ന്യൂഡല്‍ഹി: മുനമ്പം പ്രദേശത്തെ എംപിയാണ് ഹൈബി ഈഡന്‍. വക്കഫ് ബില്‍ വേണമെന്നതാണ് മുനമ്പത്തുകാരുടെ ആഗ്രഹം. എന്നാല്‍ ഹൈബിയുടെ പാര്‍ലമെന്റിലെ പ്രസംഗവും നിലപാടുകളും ഇതിന് എതിരും. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. വഖഫ് ബില്ലിന്‍മേല്‍ ചര്‍ച്ച പുരോഗമിക്കേവ ആയിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാല്‍ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. താനും മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ്. ഞാനും അവരില്‍ ഒരാളെന്നും ഹൈബി പറഞ്ഞു. ഈ ബില്ല് വഴി മുനമ്പത്തുകാര്‍ക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂര്‍ കത്തിയപ്പോള്‍ സിബിസിഐ പറഞ്ഞത് സര്‍ക്കാര്‍ എന്തുകൊണ്ട് കേട്ടില്ല ആഗ്ലോ ഇന്ത്യന്‍ സംവരണം ഇല്ലാതെയാക്കിയ സര്‍ക്കാരാണിതെന്നും ഹൈബി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ച. കോണ്‍ഗ്രസുകാര്‍ 2014 ല്‍ ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമിച്ച കേസ് പരാമര്‍ശിച്ചായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം. 2021 ല്‍ പാലാ ബിഷപ്പ് ഹൌസ് പിഎഫ്‌ഐ ആക്രമിച്ചു. അന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത് ബിഷപ്പിനെതിരെ കേസെടുക്കാനാണ്. നരേന്ദ്ര മോദിക്ക് മാത്രമേ മുനമ്പത്തുകാരെ രക്ഷിക്കാന്‍ സാധിക്കൂ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.കേരളത്തിലെ ബിഷപ്പുമാര്‍ മോദിയെ കാണാന്‍ എത്തുകയാണ്. നിങ്ങള്‍ വടക്കോട്ട് നോക്കിയിരിക്കൂ എന്നും ജോര്‍ജ് കുര്യന്‍ പരിഹസിച്ചു. ഇതോടെ ജോര്‍ജ് കുര്യന്റെ പ്രസംഗം രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. കുര്യന്‍ ഇനി സംസാരിക്കാതിരിക്കാനും നീക്കം നടത്തി. രാജ്യസഭാ എംപിയായ കുര്യന്‍ എങ്ങനെയാണ് ലോക്‌സഭയില്‍ സംസാരിക്കുന്നതെന്നായിരുന്നു കെസി വേണുഗോപാല്‍ ഉയര്‍ത്തിയ ചോദ്യം. മന്ത്രിയെന്ന നിലയില്‍ ജോര്‍ജ് കുര്യന് സംസാരിക്കാമെന്നായിരുന്നു ചെയറിന്റെ മറുപടി. ഇതോടെ കുര്യന്റെ മറുപടി ലോക്‌സഭയുടെ രേഖകളില്‍ ഉണ്ടാകുമെന്നും ഉറപ്പായി.

മുനമ്പത്തെച്ചൊല്ലി ഹൈബി ഈഡനും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും തമ്മിലെ വാക്‌പോര് ദേശീയ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാണ്. സിബിസിഐ, കെസിബിസി പോലെയുള്ള ക്രൈസ്തവ സംഘടനകളോട് ഇപ്പോള്‍ വലിയ സ്‌നേഹം കാണിക്കുന്ന ബിജെപി, മണിപ്പൂരില്‍ ദേവാലയങ്ങള്‍ തകര്‍ത്ത വിഷയത്തിലടക്കം ഈ സംഘടനകളെ കേട്ടില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം), ആംഗ്ലോ ഇന്ത്യന്‍ വിഷയം എന്നിവയിലടക്കം ഈ സംഘടനകളെ ബിജെപി കേള്‍ക്കാന്‍ തയാറായില്ല. മുനമ്പം വിഷയം ബിജെപിക്ക് രാഷ്ട്രീയ വിഷയമാണെങ്കില്‍, തനിക്കിത് വ്യക്തിപരമായ വിഷയമാണെന്ന് മുനമ്പം ഉള്‍പ്പെടുന്ന എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹൈബി പറഞ്ഞു. മുന്‍കാലപ്രാബല്യമില്ലെന്നു മന്ത്രി തന്നെ പറഞ്ഞ ബില്ലിലെ ഏതു വ്യവസ്ഥ ഉപയോഗിച്ചാണ് മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ ക്രൈസ്തവരെയും മുസ്‌ലിംകളെയും തമ്മില്‍ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ അജന്‍ഡയെന്നു ഹൈബി ആരോപിച്ചു. തുടര്‍ന്നാണ്, 2014 ല്‍ ഇടുക്കി ബിഷപ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് കല്ലെറിഞ്ഞ സംഭവം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഹൈബിക്ക് മറുപടിയായി ചൂണ്ടിക്കാട്ടിയത്. കേസിന്റെ എഫ്‌ഐആറും കുര്യന്‍ ഉയര്‍ത്തിക്കാട്ടി. ഇത് സഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഹൈബി വെട്ടിലായി. ഇടുക്കി ബിഷപ് മാര്‍ മാത്യു ആനക്കുഴിക്കാട്ടിലിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം 2014ല്‍ ഇട്ട പോസ്റ്റായിരുന്നു ഇടുക്കി ബിഷപ്പ് ഹൗസിലെ ആക്രമണത്തില്‍ അടക്കം ചര്‍ച്ചയാക്കാന്‍ കുര്യന്‍ ശ്രമിച്ചത്. അന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ബിഷപ്പിനെതിരെ തിരിഞ്ഞത്.

വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ആരെങ്കിലും കടന്നുവരുമ്പോള്‍ അവരോട് മാന്യമായി പെരുമാറുക എന്നതും നമ്മുടെ നാട്ടില്‍ നിലവിലുള്ള സുജനമര്യാദയുടെ ഭാഗമാണ്. അതിനു പകരം വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് കഷ്ടമാണ് എന്നായിരുന്നു പോസ്റ്റ്. വോട്ട് തേടിയെത്തിയ യു ഡി എഫ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് ശകാരിച്ചതിനെ തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പേജിലാണ് ബല്‍റാം നികൃഷ്ട ജീവി പ്രയോഗം നടത്തിയത്. ഈ വിവാദമാണ് കല്ലേറിന് കാരണമായത്. അന്ന് ബല്‍റാമിനെ കെപിസിസി ശാസിക്കുകയും ചെയ്തിരുന്നു. ഈ വിഷയമാണ് മുനമ്പത്തിനൊപ്പം കുര്യന്‍ സഭയില്‍ ചര്‍ച്ചയാക്കിയത്. സംഭവം വിവാദമായതോടെ നികൃഷ്ടജീവി പ്രയോഗത്തിന് മറുപടിയുമായി ബല്‍റാം ഫെയ്സ്ബുക്കില്‍ പുതിയ പോസ്റ്റിടുകയും ചെയ്തു. ഫെയ്സ്ബുക്കിലെ പോസ്റ്റുകള്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അതിന് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളുമായി ബന്ധമുണ്ടാണമെന്നില്ലെന്നുമാണ് ബല്‍റാമിന്റെ വിശദീകരണം. മാത്രമല്ല അത് തന്റെ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കള്‍ക്കും ഫോളോവേഴ്സിനും പങ്കുവെക്കാനുദ്ദേശിച്ചുള്ളതുമാണ്. ആയതിനാല്‍ ആരെയും പ്രത്യേകമായി പേരെടുത്ത് പറയാതെ ചില മനോഭാവങ്ങളെ മാത്രം ഉദ്ദേശിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിലെ ഒരു വാക്കില്‍ കയറിപ്പിടിച്ച് വിവാദമാക്കുകയായിരുന്നു, ബല്‍റാം വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. തന്റെ അഭിപ്രായത്തിലെ ആശയങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും അംഗീകാരം ലഭിച്ചുവെങ്കിലും പ്രത്യേക പദപ്രയോഗത്തില്‍ ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ഖേദിക്കുന്നു എന്നു മാത്രം ബല്‍റാം പറയുകയും ചെയ്തിരുന്നു. അതേസമയം കോണ്‍ഗ്രസുകാരന്റെ പദാവലിയില്‍ ''നികൃഷ്ടജീവി'' വേണ്ടെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പരാമര്‍ശം എടുത്തു പറയാതെയാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. പിന്തുണക്കുന്നവര്‍ക്ക് വിമര്‍ശിക്കാനും അവകാശമുണ്ട്. വിമര്‍ശനത്തില്‍ ശരിയുണ്ടെങ്കില്‍ തിരുത്തണം. തന്നെ പല കാലങ്ങളിലായി കൂടെ നില്‍ക്കുന്നവര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. അത് തന്നെ ബലഹീനനാക്കാനാണെന്ന് തോന്നിയിട്ടില്ലെന്നും തെറ്റു തിരുത്താനും ശക്തി പകരാനുമാണ് അത് ഉപകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുമ്പ് മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായി വിവാദങ്ങളില്‍ താമരശ്ശേരി ബിഷപ്പിനെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ നികൃഷ്ടജീവി എന്ന് വിളിച്ചിരുന്നു. അത് കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

