- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങള്‍ക്ക് നേരേയുള്ള ഓരോ ആക്രമണവും ഞങ്ങളെ കൂടുതല്‍ കരുത്തരാക്കുന്നു; അദാനി ഗ്രൂപ്പിലെ ആര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല; ആരും ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ ഗൂഢാലോചനയോ നടത്തിയിട്ടില്ല; ഇതാദ്യമായല്ല ഇത്തരം വെല്ലുവിളികള്‍ നേരിടുന്നത്; യുഎസ് ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഗൗതം അദാനി
യുഎസ് ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഗൗതം അദാനി
ജയ്പൂര്‍: അദാനി ഗ്രൂപ്പിന് നേരേയുള്ള ഓരോ ആക്രമണവും തങ്ങളെ കൂടുതല്‍ കരുത്തരാക്കിയെന്ന് ഗൗതം അദാനി. ജയ്പൂരില്‍, 51 ാമത് ജെം ആന്‍ഡ് ജ്വല്ലറി പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ' കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, അദാനി ഗ്രീന്‍ എനര്‍ജിക്കെതിരെ യുഎസില്‍ നിന്ന് ഒരുകൂട്ടം ആരോപണങ്ങള്‍ വന്നിരുന്നു. ഇതാദ്യമായല്ല ഞങ്ങള്‍ അത്തരം വെല്ലുവിളികള്‍ നേരിടുന്നത്. എനിക്ക് നിങ്ങളോട് പറയാനുളളത് ഓരോ ആക്രമണവും ഞങ്ങളെ കരുത്തരാക്കുകയാണ്. ഇത് കൂടുതല്‍ ഉറപ്പുള്ള അദാനി ഗ്രൂപ്പിലേക്കുള്ള ചുവട് വയ്പാണ്'-അദാനി പറഞ്ഞു.
'സ്ഥാപിത താല്‍പര്യപ്രകാരമുള്ള റിപ്പോര്‍ട്ടിങ് ധാരാളം വന്നെങ്കിലും അദാനി ഗ്രൂപ്പിലെ ആര്‍ക്കെതിരെയും വിദേശ അഴിമതി പ്രവര്‍ത്തന നിയമപ്രകാരം കുറ്റം ചുമത്തിയിട്ടില്ല. ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരും ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ ഗൂഢാലോചനയോ നടത്തിയിട്ടില്ല.
എന്നിരുന്നാലും ഇന്നത്തെ ലോകത്ത് വസ്തുതകളേക്കാള്‍ പ്രതിലോമ വാര്‍ത്തകളാണ് വേഗത്തില്‍ പരക്കുന്നത്. ഞങ്ങള്‍ നിയമവഴിയിലൂടെ മുന്നോട്ടുപോകുമ്പോള്‍ ലോകനിലവാരമുള്ള നിയമപാലനത്തോടുളള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുവ്യക്തമാക്കുന്നു'- ഗൗതം അദാനി പറഞ്ഞു.
ഇത്തരം വെല്ലുവിളികള്‍ തങ്ങളെ തകര്‍ത്തിട്ടില്ലെന്നും മറിച്ച് അത് തങ്ങളെ നിര്‍വ്വചിക്കുകയാണ് ഉണ്ടായതെന്നും അദാനി പറഞ്ഞു. 2023 ജനുവരിയില്‍ അമേരിക്ക കേന്ദ്രമായുള്ള ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. തങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെ ലക്ഷ്യമിടുകയും രാഷ്ട്രീയ വിവാദത്തിലേക്ക് നയിക്കുകയും ചെയ്ത ആരോപണങ്ങള്‍ സ്ഥാപിത താല്‍പര്യമുള്ള മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടുകയായിരുന്നു. ആ കടുത്ത പ്രതിസന്ധിയിലും തങ്ങളുടെ അടിസ്ഥാന തത്ത്വങ്ങളെ മുറുകെ പിടിക്കുകയായിരുന്നു എന്നും അദാനി പറഞ്ഞു.
