- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ലാത്തിയെക്കാൾ നീളമുള്ളതും കാറിലിരുന്നുതന്നെ വീശിയടിക്കാൻ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡ്; പൊലീസ് മാന്വലിനു വിരുദ്ധമായ ആയുധങ്ങൾ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ! റോഡിലറങ്ങിയുള്ള ഗൺമാന്റെ പരാക്രമം കേന്ദ്രത്തിന് മുന്നിൽ; യൂത്ത് കോൺഗ്രസ് ഉറച്ച നിലപാടിൽ
ആലപ്പുഴ: യൂത്ത് കോൺഗ്രസ്-കെ.എസ്.യു. നേതാക്കളെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരേയും സുരക്ഷാസംഘത്തിലെ പൊലീസുകാർക്കെതിരേയും നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കേന്ദ്രസർക്കാരിനെ സമീപിച്ചത് നിർണ്ണാകയ നീക്കം. കേരളത്തിൽ നീതി കിട്ടില്ലെന്ന തിരിച്ചറിവിലാണ് ഇത്. കേന്ദ്ര ആഭ്യന്തരമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മിഷൻ, ഗവർണർ എന്നിവർക്കാണു പരാതിനൽകിയത്. ഗൺമാന്റെ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് നീക്കം. നവകേരള ബസ് കടന്നുപോയപ്പോൾ പ്രതിഷേധിച്ചവരെ മർദ്ദിച്ചെന്നാണ് ആക്ഷേപം.
പൊലീസുകാർ സാധാരണ ഉപയോഗിക്കുന്ന ലാത്തിയെക്കാൾ നീളമുള്ളതും കാറിലിരുന്നുതന്നെ വീശിയടിക്കാൻ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡാണ് ഗൺമാൻ ഉപയോഗിച്ചത്. പൊലീസ് മാന്വലിനു വിരുദ്ധമായ ആയുധങ്ങൾ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ കൊണ്ടുനടക്കുന്നുവെന്നതും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി കേന്ദ്രത്തെ സമീപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാനിൽ നിന്നും ലാത്തിയടിയേറ്റ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർ ചികിത്സയിലാണ്.
തോമസിന്റെ തലയ്ക്കും കൈക്കുമാണു പരിക്ക്. അജയ് ജുവൽ കുര്യാക്കോസിന്റെ കൈക്ക് ഒടിവുണ്ട്. സംഘടനയുടെ ആലപ്പുഴ നോർത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറി സജിൽ ഷെരീഫാണു പരാതിക്കാരൻ. മുഖ്യമന്ത്രി കടന്നുപോയശേഷമാണ് ഗൺമാനും സംഘവും നേതാക്കളെ തല്ലിച്ചതച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷനോക്കേണ്ടവർക്ക് മറ്റുള്ളവരെ മർദിക്കാൻ അവകാശമില്ല. അതിനാൽ വധശ്രമം, സംഘംചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഗൺമാനുൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്നാണാവശ്യം.
സംസ്ഥാനത്ത് ഇവർക്കെതിരേ നടപടിയെടുക്കില്ലെന്നുറപ്പായതിനാലാണ് ഡി.ജി.പി.ക്കു പരാതി നൽകിയതിനു പുറമേ, കേന്ദ്രത്തെ സമീപിച്ചതെന്നു സജിൽ ഷെരീഫ് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗൺമാൻ, അകമ്പടിവാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിത്തകർക്കാൻ ശ്രമിച്ചതിന് ദൃശ്യ തെളിവുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും വാഹനത്തിൽനിന്നിറങ്ങി കെഎസ്‌യുക്കാരെ തല്ലാൻ മുന്നിൽനിന്ന ഗൺമാൻ, ഇടുക്കിയിൽ പത്ര ഫൊട്ടോഗ്രഫറുടെ കഴുത്തിനു പിടിച്ചിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുകയെന്നതാണു ഗൺമാന്റെ ചുമതലയെന്നിരിക്കെ, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയിക്കഴിഞ്ഞ് എസ്‌കോർട്ട് വാഹനത്തിൽനിന്നു റോഡിലിറങ്ങി പരാക്രമം കാണിക്കുന്നത് എല്ലാ ചട്ടവും ലംഘിച്ചാണെന്നാണ് നിഗമനം. യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാർ പിടിച്ചുവച്ചു തല്ലുമ്പോൾ വടിയുമായി ഗൺമാനുമുണ്ടായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽ ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ലോക്കൽ പൊലീസ് നീക്കുന്നതിനിടെയാണ് ഗൺമാൻ കാറിൽനിന്നു വടിയുമായി പുറത്തിറങ്ങി യുവാക്കളുടെ തലയിൽ അടിച്ചത്.
മുഖ്യമന്ത്രിയുടെ ബസിനൊപ്പം സഞ്ചരിച്ച് സുരക്ഷയൊരുക്കേണ്ടയാൾ പിന്നിലുള്ള കാറിൽനിന്നിറങ്ങിയാണ് അക്രമത്തിനു നേതൃത്വം നൽകിയത്. എസ്‌കോർട്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാരും മർദിക്കാൻ ഒപ്പം കൂടി. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ കരിങ്കൊടികാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ ഡിവൈഎഫ്ഐ. വൊളന്റിയർമാർ മർദിച്ചതും ആലപ്പുഴയിൽ ചർച്ചയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണ് മർദനമേറ്റത്. അതിക്രൂര അക്രമണമാണ് ഉണ്ടായത്.
കോൺഗ്രസ് കായംകുളം ബ്ലോക്ക് കമ്മിറ്റി ഓഫീസിനുമുന്നിലൂടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി സഞ്ചരിച്ച ബസ് കടന്നുപോകുമ്പോളായിരുന്നു സംഭവം. അജിമോൻ കരിങ്കൊടികാട്ടി മുദ്രാവാക്യം വിളിച്ചയുടൻ സമീപത്തുണ്ടായിരുന്ന പൊലീസ് റോഡിന്റെ വശത്തേക്കു പിടിച്ചുമാറ്റി. ഇതിനിടെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ആലേഖനംചെയ്ത ടീഷർട്ട് ധരിച്ചെത്തിയ അഞ്ച് വൊളന്റിയർമാരിൽ ഒരാൾ അജിമോനെ പിന്നിൽനിന്നു ചവിട്ടുകയായിരുന്നു. രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ് അജിമോൻ. ഇദ്ദേഹത്തെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