പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ടൂര്‍ പാക്കേജില്‍ ഗവിക്ക് പോയ 38 അംഗസംഘം വനത്തില്‍ കുടുങ്ങി. ഇവര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഫാന്‍ ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്നാണ് വനത്തില്‍ കുടുങ്ങിയത്. മൂഴിയാറില്‍ നിന്നും ഗവിക്കുള്ള പാതയില്‍ വനത്തില്‍ വച്ചാണ് ബസിന് തകരാര്‍ സംഭവിച്ചത്. കുട്ടികളും പ്രായമായ ആളുകളും അടക്കം സംഘത്തിലുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ചടയമംഗലം ഡിപ്പോയില്‍ നിന്നാണ് ടൂര്‍ പാക്കേജ് ബസ് പുറപ്പെട്ടത്. കോന്നി, അടവി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മൂഴിയാറില്‍ നിന്ന് ഗവിക്ക് തിരിഞ്ഞപ്പോള്‍ രാവിലെ 11.10 ഓടെയാണ് ബസ് കേടായത്. ഫാന്‍ ബെല്‍റ്റ് പൊട്ടി വനത്തില്‍ ബസ് നിര്‍ത്തിയിടുകയായിരുന്നു. ഗവിയിലേക്കുള്ള ഉള്‍വനത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായതിനാല്‍ ഈ ഭാഗത്ത് മൊബൈല്‍ ഫോണിന് നേരിയ റേഞ്ച് ഉണ്ടാരുന്നു. ഉടന്‍ തന്നെ വിവരം പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അറിയിച്ചെങ്കിലും ഉടന്‍ ബസ് വിടാനുള്ള നടപടി ഉണ്ടായില്ല.

വൈകിട്ട് മൂന്നു മണിയോടെ പുറപ്പെട്ട ബസ് ബസ് അവിടെ ചെന്നെങ്കിലും അതിനും തകരാര്‍ സംഭവിച്ചതിനാല്‍ യാത്രക്കാരെ തിരികെ എത്തിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ റേയ്ഞ്ച് ലഭിക്കാത്ത സ്ഥലം കൂടിയാണ് സദാ സമയവും വന്യ മൃഗ ആക്രമണവും ഉണ്ടാകാറുണ്ട്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ യാത്രക്കാര്‍ വലഞ്ഞു. ബസ് കേടായിട്ടും വേഗത്തില്‍ പകരം ബസ് അയയ്ക്കാനും തയ്യാറായില്ല. യാത്രക്കാര്‍ നിരവധി തവണ ബന്ധപ്പെട്ടാണ് വൈകിട്ട് ബസ് വിട്ടത്. ഇതാകട്ടെ കേടാവുകയും ചെയ്തു. മണിക്കൂറുകളോളം യാത്രക്കാര്‍ വനത്തില്‍ കുടുങ്ങി.

രണ്ടും ബസും തകരാറിലായതോടെ കുമളിയില്‍ നിന്നും വൈകിട്ട് അഞ്ചിന് വന്ന കെഎസ്ആര്‍ടിസിയുടെ പതിവ് സര്‍വീസ് ബസില്‍ കയറ്റി മൂഴിയാറില്‍ ഇറക്കുകയായിരുന്നു. ഇവിടെ നിന്ന് വേറെ ബസ് എത്തിച്ച് ഇവരെ ചടയമംഗലത്തേക്ക് തിരിച്ചയച്ചു. ഗവി കാണാതെ മടങ്ങേണ്ടി വന്ന സഞ്ചാരികള്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.