മുനമ്പം ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണ് വഖ്ഫ് ഭേദഗതി ബില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ നേരത്തേയും പറഞ്ഞിരുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും വഖഫ് ബില്ലിന് അനുകൂലമായി പ്രവര്‍ത്തിക്കണമെന്നും അതിനായി കേരളത്തിലെ എല്ലാ എംപിമാരോടും താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ജാേര്‍ജ് കുര്യന്‍ വ്യക്തമാക്കിയിരുന്നു. ''മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നത്തിന് ഏറ്റവും വലിയ പരിഹാരം വഖ്ഫ് ബില്ല് പാസാക്കുക എന്നതാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ബില്ലിന് അനുകൂലമായി പ്രവര്‍ത്തിക്കണം. പാവപ്പെട്ട മുസ്ലീംങ്ങള്‍ ഇതിന് അനുകൂലമാണ്. പാവപ്പെട്ടവന്റെ വിഷയമാണിത്. കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നതാണ് ഈ ബില്ല്. അഖിലേന്ത്യ തലത്തില്‍ തന്നെ ജനങ്ങള്‍ ഒരുമിച്ച് മുന്നോട്ടുവന്നിരിക്കുന്ന വിഷയമാണ്''. വഖ്ഫ് ഭൂമികളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. വഖ്ഫ് ഭൂമിയാണോ അല്ലയോ എന്നത് കമ്മിറ്റിയായിരിക്കും നിര്‍ണയിക്കുക. ഇതാണ് വഖ്ഫ് ബില്ലിന്റെ നിയമം. മുനമ്പം വിഷയം എത്ര കാലത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുന്നതാണ്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അവകാശം ഉന്നയിക്കാന്‍ സാധിക്കുന്ന ബില്ലായി ഇത് മാറുമെന്നും ജോര്‍ജ് കുര്യന്‍ വിശദീകരിച്ചിരുന്നു. ക്രൈസ്തവ സഭകളും ബില്ലിനെ പിന്തുണയ്ക്കാന്‍ എംപിമാരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസ് മുഖവിലയ്ക്ക് എടുത്തില്ല. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ ഹൈബിയുടെ വാദങ്ങളെ പൊളിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബിഷപ്പ് ഹൗസ് ആക്രമണം തന്നെ കേന്ദ്രമന്ത്രി ചര്‍ച്ചയാക്കിയത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സഭ ഇടതു സ്വതന്ത്രനായ ജോയ്‌സ് ജോര്‍ജിനെയാണ് പിന്തുണച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലായിരുന്നു അത്. അന്നാണ് വോട്ട് ചോദിക്കാനെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ബിഷപ്പ് വിമര്‍ശിച്ചത്. ഇടതിനെ പിന്തുണച്ച ബിഷപ്പിന്റെ നിലപാടായിരുന്നു ബിഷപ്പ് ഹൗസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനും പ്രതിഷേധത്തിനും എല്ലാം വഴിയൊരുക്കിയത്.

