തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാര വളപ്പില്‍ മോട്ടര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിയപ്പോയ സംഭവം വലിയ വിവാദമായിരുന്നു. പുതിയ എംവിഡി വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ആയിരുന്നു ചടങ്ങില്‍ നടക്കേണ്ടിയിരുന്നത്. സംഘാടന പിഴവില്‍ മന്ത്രി അതൃപ്തനായിരുന്നു. ഈ സാഹചര്യത്തില്‍ കമ്മീഷണറേറ്റിലെ അസി.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിശദീകരണത്തിന് ശേഷം നടപടി ഉണ്ടാകും.

52 വാഹനങ്ങളുടെ ഫ്‌ലാഗോഫിനായിരുന്നു മന്ത്രി എത്തിയത്. എന്നാല്‍ പരിപാടിയിലെ സംഘാടനത്തിലെ പിഴവ് കണ്ട് മന്ത്രി ക്ഷുഭിതനായി ഇറങ്ങി പോവുകയായികരുന്നു. ചടങ്ങില്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നതിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.സംഘാടകരുടെ വീഴ്ചകളടക്കം മന്ത്രി വേദിയില്‍ തന്നെ തുറന്നു കാട്ടിയാണ് ഇറങ്ങിപ്പോയത്. ഉത്തരവാദികളായ ആളുകള്‍ക്കെതിരെ നടപടിയെടുത്ത ശേഷം ചടങ്ങിന്റെ ഉദ്ഘാടനം വീണ്ടും നടത്തുമെന്നും ഗണേഷ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അസി.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ജോയിയാണ് ആരോപണ വിധേയന്‍.

എല്ലാ അര്‍ത്ഥത്തിലും ചടങ്ങു പാളിയെന്നാണ് ഗതാഗതമന്ത്രിയുടെ വിലയിരുത്തല്‍. കനകക്കുന്നിലെ കൊട്ടാരത്തിന് മുന്നിലാണ് പരിപാടി ആസൂത്രണം ചെയ്തത്. എന്നാല്‍ കൊട്ടാര വളപ്പിലെ ടൈല്‍ ചീത്തയാകുമെന്ന ന്യായത്തില്‍ അത് അവിടെ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തടസ്സം നിന്നതായും സൂചനയുണ്ട്. ഇതിന് ശേഷം പരിപാടി നിശാഗന്ധിക്ക് മുന്നിലേക്ക് മാറ്റി. അവിടെ അത്ര മികച്ച സൗകര്യം ഉണ്ടാക്കാനും കഴിഞ്ഞില്ല. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. പല ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടും പുറത്തേക്ക് വരാതെ വാഹനങ്ങളില്‍ തുടര്‍ന്നതായും മന്ത്രിക്ക് സൂചനകള്‍ കിട്ടിയിട്ടുണ്ട്. മന്ത്രി വരുന്ന ഗൗരവം ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊണ്ടില്ലെന്നതാണ് പ്രകോപന കാരണം. ആളൊഴിഞ്ഞ കസേരകള്‍ തന്റെ പരിപാടിയില്‍ പാടില്ലെന്ന സന്ദേശം കൂടിയാണ് മന്ത്രി നല്‍കുന്നത്.

ഗതാഗത കമ്മീഷണറേറ്റിലേ ഉദ്യോഗസ്ഥര്‍ക്കായിരുന്നു ചടങ്ങിന്റെ ചുമതലകള്‍ നല്‍കിയിരുന്നത്. ഗതാഗത കമ്മീഷണര്‍ ഇപ്പോള്‍ പരിശീലനത്തിനായി അവധിയിലാണ്. അതിനാല്‍ അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് കൃഷ്ണനാണ് ചുമതല. അദ്ദേഹം ഒരു യോഗം വിളിച്ച് ചേര്‍ത്ത് അസി.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ചുമതലകള്‍ നല്‍കുകയായിരുന്നു. ചുമതലകള്‍ അസി.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍വഹിച്ചില്ല. ഇതാണ് ചടങ്ങിന് പ്രശ്‌നമായത്. അതേസമയം മന്ത്രിയുടെ നടപടിക്കെതിരെ ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലും പ്രതിഷേധം ഉയരുന്നുണ്ട്.

ചടങ്ങില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ചില പാര്‍ട്ടിക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. വിവിധ ആര്‍ടി ഓഫീസുകളിലെ ഉദ്യോഗസ്ഥരെപ്പോലും സംഘടിപ്പിക്കാന്‍ സാധിച്ചില്ല. കെഎസ്ആര്‍ടിസി ചടങ്ങുകളിലുണ്ടായ ഉദ്യോഗസ്ഥ പങ്കാളിത്തം പോലും എംവിഡി പരിപാടിയില്‍ ഉണ്ടായില്ലന്നാണ് പ്രധാന ആരോപണം. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ കത്ത് നല്‍കാത്തതും പരിപാടിയുടെ ഗൗരവം ഉള്‍ക്കൊണ്ട് ഓര്‍മ്മപ്പെടുത്താത്തതുമാണ് പ്രതിസന്ധിയായത്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് 52 വാഹനങ്ങള്‍ വാങ്ങിയത്. ധനവകുപ്പില്‍ മന്ത്രി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് വാങ്ങാനുള്ള പണം അനുവദിച്ചത്. അത്രയും പ്രാധാന്യമുള്ള ഒരു പരിപാടിയായിരുന്നു ഗതാഗതമന്ത്രിക്ക് കനകക്കുന്നിലേത്.