റാന്നി: ധാന്യമില്ലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം. യന്ത്രസാമഗ്രികൾ കത്തി നശിച്ചു. ഉടമയടക്കം മൂന്നു പേർ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45 ന് ഇട്ടിയപ്പാറ- ഐത്തല റോഡിൽ മൂഴിക്കൽ ബിൽഡിങ്സിൽ പ്രവർത്തിച്ചു വന്നിരുന്ന ധാന്യം പൊടിക്കുന്ന മില്ലിലാണ് സ്ഫോടനം ഉണ്ടായത്. ഉടമയുൾപ്പെടെ മൂന്ന് പേർ മില്ലിൽ ഉണ്ടായിരുന്നു. ഇവർക്ക് പെട്ടെന്ന് പുറത്തിറങ്ങാനായത് കാരണം ജീവഹാനി ഉണ്ടായില്ല.

ഉടമ മാത്യു സാമുവലിനും ജീവനക്കാരൻ സുനിലിനും പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല. ഉടമയെ റാന്നി സ്വകാര്യ ആശുപത്രിയിലും ജീവനക്കാരനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്തതാണ് അപകടത്തിന് കാരണം. ഉഗ്രശബ്ദത്തോടു കൂടി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീ ആളിപ്പടർന്നു. മില്ലിന് പുറത്തേക്കും തീ പടർന്നു.

തീ ഗോളങ്ങൾ കൊണ്ട് മില്ലിൽ ഉണ്ടായിരുന്ന മെഷിനുകളും മോട്ടോറും വിഴുങ്ങി. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ കട ഉടമ സുധികുമാർ ശബ്ദം കേട്ട് ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വൻ അപകടം ഒഴിവാക്കി. മില്ലിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ രണ്ടും ഒരുപാട് പഴക്കം ചെന്നവയും തുരുമ്പ് പിടിച്ച അവസ്ഥയിലും ആയിരുന്നു.

വ്യാപിക്കാൻ സാധ്യതയുണ്ടായിരുന്ന തീ നാട്ടുകാരുടെയും സമീപത്തെ കടക്കാരുടെയും ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സമയോചിത ഇടപടൽ മൂലം വൻ അപകടം ഒഴിവായി. വിവരമറിഞ്ഞ് എംഎൽഎ പ്രമോദ് നാരായണൻ, പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ, ഡിസിസി അംഗം റിങ്കു ചെറിയാൻ തുടങ്ങി നിരവധി ആളുകൾ സ്ഥലത്തെത്തി.