- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'മദ്രസകള്‍ നിര്‍ത്തലാക്കാന്‍ പറഞ്ഞിട്ടില്ല, സര്‍ക്കാര്‍ സഹായം നിര്‍ത്താലാക്കാനാണ് പറഞ്ഞത്'; അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ബാലാവകാശ കമ്മീഷന്‍; നിര്‍ദേശങ്ങളില്‍ എതിരഭിപ്രായം ഉള്ളവര്‍ക്ക് കോടതിയെ സമീപിക്കാം; പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍
'മദ്രസകള്‍ നിര്‍ത്തലാക്കാന്‍ പറഞ്ഞിട്ടില്ല, സര്‍ക്കാര്‍ സഹായം നിര്‍ത്താലാക്കാനാണ് പറഞ്ഞത്'
തിരുവനന്തപുരം: മദ്രസകള്‍ അടച്ചു പൂട്ടാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കത്തില്‍ പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ബാലാവകാശ കമ്മീഷന്‍. അതിന് മുകളില്‍ ഇടപെടല്‍ നടത്താന്‍ ജുഡീഷ്യറിക്ക് മാത്രമേ അധികാരമുള്ളൂവെന്നും, അതിനാല്‍ മന്ത്രിയെന്ന നിലയില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം 'മദ്രസകള്‍ നിര്‍ത്തലാക്കാന്‍ പറഞ്ഞിട്ടില്ല, സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കാനാണ് പറഞ്ഞത്' എന്നും അദ്ദേഹം വ്യക്തമാക്കി. എയ്ഡഡ് സ്‌കൂളുകള്‍, സെപ്ഷ്യല്‍ കാറ്റഗറി സ്‌കൂളുകള്‍ തുടങ്ങിയവക്ക് നല്‍കുന്ന സഹായങ്ങളെ കുറിച്ചാണ് പറഞ്ഞത്. ബാലാവകാശ കമ്മീഷന്റെ തീരുമാനങ്ങളില്‍ കേന്ദ്രത്തിനോ സര്‍ക്കാറിനോ പങ്കില്ല. തികച്ചും സ്വതന്ത്രമായ സ്ഥാപനങ്ങളാണ് ഇവ. സര്‍ക്കാറുമായി ബന്ധമില്ല. അതിന് അവര്‍ക്ക് അധികാരമുണ്ട്. ഇപ്പോഴത്തേത് ബാലാവകാശവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കം. ഈ വിഷയത്തില്‍ ആര്‍ക്കും എന്തും പറയാനുള്ള അവകാശമുണ്ട്. തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിര്‍ദേശിച്ച് കഴിഞ്ഞദിവസം കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണ്ടും ചര്‍ച്ചയായത്.
'മദ്രസകള്‍ പൂട്ടണമെന്ന റിപ്പോര്‍ട്ട് തയാറാക്കിയത് ഒമ്പത് വര്‍ഷത്തെ പഠനത്തിന് ശേഷമാണ്. ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കുകയും നിരവധി കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. മദ്രസകളിലേക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കണം. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ സ്‌കൂളുകളിലേക്ക് മാറണം' കാന്‍ഗോ പറഞ്ഞു. കേരളത്തിനെതിരേയും കാന്‍ഗോ പ്രതികരിച്ചു. കേരളം മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്നാണ് പറഞ്ഞത്. അത് തെറ്റായ വിവരമാണെന്നും കാന്‍ഗോ പറഞ്ഞിരുന്നു.
മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. എന്‍.സി.പി.സി.ആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുപി, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. നേരത്തെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേയും അവരുടെ ഏജന്‍സികളുടേയും വര്‍ഗീയ അജണ്ടയാണ് മദ്രസകള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ടാണ് നേരത്തെ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കനൂഗോ പ്രതികരിച്ചത്.
മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് കാണിച്ച് ബാലാവകാശ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതാണ് കേരളത്തിലെ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ''ഔപചാരിക വിദ്യാലയങ്ങളില്‍ ചേര്‍ക്കണം എന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
എന്‍സിപിസിആര്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ ഒക്ടോബര്‍ 11 നാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ കത്തയച്ചിരിക്കുന്നത്. ''വിശ്വാസത്തിന്റെ സംരക്ഷകര്‍ അല്ലെങ്കില്‍ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും'' എന്ന തലക്കെട്ടില്‍ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തില്‍ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങള്‍ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ വന്നത്.