കൊല്ലം: രജനീകാന്ത് ചിത്രത്തിലെ പ്രതിനായക വേഷം കൊണ്ട് എല്ലാവരുടെയും കൈയടികൾ നേടുകയാണ് നടൻ വിനായകൻ, വിനായകന്റെ സിനിമയെന്ന വിധത്തിലാണ് മലയാളത്തിലെ ആഘോഷങ്ങൾ. സിനിമയിൽ രജനികാന്തിനോട് കട്ടയ്ക്ക് നിൽക്കുന്ന വില്ലനാണ് വിനായകന്റെ കഥാപാത്രം. ഇപ്പോൾ വിനായകനെ പുകഴ്‌ത്തി രംഗത്തുവന്നിരിക്കയാണ് നടനും എംഎൽഎയുമായ ഗണേശ്‌കുമാറും.

കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കുമെന്നും അതിൽ വ്യക്തിപരമായ അഭിപ്രായവ്യത്യാസം ബാധകമല്ലെന്നും ഗണേശ്‌കുമാർ പറഞ്ഞു. വിനായകൻ നല്ല നടനാണെന്നും അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസം ചില പരാമർശങ്ങളുടെ പേരിൽ മാത്രമാണെന്നും ഗണേശ് കുമാർ പറഞ്ഞു. 'ജയിലർ' സിനിമ കാണാൻ തിയറ്ററിലെത്തിയ അദ്ദേഹം ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിനായകൻ സിനിമയിലുണ്ടെന്നും അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആളല്ലേ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗണേശ്.

''ജയിലർ കണ്ടവരെല്ലാം പടം നല്ലതാണെന്ന് പറഞ്ഞു. അപ്പോൾ ഒന്ന് കണ്ടുനോക്കാമെന്ന് വിചാരിച്ചു. അങ്ങനെയാണ് സിനിമ കാണാൻ വന്നത്. അല്ലെങ്കിലും രജിനീകാന്തിന്റെ പടമാണെങ്കിൽ ഒന്നു കണ്ട് നോക്കും. പിന്നെ റിവ്യൂ വായിച്ചപ്പോൾ എല്ലാം പോസിറ്റീവാണ്. അതുകൊണ്ട് കാണാം എന്ന് കരുതി.''ഗണേശ് കുമാർ പറഞ്ഞു.

'സിനിമയിൽ മോഹൻലാലും വിനായകനുമൊക്കെ ഉണ്ടല്ലോ, വിനായകൻ പ്രതിനായകവേഷം ഗംഭീരമാക്കിയല്ലോ' എന്ന ചോദ്യത്തിന് 'എല്ലാവരും ഉണ്ട്, എല്ലാവരും നല്ലതായിരിക്കും, വിനായകനൊക്കെ നല്ല നടനല്ലേ, അതിൽ ഒരു തർക്കവുമില്ല' എന്നുമായിരുന്നു ഗണേശ് മറുപടി പറഞ്ഞത്. വിനായകനോടുള്ള അഭിപ്രായ വ്യത്യാസം ചില പരാമർശത്തിന്റെ പേരിലാണെന്നും അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഗണേശ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട് വിനായകൻ നടത്തിയ ചില പ്രസ്താവനകൾ വിവാദമായില്ലേ എന്ന ചോദ്യത്തിന് അതും ഇതുമായി ബന്ധമില്ലെന്നും ഒരു നടനെന്ന നിലയിലും കലാകാരൻ എന്ന നിലയിലും കഴിവുള്ളവരെ താൻ അംഗീകരിക്കുമെന്നും മലയാളത്തിലെ എല്ലാവരും മികച്ച പ്രതിഭകളാണെന്നും ഗണേശ് കുമാർ പറഞ്ഞു.

നേരത്തെ ഉമ്മൻ ചാണ്ടിക്കെതിരേ സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശത്തിന് നടൻ വിനായകനെതിരെ കെ.ബി.ഗണേശ് കുമാർ രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഇങ്ങനെ പറയാൻ സമൂഹത്തിൽ ഒരുപകാരവുമില്ലാത്തയാൾക്ക് അർഹതയില്ലെന്നും സംസ്‌കാര ശൂന്യനായ ഒരാളേക്കൊണ്ടേ അത്തരം പരാമർശങ്ങൾ നടത്താൻ സാധിക്കൂ എന്നും ഗണേശ് കുമാർ എംഎ‍ൽഎ. പറഞ്ഞു. ഒരാളുടെ നിലവാരമറിയാൻ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്. പൊലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കിൽ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും എംഎ‍ൽഎ. കൂട്ടിച്ചേർത്തു.

വളരെ ദൗർഭാഗ്യകരവും കേരള സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് അദ്ദേഹം നടത്തിയത്. സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയുമില്ല, അർഹതയുമില്ല. സംസ്‌കാരശൂന്യനായ ഒരാളെ കൊണ്ടേ അത് സാധിക്കൂ. മദ്യപിച്ചും ലഹരിമരുന്നുകൾക്ക് അടിമപ്പെട്ടും വൃത്തികേടുകൾ പറയുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം. പൊലീസ് കേസെടുത്തില്ലെങ്കിൽ ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തിൽ ഇടപെടണം, എംഎ‍ൽഎ. വ്യക്തമാക്കിയിരുന്നു.