- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രണ്ടോ മൂന്നോ ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ മൂന്നു ദിവസം പാർപ്പിച്ച് സുരക്ഷിതമായി തിരികെ സമുദ്രത്തിൽ ഇറക്കുന്നത് അടുത്ത ലക്ഷ്യം; ചന്ദ്രനിൽ ആദ്യ ഇന്ത്യാക്കാരൻ 2040നകം; നാല് വ്യോമസേനാ പൈലറ്റുമാർ പ്രത്യേക പരിശീലനത്തിൽ; ചന്ദ്രയാനിൽ ഇന്ത്യ മുന്നോട്ട്; പ്രതീക്ഷയിൽ ഇസ്രോ
തിരുവനന്തപുരം: വിജയകരമായ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിനുശേഷം 2040നകം ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ ഊർജിതപ്പെടുത്തിയതായി ചെയർമാൻ എസ്. സോമനാഥ്. രണ്ടോ മൂന്നോ ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ (എൽഇഒ അഥവാ ലോവർ എർത് ഓർബിറ്റ്) മൂന്നു ദിവസം പാർപ്പിച്ച് സുരക്ഷിതമായി തിരികെ സമുദ്രത്തിൽ ഇറക്കുന്നതാണ് ഗഗൻയാൻ പരിപാടിയുടെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ മനോരമ ഇയർബുക്കിനു വേണ്ടി എഴുതിയ പ്രത്യേക ലേഖനത്തിലാണ് എസ് സോമനാഥ് വിവരങ്ങൾ പങ്കുവച്ചത്. വ്യോമസേനയിൽനിന്നു നാല് പൈലറ്റുമാരെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ ബെംഗളൂരുവിലെ ആസ്ട്രനോട്ട് ട്രെയിനിങ് ഫെസിലിറ്റി (എടിഎഫ്) യിൽ പ്രത്യേക പരിശീലനത്തിലാണിവരെന്നും ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്‌പേസ് മിഷൻ ചെയർമാനും കൂടിയായ അദ്ദേഹം വെളിപ്പെടുത്തി.
നിർണായകവും സങ്കീർണവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗഗൻയാന്റെ ഉദ്ഘാടന ദൗത്യം നടക്കുന്നത്. മനുഷ്യനെ വഹിക്കാൻ കഴിയുന്ന പേടകം അഥവാ ഹ്യൂമൻ റിലേറ്റഡ് ലോഞ്ച് വെഹിക്കിളാണ് (എച്ച്എൽവി എം 3) ഇതിൽ പ്രധാനം. ക്രൂ മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ, ജീവൻ രക്ഷോപകരണങ്ങൾ എന്നിവ അടങ്ങിയതാണിത്. യഥാർഥ വിക്ഷേപണത്തിനുമുൻപ് മനുഷ്യനെക്കൂടാതെയുള്ള ദൗത്യങ്ങൾ (ജി 1, ജി 2) വിക്ഷേപിക്കും. ഇന്റഗ്രേറ്റഡ് എയർ ഡ്രോപ് ടെസ്റ്റ്, പാഡ് അബോർട്ട് ടെസ്റ്റ്, ടെസ്റ്റ് വെഹിക്കിൾ ഫ്‌ളൈറ്റ്‌സ് എന്നിവയാണ് മുന്നോടിയായി നടത്തുന്നത്.
ഭൂമിയിലേതിനു സമാനമായ അന്തരീക്ഷത്തോടെയാണ് ക്രൂ മൊഡ്യൂൾ നിർമ്മിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ സഞ്ചാരികൾക്ക് രക്ഷപ്പെടാനുള്ള ക്രൂ എസ്‌കേപ് സിസ്റ്റവും ഇതിലുണ്ട്. കഴിഞ്ഞ ഒക്ടോബർ 21 ന് ആദ്യ പരീക്ഷണ പേടകം വിജയകരമായി ബംഗാൾ ഉൾക്കടലിൽ തിരിച്ചിറക്കിയിരുന്നു. കടലിൽനിന്ന് നാവികസേന ഇതു സുരക്ഷിതമായി വീണ്ടെടുക്കുകയും ചെയ്തു. ഈ പരീക്ഷണം 2025 ൽ നടക്കാൻ പോകുന്ന വിജയകരമായ ബഹിരാകാശ മനുഷ്യദൗത്യത്തിന് ഏറെ നിർണായകമായിരുന്നു.
സൗരദൗത്യമായ ആദിത്യ എൽ 1 ആണ് ഐഎസ്ആർഒയുടെ മറ്റൊരു പ്രധാന പദ്ധതി. ലാഗ്‌റേഞ്ച് പോയിന്റ് എന്നറിയപ്പെടുന്ന സുപ്രധാന സ്ഥലം വരെയെത്തി സൂര്യനെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ചാന്ദ്രസൂര്യ ദൗത്യങ്ങളിൽ ഇന്ത്യയുടെ കഴിവ് തെളിയിക്കുക കൂടിയാണ് ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ആദിത്യ എൽ 1ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൗരനേത്രം, സൗരവാതം, സൗരസ്ഫുലിംഗങ്ങൾ, ഗ്രഹാന്തര കാന്തിക ഇടങ്ങൾ എന്നിവയെക്കുറിച്ചാണ് ഇത് പഠനം നടത്തുന്നത്.
