ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥയായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി'യെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് അദ്ദേഹം തന്നെ രംഗത്ത്. പുസ്തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് നരവനെ തന്റെ നിലപാട് വ്യക്തമാക്കിയത്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിപണിയിലുള്ള കോപ്പികള്‍ അനധികൃതമാണെന്നും പ്രസാധകര്‍ വ്യക്തമാക്കി.


'പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല': പ്രസാധകര്‍

പുസ്തകത്തിന്റെ ഏക പ്രസിദ്ധീകരണ അവകാശം തങ്ങള്‍ക്കാണെന്നും എന്നാല്‍ ഇത് ഇതുവരെ അച്ചടിക്കാനോ വിതരണം ചെയ്യാനോ വില്‍ക്കാനോ നടപടി തുടങ്ങിയിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അറിയിച്ചു.

ഡിജിറ്റല്‍ രൂപത്തിലോ അച്ചടിച്ച രൂപത്തിലോ ഉള്ള കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ല. ഇപ്പോള്‍ പ്രചരിക്കുന്ന പിഡിഎഫ് അല്ലെങ്കില്‍ മറ്റ് രൂപത്തിലുള്ള കോപ്പികള്‍ പകര്‍പ്പവകാശ ലംഘനമാണ്. അനധികൃതമായി പുസ്തകത്തിലെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന പുസ്തകവും (Pre-order), പ്രഖ്യാപിക്കപ്പെട്ട പുസ്തകവും, വിപണിയില്‍ എത്തിയ പുസ്തകവും ഒന്നല്ലെന്നും പ്രസാധകര്‍ രണ്ടാമത്തെ വിശദീകരണത്തില്‍ വ്യക്തമാക്കി.

ഡല്‍ഹി പോലീസിന്റെ എഫ്‌ഐആര്‍

പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കോപ്പികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി (Manuscript) രാഹുല്‍ ഗാന്ധിയുടെ പക്കലുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പോലീസ് നടപടി.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇങ്ങനെയൊരു പുസ്തകം നിലവിലില്ല എന്ന് പറഞ്ഞിരുന്നെങ്കിലും, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ പിഡിഎഫ് രൂപം ചില വെബ്സൈറ്റുകളില്‍ ലഭ്യമാണെന്ന് പോലീസ് കണ്ടെത്തി. ഈ ചോര്‍ച്ചയെക്കുറിച്ച് സ്‌പെഷ്യല്‍ സെല്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ നിലപാട്

കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ വെച്ച്, മുന്‍ കരസേനാ മേധാവിയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ കോപ്പിയെന്ന് വിശേഷിപ്പിച്ച പുസ്തകം രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചതോടെയാണ് ഈ വിവാദം പുതിയ തലത്തിലെത്തിയത്. ഫെബ്രുവരി 2 മുതല്‍ ലോക്സഭയില്‍ ഈ പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചിരുന്നു. എന്നാല്‍ പുസ്തകം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല എന്ന കാരണത്താല്‍ അതിന് അനുമതി നിഷേധിക്കപ്പെട്ടു.

ബുധനാഴ്ച പാര്‍ലമെന്റ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും രാഹുല്‍ ഗാന്ധി ജനറല്‍ നരവനെയുടെ 'പ്രസിദ്ധീകരിക്കാത്ത ആത്മകഥ'യെക്കുറിച്ച് വീണ്ടും പരാമര്‍ശിച്ചു. പുസ്തകത്തിന്റെ ഒരു പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം, ഇങ്ങനെയൊരു പുസ്തകം ഉണ്ടെന്ന് ഇന്ത്യയിലെ യുവാക്കള്‍ അറിയണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

'സ്പീക്കര്‍ പറയുന്നത് ഇങ്ങനെയൊരു പുസ്തകം നിലവിലില്ല എന്നാണ്, സര്‍ക്കാരും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പറയുന്നത് ഇത് നിലവിലില്ല എന്നാണ്. എന്നാല്‍ ഇങ്ങനെയൊരു പുസ്തകം ഉണ്ടെന്ന് ഇന്ത്യയിലെ ഓരോ യുവാവും കാണണം,' രാഹുല്‍ പറഞ്ഞു.

2020-ല്‍ ലഡാക്കില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ മുന്‍ കരസേനാ മേധാവി ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ലോക്സഭയില്‍ ഈ പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിക്കാന്‍ തനിക്ക് അനുവാദമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.