കൊല്ലം: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമ്പോഴും വഴിയില്‍ കിട്ടിയ സ്വര്‍ണ്ണവും പണവും ഉടമയ്ക്ക് തിരികെ നല്‍കി രണ്ട് കൗമാരക്കാര്‍ നാടിന് മാതൃകയായി. കൊല്ലം തേവള്ളി സ്വദേശികളായ അഖിലേഷും (17) സന്ദീപുമാണ് (17) സത്യസന്ധതയുടെ തിളക്കമായി മാറിയത്. കലക്ടറേറ്റിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നും ലഭിച്ച, മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗാണ് ഇരുവരും ചേര്‍ന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്.

ഞായറാഴ്ച പകല്‍ കൊല്ലം സിവില്‍ സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. നീരാവില്‍ എസ്.എന്‍.ഡി.പി യു.പി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഖിലേഷും കൊട്ടാരക്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സന്ദീപും ഷര്‍ട്ട് വാങ്ങാന്‍ പോകുന്നതിനിടെയാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. അനാഥമായി കിടന്ന ബാഗ് തുറന്നു നോക്കിയപ്പോള്‍ സ്വര്‍ണ്ണവും പണവും കണ്ടതോടെ ഒട്ടും വൈകാതെ തന്നെ ഇരുവരും നേരെ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.

ബാഗില്‍ മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൂടാതെ വെള്ളിയാഭരണങ്ങളും 5100 രൂപയും റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈല്‍ ഫോണ്‍ എന്നിവയും ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ നിന്നു വിരമിച്ച പള്ളിക്കല്‍ ഷെറിന്‍ ഭവനത്തില്‍ ജനാര്‍ദനന്‍ ആചാരി - രാജമ്മ ദമ്പതികളുടേതായിരുന്നു ബാഗ്. സിവില്‍ സ്റ്റേഷന് സമീപം നടന്ന ക്ലാസില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ ഇവര്‍ ബസ് സ്റ്റോപ്പില്‍ ബാഗ് മറന്നുവെക്കുകയായിരുന്നു. കൊട്ടാരക്കര ബസില്‍ കയറി യാത്ര തുടരുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇവര്‍ അറിയുന്നത്.

ഉടന്‍ തന്നെ തിരിച്ചെത്തി അന്വേഷിച്ചപ്പോള്‍ രണ്ടു കുട്ടികള്‍ ബാഗുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയ വിവരം നാട്ടുകാര്‍ അറിയിച്ചു. ഇതിനിടെ ബാഗിലുണ്ടായിരുന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍ മറുപടി നല്‍കിയത് പൊലീസായിരുന്നു. ഉടന്‍ തന്നെ വെസ്റ്റ് സ്റ്റേഷനിലെത്തിയ ദമ്പതികള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഖിലേഷും സന്ദീപും ചേര്‍ന്ന് ബാഗ് കൈമാറി. ഇന്നത്തെ തലമുറയ്ക്ക് വലിയൊരു സന്ദേശമാണ് ഈ വിദ്യാര്‍ത്ഥികള്‍ നല്‍കിയതെന്ന് പറഞ്ഞ് പൊലീസും ദമ്പതികളും ഇവരെ അഭിനന്ദിച്ചു.