കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറയുമ്പോള്‍ ചര്‍ച്ച പുതിയ തലത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വിഭിന്നമാണ് ഗണേഷിന്റെ അഭിപ്രായം. എന്‍ എസ് എസ് നിലപാടിനെയാണ് ഗണേഷ് ഉയര്‍ത്തിക്കാട്ടുന്നത്.

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. മാറ്റങ്ങള്‍ വേണമെങ്കില്‍ തന്ത്രിമാരുമായി ചര്‍ച്ച ചെയ്തും ദേവപ്രശ്‌നം വെച്ച് നോക്കണമെന്നും മന്ത്രി പറഞ്ഞു. 'നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന പല ആചാരങ്ങളിലും മാറ്റം വന്നിട്ടുണ്ട്. വസ്ത്രം ഊരി മാത്രമെ ക്ഷേത്രങ്ങളില്‍ പോകാവൂ എന്ന ആചാരം മാറ്റണം' എന്നായിരുന്നു പിണറായി വിജയെന്റ പ്രസ്താവന. ഇത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മന്ത്രിസഭയില്‍ തന്നെ എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗണേഷിന്റെ പ്രസ്താവന. ഏതായാലും ആചാരങ്ങളില്‍ ചര്‍ച്ച തുടരുകയാണ്.

സനാതന ധര്‍മ്മം അശ്ലീലം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതെന്നും അത് അജ്ഞത ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധര്‍മ്മത്തെ സംഘപരിവാറിന് കൊടുക്കുകയാണ്. സനാതനധര്‍മ്മമെന്നത് സംഘപരിവാറിന്റെ കീഴില്‍ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച വിവാദം അതാത് സമുദായങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കണം. അല്ലാതെ പൊതു ചര്‍ച്ച അല്ല വേണ്ടത്. മുഖ്യമന്ത്രി അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ സനാതന ധര്‍മ്മം ചാതുര്‍വര്‍ണ്യം എന്ന് പറയുന്നത് തെറ്റാണ്. കാവി ഉടുത്തവരെല്ലാം ആര്‍എസ്എസ് അല്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദര്‍ശനത്തില്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കാലാന്തരത്തില്‍ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. സനാതന ധര്‍മ്മത്തിന്റെ വക്താവായി ഗുരുവിനെ സ്ഥാപിക്കാന്‍ ശ്രമം നടത്തുകയാണ്. എന്നാല്‍ സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്. സാമൂഹിക പരിഷ്‌കര്‍ത്താവായ ഗുരുവിനെ മതനേതാവാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. സനാതന ധര്‍മത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്‌മണാധിപത്യത്തിന്റെ രാജവാഴ്ചയാണ്. ജനാധിപത്യം അലര്‍ജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

സതീശന്‍, ഗണേഷ് കുമാര്‍, പിണറായി വിജയന്‍, ഷര്‍ട്ടൂരല്‍, സനാതന ധര്‍മ്മം, സിപിഎം