കത്തിക്കയറി സുരേഷ് ഗോപിയും

വഖഫ് ബില്‍ ചര്‍ച്ചക്കിടെ ലോക്സഭയില്‍ ക്ഷുഭിതനായി സുരേഷ് ഗോപിയും കേരളത്തിലെ കോണ്‍ഗ്രസിനും സിപിഎമ്മിനും മറുപടി നല്‍കി. ബില്ലിനെ എതിര്‍ത്തുസംസാരിച്ച സിപിഎം എംപി കെ.രാധാകൃഷ്ണന്‍ പ്രസംഗത്തിനിടെ തന്റെ പേര് പരാമര്‍ശിച്ചതാണ് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കിയത്., ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയം ഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കെ.രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞു. 'കേരള ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യമുള്ളതിന്റെ പേരില്‍ അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം കേരളത്തില്‍ ഉണ്ടായിയെന്ന് സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് കെ.രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി. ഇതിനു മറുപടിയായി സുരേഷ് ഗോപി രംഗത്തെത്തി. രാജ്യസഭയില്‍ ബില്‍ പാസാകുന്നതോടെ വഖഫ് ഭേദഗതിക്കെതിരെ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനായി കാത്തിരിക്കാനും സുരേഷ് ഗോപി പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ.രാധാകൃഷ്ണന്‍ എംപി പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. ബില്ലിനെ എതിര്‍ത്ത് പൂര്‍ണമായും മലയാളത്തില്‍ സംസാരിച്ച അദ്ദേഹം മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. ജര്‍മന്‍ കവി മാര്‍ട്ടിന്‍ നീമോളറുടെ കവിതയും സഭയില്‍ ഉദ്ധരിച്ചു. ''ഓരോ മതവിഭാഗത്തിനും അവരുടേതായ താല്‍പര്യം സംരക്ഷിക്കാനുള്ള അവസരം നല്‍കണം. ബില്ലിനെ അനുകൂലിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എനിക്ക് സൂചിപ്പിക്കണം. നമുക്ക് അറിയാം ഹിറ്റ്‌ലര്‍ എങ്ങനെയാണ് ജര്‍മനിയെ ഫാഷിസത്തിലേക്ക് കൊണ്ടുപോയതെന്ന്. അന്ന് ഫാഷിസത്തെ പിന്തുണച്ച മാര്‍ട്ടിന്‍ നീമോളര്‍ എന്ന കവി പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്:'അവര്‍ ആദ്യം വന്നത് കമ്യൂണിസ്റ്റുകാരെ തിരഞ്ഞാണ്, അന്നു ഞാന്‍ എതിര്‍ത്തില്ല. കാരണം ഞാന്‍ കമ്യൂണിസ്റ്റ്് ആയിരുന്നില്ല, രണ്ടാമത് വന്നത് സോഷ്യലിസ്റ്റുകളെ അന്വേഷിച്ചാണ്, അന്നും ഞാന്‍ എതിര്‍ത്തില്ല, പിന്നീട് വന്നത് ട്രേഡ് യൂണിയന്‍ നേതാക്കളെ, പിന്നീട് അവര്‍ വന്നത് ജൂതന്മാരെ അന്വേഷിച്ചാണ്. അവസാനം അവര്‍ വന്നത് എന്നെ അന്വേഷിച്ചാണ്. അപ്പോള്‍ എന്നെ സംരക്ഷിക്കാന്‍ ആരുമില്ലായിരുന്നു', അതുപോലെ ഈ ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് ഭാവിയില്‍ ആരുമില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണം'' രാധാകൃഷ്ണന്‍ പറഞ്ഞു.

ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ''ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവശങ്ങള്‍ക്കു മേലുള്ള ലംഘനമാണിത്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കടക്കുന്നതിന്റെ അപകടകരമായ കീഴ് വഴക്കം സൃഷ്ടിക്കാന്‍ ഈ ബില്‍ ഉദ്ദേശിക്കുന്നു. മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനം സ്വീകരിക്കാന്‍ പാടില്ല. ഭരണഘടനയുടെ 27-ാം അനുച്ഛേദമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് മുസ്‌ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്. കേരളത്തിലെ ദേവസ്വം ബോര്‍ഡില്‍ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിന്റെ പേരില്‍, അയാള്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായി. 1987ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരമാണ് നടത്തിയത്. ''രാധാകൃഷ്ണന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ കാര്യം പറയുന്നതിനിടെ ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇത് ശ്രദ്ധിക്കുന്നുണ്ട് എന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇതാണ് സുരേഷ് ഗോപിയുടെ മറുപടിക്ക് ഇടയാക്കിയ കമന്റ്.

അതേസമയം, ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ.രാധാകൃഷ്ണന്‍ പേരു പരാമര്‍ശിച്ച സ്ഥിതിക്ക് സുരേഷ് ഗോപിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. ''നിങ്ങള്‍ കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം രാജ്യസഭയില്‍ ഈ ബില്‍ പാസാകുന്നതോടെ അറബിക്കടലില്‍ കളയേണ്ടി വരും. അതിനു വേണ്ടി നിങ്ങള്‍ കാത്തിരിക്കൂ.'' സുരേഷ് ഗോപി പറഞ്ഞു. അതേസമയം മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡയെന്ന് കെ.സി.വേണുഗോപാല്‍ എംപി ആരോപിച്ചു. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നത് കുറ്റബോധം കാരണമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി രാജ്യത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.