സ്വദേശത്തോ, വിദേശത്തോ ഉള്ള ഒരു ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയും അദാനി ഗ്രൂപ്പിനെ തരംതാഴ്ത്തിയില്ല. ഒടുവില്‍ തങ്ങളുടെ സമീപനത്തെ സുപ്രീം കോടതി തന്നെ ശരിവച്ചുവെന്നും ഗൗതം അദാനി അവകാശപ്പെട്ടു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ അദാനിക്കും മറ്റുചിലര്‍ക്കും യുഎസ് അധികൃതര്‍ സമന്‍സ് അയച്ചെന്ന റിപ്പോര്‍ട്ടുകളും മന്ത്രാലയം തള്ളി.
'യുഎസ് നീതിന്യായ വകുപ്പും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടുന്ന നിയമ വിഷയമായാണ് ഞങ്ങള്‍ അതിനെ കണക്കാക്കുന്നത്. അത്തരം കേസുകളില്‍ നിലവിലുളള നടപടിക്രമങ്ങളും നിയമവഴികളും പിന്തുടരുമെന്നാണ് വിശ്വസിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിനെ മുന്‍കൂറായി അറിയിച്ചിട്ടില്ല', വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, സീനിയര്‍ എക്സിക്യൂട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ കൈക്കൂലി കുറ്റമില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയതായി അദാനി ഗ്രൂപ്പ് വ്യക്തമാക്കി. യുഎസ് നിയമനടപടികളെ കുറിച്ചുള്ള വാര്‍ത്ത തെറ്റാണെന്ന് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഗ്രീനും വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ക്കും എതിരെ അഴിമതി, കൈക്കൂലി കുറ്റം എന്നിവ ആരോപിച്ചുളള ഇന്ത്യന്‍-വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തെറ്റായതും കരുതലില്ലാത്തതുമാണെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
കേസും വിവാദവും ഇങ്ങനെ
അദാനി ഗ്രീന്‍ എനര്‍ജി കമ്പനി ഉല്‍പാദിപ്പിച്ച സൗരോര്‍ജം ഉയര്‍ന്ന വിലയ്ക്കു വാങ്ങുന്നതിനായി കൈക്കൂലി നല്‍കിയെന്നതാണ് കേസ്. കൈക്കൂലിക്കാര്യം മറച്ചുവച്ച് യുഎസില്‍നിന്ന് അദാനി ഗ്രൂപ്പ് നിക്ഷേപ സമാഹരണം നടത്തി. ഇത് യുഎസിലെ അഴിമതി വിരുദ്ധ നിയമത്തിനെതിരാണ്.
തട്ടിപ്പ്, കൈക്കൂലി കേസുകളിലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സേഞ്ച് കമ്മീഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് അദാനിയ്ക്കെതിരെ ഉയരുന്ന ആരോപണം. ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ പവര്‍ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കുമാണ് കുറ്റം ചുമത്തിയത്.
മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെ കബളിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. അദാനി ഗ്രീന്‍, അസുര്‍ പവര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കൂടാതെ അദാനി ഗ്രീന്‍ അമേരിക്കയിലെ നിക്ഷേപകരില്‍ നിന്ന് 175 മില്യണ്‍ ഡോളറിലധികം (14,78,31,68,750 രൂപ) സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്ട് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. 2020നും 2024നും ഇടയില്‍ അദാനിയും അനുയായികളും സൗരോര്‍ജ കരാറുകള്‍ നേടുന്നതിനായി 250 മില്യണ്‍ ഡോളറിലധികം (21,12,21,75,000 രൂപ) ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാനും ഇവര്‍ ലക്ഷ്യമിട്ടതായി കുറ്റപത്രത്തില്‍ ആരോപിച്ചു.
കമ്പനികള്‍ ബിസിനസ് നേട്ടത്തിനുവേണ്ടി വിദേശ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് കൈക്കൂലി നല്‍കുന്നത് യുഎസില്‍ നിയമവിരുദ്ധമാണ്. അതുമറച്ചുവച്ച് നിക്ഷേപ സമാഹരണം നടത്താനും പാടില്ല. 20 കോടി ഡോളറാണ് വായ്പയായും ബോണ്ടുകളായും യുഎസില്‍നിന്ന് അദാനി സമാഹരിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. യു എസ് കോടതിയിലെ ക്രിമിനല്‍ കേസിനു പുറമേ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. യുഎസിന്റെ അഴിമതി വിരുദ്ധ നിയമമായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.