തിരുവനന്തപുരം: ആവേശം മൂത്ത് അമ്പാൻ മോഡൽ സ്വിമ്മിങ് പൂൾ ഒരുക്കിയ യുടൂബർ സഞ്ജു ടെക്കി കൂടുതൽ കുഴപ്പത്തിലേക്ക്. ഹൈക്കോടതി ഇടപടെലിന് പിന്നാലെ മന്ത്രിയും ഇക്കാര്യത്തിൽ കർശന നടപടി വേണമെന്ന നിലപാട് സ്വീകരിച്ചതോടെ യൂടൂബർക്ക് കൂടുൽ പണി കിട്ടുമെന്ന് ഉറപ്പായി. ഇയാൾക്കെതിരെ രൂക്ഷ വിമർശനവമാണ് ഗതാഗത മന്ത്രി കെ ബി ഗണേശ്‌കുമാറും ഉന്നയിച്ചത്. ഇതോടെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് രംഗത്തുണ്ട്.

സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് മന്ത്രി ഗണേശ് കുമാർ വിമർശിച്ചു. മുൻ യൂട്യൂബ് വീഡിയോകൾ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാൻ വരാത്തവിധത്തിലുള്ള നടപടികൾ കൈക്കൊള്ളും. പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്. വീട്ടിൽ സ്വിമ്മിങ് പൂൾ പണിയണം. ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകൾക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. പഴയ കാലമല്ലെന്നും ഗണേശ് കുമാർ പ്രതികരിച്ചു.

വീഡിയോ വൈറലാക്കാൻ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികൾ. കാർ പിടിച്ചെടുത്ത് രജിസ്ട്രേഷൻ റദ്ദാക്കുകയും മോട്ടോർ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെടലിന് പിന്നാലെ കാറിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കി യാത്ര ചെയ്ത വ്‌ലോഗർ സഞ്ജു ടെക്കിക്കെതിരെ നടപടി കടുപ്പിക്കുകയും ചെയ്തിരുന്നു. നിയമലംഘനങ്ങൾക്കെതിരായ കേസ് കോടതിയിൽ സമർപ്പിച്ചു. കസ്റ്റഡിയിൽ എടുത്ത കാറും തെളിവായി കോടതിയിൽ ഹാജരാക്കി.

കാറിൽ സ്വിംമ്മിങ്ങ് പൂൾ ഒരുക്കി കുളിച്ചുകൊണ്ട് റോഡിലൂടെയാത്രചെയ്ത സഞ്ജു ടെക്കിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. ഇതനുസരിച്ച് മോട്ടർ വാഹനവകുപ്പ് നിയമലംഘനങ്ങൾക്ക് എതിരെ ചുമത്തിയ കേസ് ആലപ്പുഴ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു

വാഹനത്തിന് രൂപമാറ്റം വരുത്തിയത് അടക്കമുള്ള നിയമലംഘനങ്ങൾക്ക് സാമൂഹ്യ സേവനവും പരിശീലനവുമാണ് ശിക്ഷ നൽകിയിരുന്നത്. ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതോടെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് രംഗത്തുവന്നു. വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും കാറിന്റെ റജിസ്‌ട്രേഷൻ റദ്ദാക്കാൻ രജിസ്‌ട്രേഷൻ അഥോറിറ്റിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

സ്വീകരിച്ച നടപടികളെക്കുറിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ മോട്ടർ വാഹനവകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് യുടൂബർ രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരായ നടപടികൾ കടുപ്പിക്കാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്. എന്നാൽ, സംഭവം വാർത്തയായതും കേസെടുത്തതും തനിക്ക് ഗുണമായെന്നും 10 ലക്ഷം രൂപ മുടക്കിയാൽ പോലും ലഭിക്കാത്ത പ്രചാരണമാണ് തനിക്ക് കിട്ടിയതെന്നും സഞ്ജു ടെക്കി പറഞ്ഞിരുന്നു.