക്കെ സംസാരിക്കും. അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റും ഫാനും ഓഫാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇടപെടൽ വേണമെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു.
നേരത്തെ ഗതാഗത വകുപ്പ് ചുമതലയുണ്ടായിരുന്നപ്പോൾ കെഎസ്ആർടിസിയിൽ ഗണേശ് കുമാർ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു. ഇത്തവണയും അദ്ദേഹത്തിന് കൃത്യമായ പ്ലാനുണ്ടെന്നാണ് സൂചന. കെഎസ്ആർടിസിയെ വൻ ലാഭത്തിലാക്കാം എന്ന വലിയ വായിലെ വാഗ്ദാനങ്ങളൊന്നും ഗണേശ് കുമാർ നൽകുന്നില്ല. എങ്കിലും നഷ്ടം കുറയ്ക്കാനുള്ള ചില പൊടിക്കൈകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്.
അതിൽ വ്യത്യസ്തമായതാണ് കുട്ടി ബസ്. 2001ലെ പദ്ധതി വീണ്ടും വരികയാണ്. കെഎസ്ആർടിസിയിലെ മിക്ക ബസുകളും ഏതാനും പേരുമായിട്ടാണ് യാത്ര ചെയ്യുന്നത്. ദീർഘ ദൂര ബസുകളിൽ ആളുകൾ നന്നേ കുറവാണ്. ഈ സാഹചര്യത്തിലാണ് ഗണേശ് കുമാറിന്റെ കുട്ടി ബസ് ആശയം. ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ടാണ് ഇത്തരം ബസുകൾ. കുട്ടി ബസ് വീണ്ടും വരും എന്നാണ് സൂചന.
കെഎസ്ആർടിസി ബസുകളുടെ മൈലേജ് മൂന്ന് കിലോമീറ്ററാണ്. പല റൂട്ടുകളിലും യാത്രക്കാർ കുറവാണ്. ഗ്രാമീണ മേഖലയിൽ നല്ല പുതിയ റോഡുകൾ നിരവധിയാണ്. ഇത്തരം സാധ്യതകളെല്ലാം പരിശോധിക്കുമ്പോൾ ചെറിയ ബസുകളാണ് നല്ലത്. ദീർഘദൂര ബസിലെ ജീവനക്കാർക്ക് ചെല്ലുന്നിടത്ത് വിശ്രമിക്കാൻ എസി സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഗൂഗിൾ പേ സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ കൺസഷൻ കൂട്ടില്ല. പകരം വിദ്യാർത്ഥികൾ മാത്രമേ കൺസഷൻ ആനുകൂല്യം ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും. വിദ്യാലയങ്ങളില്ലാത്ത അവധി ദിവസങ്ങളിൽ കൺസഷൻ നൽകില്ലെന്നും മന്ത്രി നിലപാട് എടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