പത്തനംതിട്ട: നാട്ടുകാരിൽ നിന്ന് കടം വാങ്ങിയും പിരിവെടുത്തും സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഫണ്ട് കണ്ടെത്താനുള്ള ബാധ്യത പ്രഥമാധ്യാപകരുടെ തലയിൽ കെട്ടിവയ്ക്കുന്ന വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. കഴിഞ്ഞ 15 ന് ഇറക്കിയ ഉത്തരവ് വിവാദമാവുകയും അദ്ധ്യാപകരിൽ നിന്ന് എതിർപ്പുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ഇന്നാണ് പിൻവലിച്ചത്.

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിച്ച് ഫണ്ട് കണ്ടെത്തനായിരുന്നു നിർദ്ദേശം. ഇതിനായി വാർഡ് മെമ്പർ/കൗൺസിലർ രക്ഷാധികാരിയായും പ്രഥമാധ്യാപകർ കൺവീനറായും രൂപീകരിക്കുന്ന സംരക്ഷണ സമിതിയിൽ പി.ടി.എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ്/സീനിയർ അദ്ധ്യാപകൻ, എസ്.എം.സി ചെയർമാൻ, മദർ പി.ടി.എ പ്രസിഡന്റ്, മാനേജ്മെന്റ് പ്രതിനിധി, പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും.

സംരക്ഷണ സമിതിയുടെ ചുമതലകൾ ഇതാണ്

1. ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്നതിന് എന്തെങ്കിലുംകാലതാമസം നേരിടുന്ന പക്ഷം പദ്ധതി മുടങ്ങാതെ മുന്നോട്ടു കൊണ്ടു പോകുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയും സ്‌കൂൾ ഉച്ചഭക്ഷണ കമ്മറ്റിക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുക.

2. പ്രാദേശിക വിഭവ സമാഹരണത്തോടെ അധിക വിഭവങ്ങൾ ഉൾപ്പെടുത്തി ഉച്ച ഭക്ഷണ പദ്ധതി മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുക.

3. രക്ഷിതാക്കൾ/പൂർവ വിദ്യാർത്ഥികൾ/പൗരപ്രമുഖർ എന്നിവരിൽ നിന്ന് പലിശ രഹിത സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുവാൻ കഴിയുമോ എന്ന് ഉച്ചഭക്ഷണ സംരക്ഷണ സമിതിയിൽ ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. ഇങ്ങനെ സ്വീകരിക്കുന്ന സാമ്പത്തിക സഹായങ്ങൾ ഉച്ചഭക്ഷണ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പ്രഥമാധ്യാപകൻ തിരികെ നൽകണം.

4. രക്ഷാകർതൃ പൊതുസമൂഹത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായ സഹകരണത്തോടെയും സിഎസ്ആർ ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തിയും അർഹതപ്പെട്ട കുട്ടികൾക്ക് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുക.

5. നിലവിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത സ്‌കൂളുകളിൽ പിടിഎ ഫണ്ടിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നോ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നോ സംഭാവനകൾ/സ്പോൺസർഷിപ്പ് സ്വീകരിച്ച് പദ്ധതി നടപ്പിലാക്കാവുന്നതാണ്.

കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഫണ്ട് 60:40 അനുപാതത്തിൽ വിനിയോഗിച്ചാണ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ധനവിനിയോഗത്തിനായി പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രവിഹിതം ലഭ്യമാകുന്നതിൽ വരുന്ന കാലതാമസം പദ്ധതി നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്‌കൂൾ സംരക്ഷണ സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. നവംബർ 15 നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എസ്. ഷാനവാസ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതാണിപ്പോൾ പിൻവലിച്ചിരിക്കുന്നത്.

ഉച്ചഭക്ഷണ നടത്തിപ്പിനായി നാട്ടുകാരിൽ നിന്നും പിരിവെടുക്കാൻ പ്രഥമാധ്യാപകരെ നിർബന്ധിക്കുന്ന ഉത്തരവിറക്കി അടുത്ത ദിവസം പിൻവലിക്കേണ്ടി വന്നത് സർക്കാരിന്റെ വികല നയങ്ങൾക്കുള്ള കനത്ത തിരിച്ചടിയെന്ന് കെപിഎസ്ടിഎ പത്തനംതിട്ട ജില്ലാ സമിതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയടക്കം ഉപജാപക വൃന്ദത്തിന്റെ പിടിയിലാണ് സർക്കാർ. പഠനമോ ആലോചനയില്ലാതെ ഇറക്കുന്ന ഉത്തരവുകൾ ഓരോ ദിവസവും ബുമറാങ്ങ് ആവുകയാണ്. സംസ്ഥാനത്തെ ഓരോ വിദ്യാലയവും ഉച്ചഭക്ഷണ നടത്തിപ്പിനായി സമിതികൾ അടുത്ത മുപ്പതിനകം രൂപീകരിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇത് സംസ്ഥാന തലത്തിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന സെപ്റ്റംബർ വരെയുള്ള ഉച്ചഭക്ഷണച്ചെലവ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കഴിഞ്ഞ മാസം പ്രഥമാധ്യാപകർക്ക് ലഭിച്ചത്. നവംബർ പകുതി കഴിഞ്ഞിട്ടും ഒക്ടോബറിലെ ചെലവ് നല്കിയിട്ടുമില്ല. അപ്പോഴാണ് പുതിയെ ചെപ്പടിവിദ്യയുമായി ഉത്തരവിറക്കിയത്. ചുമതലാഭാരം കൊണ്ട് വട്ടംകറങ്ങുന്ന പ്രഥമാധ്യാപകരും കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷനും കടുത്ത പ്രതിഷേധം വികല ഉത്തരവിനെതിരെ നടത്തിയിരുന്നതായി ജില്ലാ പ്രസിഡണ്ട് എസ്. പ്രേം, സെക്രട്ടറി ഫ്രെഡി ഉമ്മൻ എന്നിവർ അറിയിച്ചു.