അഞ്ച് വർഷമാണ് 2023 സെപ്റ്റംബർ 2 ന് വിക്ഷേപിച്ച ആദിത്യ എൽ ഒന്നിന്റെ കാലാവധി. 2024 ജനുവരിയോടെ 15 ലക്ഷം കി.മീ സഞ്ചരിച്ച് പേടകം ലാഗ്‌റേഞ്ച് പോയിന്റിലെത്തി ഹാലോ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഓഗസ്റ്റ് 23 ന് സുരക്ഷിതമായി ഇറങ്ങിയ ചന്ദ്രയാൻ മൂന്ന് ദൗത്യം ചരിത്രപരമായ സംഭവമായിരുന്നു. ഇതിന്റെ പ്രാധാന്യമുൾക്കൊണ്ടാണ് പ്രധാനമന്ത്രി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശദിനമായി പ്രഖ്യാപിച്ചത്. 14 ദിവസത്തെ ചാന്ദ്രവാസത്തിൽ അലുമിനിയം, കാൽസ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, സൾഫർ, മാംഗനീസ്, സിലിക്കോൺ, ഓക്‌സിജൻ എന്നിവ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി.
സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി), റിയൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി), എക്‌സ്‌റേ ആസ്‌ട്രോണമി മിഷൻ അഥവാ എക്‌സ്‌പോസാറ്റ് (എക്‌സ്‌റേ പോളാരിമീറ്റർ സാറ്റലൈറ്റ്), സ്‌പേസ് ഡോക്കിങ് എക്‌സിപെരിമെന്റ്, എൽഒഎക്‌സ് മീഥൈൻ എൻജിൻ തുടങ്ങിയ സുപ്രധാന പദ്ധതികൾ വിവിധ ദശകളിലാണ്. ഭൂമിയിൽ നിന്ന് 500 കിമി അകലെയുള്ള ഭ്രമണപഥത്തിൽ 500 കിലോ വരെ ഭാരമുള്ള പല ഉപഗ്രഹങ്ങൾ ഒരേസമയത്ത് എത്തിക്കാൻ കഴിയുന്ന വിക്ഷേപണ റോക്കറ്റാണ് എസ്എസ്എൽവി. കുറഞ്ഞ അടിസ്ഥാനസൗകര്യത്തിൽ കുറഞ്ഞ ചെലവിൽ വിക്ഷേപണം നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനകം രണ്ട് പരീക്ഷണ വിക്ഷേപണങ്ങൾ നടത്തിക്കഴിഞ്ഞു. ഉടൻ തന്നെ ഈ പദ്ധതി പ്രാവർത്തികമായി നടപ്പാക്കാനൊരുങ്ങുകയാണ്.
ബഹിരാകാശത്തെ എക്‌സറേ ഉറവിടങ്ങളെക്കുറിച്ചറിയാനുള്ള ദൗത്യമാണ് എക്‌സ്‌പോസാറ്റ്. 2023-24 ൽ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ഇതിൽ ശാസ്ത്ര ഗവേഷണ ഉപകരണങ്ങളുണ്ടാവും. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് അത്യാധുനിക ദൗത്യമാണ്. ചേസർ എന്നും ടാർഗെറ്റെന്നും പേരുള്ള രണ്ട് സാറ്റലൈറ്റുകൾ ഒന്നിച്ചാണ് വിക്ഷേപിക്കുന്നത്. ഒരെണ്ണം ഉപരിതലത്തിൽ ഇറങ്ങാനും മറ്റേത് വിജയകരമായി തിരികെ വരാനും ഉദ്ദേശിച്ചുള്ളതാണ്. 2024 ന്റെ മൂന്നാം പാദത്തിൽ ഇത് വിക്ഷേപിക്കും. ചന്ദ്രയാൻ പോലുള്ള ദൗത്യങ്ങളിൽ ഇതായിരിക്കും ഭാവിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവിയുടെ സാങ്കേതികവിദ്യ എന്നു പറയാവുന്നതാണ് ലോക്‌സ് മീഥൈൻ (ലിക്വിഡ് ഓക്‌സിജൻ ഓക്‌സിഡൈസർ ആൻഡ് മീഥൈൻ ഫ്യൂവൽ) ഇന്ധനം അടിസ്ഥാനമാക്കിയുള്ള എൻജിൻ. ചൊവ്വ പോലുള്ള ഗ്രഹങ്ങളിൽ പര്യവേഷണം നടത്താൻ ഇതിലൂടെ എളുപ്പം സാധിക്കും. മീഥൈൻ എന്ന സ്‌പേസ് ഇന്ധനവും വെള്ളവും കാർബൺ ഡൈ ഓക്‌സൈഡും ചേർന്നാണ് ഇത് രൂപപ്പെടുത്തുന്നത്.
2035 നകം ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ അഥവാ ബഹിരാകാശനിലയമെന്ന സ്വപ്ന പദ്ധതിക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ശുക്രന്റെ ഭ്രമണപഥത്തിലെത്താനും ചൊവ്വയിൽ ഇറങ്ങാനുമുള്ള ഗ്രഹാന്തരയാത്രകൾക്ക് സഹായിക്കുന്നതിനൊപ്പം ഈ ഉദ്യമം ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കുകയും ചെയ്യുമെന്ന് സോമനാഥ് പറഞ്ഞു.