തിരുവനന്തപുരം: സോളാർ അന്വേഷണ റിപ്പോർട്ടിൽ കെബി ഗണേശ് കുമാറിനെതിരായ ഗുരുതരമായ ആരോപണങ്ങൾ ചർച്ചയാക്കി ജ്യോതികുമാർ ചാമക്കാല. റിപ്പോർട്ടിലെ ഭാഗങ്ങളുടെ സക്രീൻ ഷോട്ട് സഹിതമാണ് വെളിപ്പെടുത്തൽ. താനൊരു കപട സദാചാരവാദി അ്‌ല്ലെന്ന് നിയമസഭയിൽ ഗണേശ് കുമാർ പറഞ്ഞിരുന്നു. ഈ പരാമർശത്തെ പരിഹസിക്കും വിധമാണ് ജ്യോതികുമാർ ജാമക്കാലയുടെ പോസ്റ്റ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേശ് കുമാർ പരാജയപ്പെടുത്തിയത് ജ്യോതികുമാറിനെയാണ്.

ജ്യോതികുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

താൻ ഒരു കപട സദാചാരവാദി അല്ലെന്ന് K B ഗണേശ്‌കുമാർ നിയമസഭയിൽ.....

ശ്രീ ഉമ്മൻ ചാണ്ടിയെ ലൈംഗിക അപവാദ കേസിൽ പെടുത്താൻ മുൻകൈയെടുത്തത് K B ഗണേശ് കുമാർ MLA യുടെ നേതൃത്വത്തിലാണെന്ന CBl റിപ്പോർട്ടിലെ എട്ടാം പാരഗ്രാഫിലെ (പേജ് 13) ഒരു ഭാഗം താഴെ കൊടുക്കുന്നു.

'2009 ൽ പരാതിക്കാരി പത്തനാപുരം എംഎൽഎയായ ഗണേശ് കുമാറിനെ സെക്രട്ടറിയറ്റിൽ വച്ച് പരിചയപ്പെട്ടു. അദ്ദേഹം അവരുടെ മൊബൈൽ നമ്പർ വാങ്ങി. തുടർന്ന് ഗണേശ് കുമാർ പരാതിക്കാരിയെ സ്ഥിരമായി ഫോണിൽ വിളിക്കാൻ തുടങ്ങി. അങ്ങനെ അവർ പ്രണയത്തിലായി. വഴുതക്കാട് ടാഗോർ ലൈനിലെ ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി. പരാതിക്കാരി ഗർഭിണിയാവുകയും ചെയ്തു. ഗണേശ് കുമാറിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു. ഇക്കാര്യം ബിജുവിനും അറിയാമായിരുന്നു.'

മാത്രമല്ല, CBI റിപ്പോർട്ടിന്റെ മറ്റൊരു ഭാഗത്ത് ഈ വിഷയം ഗണേശ്‌കുമാറിന്റെ പിതാവിന് അറിയാമായിരുന്നു എന്നും അദ്ദേഹം പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിരുന്നതായും പറയുന്നു. കപട സദാചാരിയല്ലെങ്കിൽ പറയൂ; ഇതിന്മേൽ തുടർനടപടി എപ്പോഴാണ്.....?

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് മുന്മന്ത്രിയും നിലവിലെ പത്തനാപുരം എംഎൽഎയുമായ കെ.ബി. ഗണേശ് കുമാർ ആണെന്ന് സിബിഐയുടെ റിപ്പോർട്ട്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നിപുൻ ശങ്കർ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ 12 ആം പേജിലാണ് രണ്ടാമത്തെ കുട്ടിയുടെ അച്ഛൻ ഗണേശ് കുമാർ ആണെന്ന് വ്യക്തമാക്കുന്നത്. ഗണേശ് കുമാറിന്റെ മാതാവ് ഇക്കാര്യം അറിയുകയും കുട്ടിയെ സംരക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പ് നൽകിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

പ്രതി ഗർഭിണി ആയിരിക്കുമ്പോൾ ജയിലിലായിരുന്നു. ജയിൽവാസം അനുഭവിക്കുന്ന കാലത്തായിരുന്നു രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചത്. പ്രസവസമയത്ത് വിദഗ്ധ ചികിത്സക്കായി എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സോളാർ വിവാദകാലത്ത് തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ഒരു യുവ രാഷ്ട്രീയ നേതാവാണെന്ന് അവർ തന്നെ വെളിപ്പെടുത്തിയിരുന്നു. ആ നേതാവ് തന്റെ കുട്ടിക്ക് വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നും പിതൃത്വത്തെക്കുറിച്ചുള്ള രഹസ്യം രഹസ്യമായി സൂക്ഷിക്കുകയുമായിരുന്നു. ഇതാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നതും.

അതിനിടെ ഗണേശ് കുമാറിനെതിരെ ഒളിയമ്പുമായി സഹോദരിയും രംഗത്തു വന്നിട്ടുണ്ട്. ഇതോടെ സോളാറിലെ ആരോപണങ്ങൾക്ക് പുതിയ തലം വരികയാണ്. ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തുന്നവർ തന്നെയാണു സോളർ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാരെന്നു കെ.ബി.ഗണേശ്കുമാറിന്റെ സഹോദരിയും കേരള കോൺഗ്രസ്ബി (ഉഷ മോഹൻദാസ് വിഭാഗം) ചെയർപഴ്സനുമായ ഉഷ മോഹൻദാസ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സിബിഐയ്ക്ക് മൊഴി കൊടുത്തിരുന്നുവെന്ന് ഗണേശ് കുമാർ പറഞ്ഞിരുന്നു.

ശരണ്യ മനോജ് ഉൾപ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഗണേശും ചേർന്ന ഗൂഢാലോചനയാണോയെന്നു ചോദിച്ചപ്പോൾ താനായിട്ട് അതു പറയുന്നില്ലെന്നായിരുന്നു മറുപടി. ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേക്കു വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ടെന്നും ഉഷാ മോഹൻദാസ് വിശദീകരിച്ചു.

ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛൻ വായിച്ചതാണ്. ഉമ്മൻ ചാണ്ടിക്കെതിരെ അതിൽ മോശമായ ഒരു വാക്കു പോലുമില്ലെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങിയ പരാതിക്കാരി 3 മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നത് ഉഷ ആരോപിച്ചു.

താൻ ഗൂഢാലോചനയിൽ പങ്കാളിയല്ലെന്ന് മനോജ് പറഞ്ഞിരുന്നു. പിള്ളയുടെ കുടുംബത്തിലെ സ്വത്ത് തർക്കത്തിൽ ഉഷാ മോഹൻദാസിനെതിരായ നിലപാടാണ് മനോജ് എടുത്തിരുന്നത്. പിള്ളയുടെ അടുത്ത ബന്ധു കൂടിയാണ് മനോജ്.