അടൂർ: പള്ളിക്കൽ ഊന്നുകൽ കല്ലായിൽ രതീഷിന്റെ വീട്ടിൽ ആണ് തീ പിടുത്തം ഉണ്ടായത്. ബുധൻ രാവിലെ ഏഴ് മണിയോടെ വീട്ടുകാർ സമീപത്തുള്ള ക്ഷേത്രത്തിൽ പോയ സമയത്ത് ആയിരുന്നു അപകടം. അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ ചോർന്ന് മുറിയിൽ നിറയുകയും അടുക്കളയിൽ കത്തിക്കൊണ്ടിരുന്ന വിറകടുപ്പിൽ നിന്നും വാതകത്തിന് തീ പിടിക്കുകയായിരുന്നു. വീട്ടിൽ നിന്നും ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട സമീപ വാസികൾ ഫയർ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.

അടച്ചിട്ട മുറിയിൽ ചൂട് കൂടി ശക്തമായ മർദ്ദനത്തിൽ വലിയ ശബ്ദത്തോടെ ഗ്ലാസ് ജനലുകൾ പുറത്തേക്ക് പൊട്ടിച്ചിതറി സമീപത്ത് തടിച്ചു കൂടിയിരുന്ന ആളുകൾക്കിടയിലേക്ക് തെറിച്ചു. ചിതറിത്തെറിച്ച ഗ്ലാസ് കഷണം ശരീരത്തിൽ തറച്ച് സമീപവാസിയായ പണയിൽ വാഴപ്പള്ളിൽ വടക്കേതിൽ ഭാനുവിന് (63) പരുക്കേറ്റു. ഇയാളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും വീടിന്റെ വാതിലുകൾ ഇരുമ്പ് പട്ട ഉപയോഗിച്ച് പൂട്ടിയിരുന്നതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല. ആളുകൾ അറിയിച്ചതനുസരിച്ച് ക്ഷേത്രത്തിൽ നിന്നും വീട്ടുകാർ മടങ്ങി എത്തി താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കയറി.

വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പാചക വാതക സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി. തുടർന്ന് ഫയർ ടെണ്ടറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീ നിശേഷം അണച്ചു. വീട്ടിനുള്ളിൽ നിന്നും സാധനങ്ങൾ എല്ലാം പുറത്തേക്ക് മാറ്റി. അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് ഉൾപ്പെടെ വൈദ്യുതി ഉപകരണങ്ങളും, ഗ്യാസ് അടുപ്പുകൾ, പാത്രങ്ങൾ, ഫർണീച്ചറുകൾ എന്നിവയെല്ലാം കത്തി നശിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അരുൺജിത്ത്, സൂരജ്, അനീഷ് കുമാർ, ശരത്, ഗിരീഷ് കൃഷ്ണൻ , അജയകുമാർ എന്നിവരും അഗ്നി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.