നെടുങ്കണ്ടം: ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ മറികടന്ന പ്രണയങ്ങൽ മലയാളക്കര നിരവധി തവണ കണ്ടിട്ടുണ്ട്. ഇതെല്ലാം പലപ്പോഴും ശുഭപര്യവസാനി ആണെങ്കിൽ ചില പ്രണയങ്ങൾ മനസ്സിനെ നോവിക്കുന്നതാണ്. അത്തരമൊരു പ്രണയത്തിലെ നായകനാണ് ഇടുക്കി നെടുങ്കണ്ടത്തെ ജോർജ്ജ്. ജീവിതത്തിൽ നല്ല ജോലിയും ഇഷ്ടപ്പെട്ടെ യുവതിയെ വിവാഹവും കഴിച്ചിരിക്കവേയാണ് അപ്രതീക്ഷിതമായെത്തിയ അപകടം എല്ലാം തകിടം മറിക്കുന്നത്. ഇതോടെ എല്ലാം നഷ്ടമായി കേരളത്തിലേക്ക് മടങ്ങിയ യുവാവ് നാട്ടുകാരുടെ സഹായത്തോടെ പെട്ടിക്കട ഇട്ട് അതിൽ നിന്നും ലഭിക്കുന്ന വരുമാനവുമായാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്.

പെട്ടിക്കടയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു പങ്ക് ജോർജ് എന്നും നീക്കിവയ്ക്കും. ഫിലിപ്പീൻസ് സ്വദേശിനിയായ ഭാര്യയെയും മകനെയും കേരളത്തിലെത്തിക്കാനാണ് ജോർജ് ഈ തുക മാറ്റിവയ്ക്കുന്നത്. എന്നാൽ, ആ സ്വപ്‌നവും ഇപ്പോൾ ഒരു മോഷ്ടാവ് കവർന്നിരിക്കയാണ്. കുമളി - മൂന്നാർ സംസ്ഥാന പാതയിലെ ഈ പെട്ടിക്കടയിൽ കള്ളൻ കയറി ഗ്യാസ് സിലിണ്ടറും പണവും കവർന്നപ്പോഴാണു നെടുങ്കണ്ടം കൽകൂന്തൽ ജോർജിന്റെ (40) പെട്ടിക്കടയ്ക്കു പിന്നിലെ വിരഹത്തിന്റെ കഥ നാടറിയുന്നത്.

13 വർഷം മുൻപാണു കുവൈത്തിൽ ഡീസൽ എൻജിൻ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ജോർജ് നഴ്‌സായ മാരിറ്ററിനെ പ്രണയിച്ചു വിവാഹം ചെയ്യുന്നത്. മകൻ ഡാനിയലിന്റെ ജനനശേഷം ജോർജും മാരിറ്ററും 2019ൽ ഫിലിപ്പീൻസിലെ മനിലയിൽ മാരിറ്ററിന്റെ വീട്ടിൽ താമസം ആരംഭിച്ചു. പിന്നീട് ജോർജ് തിരികെ കുവൈത്തിലെത്തി ജോലിയിൽ പ്രവേശിച്ചെങ്കിലും വാഹനാപകടത്തിൽ നട്ടെല്ലിനു ഗുരുതര പരുക്കേറ്റു. ഇതോടെ എല്ലാകാര്യങ്ങളും തകിടം മറിഞ്ഞു.

കോവിഡ് വ്യാപനത്തോടെ ജോർജ് നാട്ടിലേക്കു മടങ്ങി. ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവായതോടെ പണവും തീർന്നു. ജീവിക്കാൻ കഴിയില്ലാതായി പ്ട്ടിണി രൂക്ഷമായതോടെയാണ് ജോർജ്ജ് മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടിയത്. ജോർജ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഇതോടെ പൊലീസും പൊതുപ്രവർത്തകരും ചേർന്ന് കുമളി മൂന്നാർ സംസ്ഥാന പാതയിൽ ജോർജിന് ഒരു പെട്ടിക്കടയിട്ടു നൽകി. കുറച്ചുകാലമായി പെട്ടിക്കടയിലെ വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും കുറച്ചുപണം ജോർജ്ജ് മാറ്റിവെക്കുമായിരുന്നു. മകനെയും ഭാര്യയെയും നാട്ടിലെത്തിക്കുക ന്നതായിരുന്നു ഇതിന് പിന്നിൽ.

എന്നും വിഡിയോ കോളിൽ മാരിറ്ററും ഡാനിയേലും വിളിക്കുന്നതു മാത്രമാണ് ജോർജിന്റെ ആശ്വാസം. കഴിഞ്ഞ ദിവസം പെട്ടിക്കട കുത്തിത്തുറന്ന് കടയിലെ ഗ്യാസ് സിലിണ്ടറും പണപ്പെട്ടിയിലെ പണവും കള്ളൻ കൊണ്ടുപോയി. ഇതോടെ കച്ചവടവും മുടങ്ങി. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ഭാര്യയെയും മകനെയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണു ജോർജ്.