തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സിക്കാൻ വിളിപ്പിച്ച സംഭവത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി. കുഴിനഖചികിത്സക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ജില്ലാ കളക്ടർ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.

സംഭവത്തിൽ വ്യക്തത വേണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക വസതിയിലേക്ക് ആദ്യം വിളിപ്പിച്ചപ്പോൾ വരാനാകില്ല എന്നറിയിച്ച ഡോക്ടറോട് നിർബന്ധമായും എത്തണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. തുടർന്നാണ് ഒ.പി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയയ്ക്കുക ആയിരുന്നു.

രാവിലെ 11 മണിയോടെ മുന്നൂറോളം രോഗികൾ ചികിത്സ തേടി നിൽക്കുമ്പോഴാണ് ഡോക്ടർക്ക് കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് പോകേണ്ടി വന്നത്. ഔദ്യോഗിക വസതയിൽ ചെന്ന ഡോക്ടർക്ക് ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. കളക്ടർ ഒരു ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്നത് കാരണമാണ് ഡോക്ടർക്കും സംഘത്തിനും കാത്തിരിക്കേണ്ടി വന്നത്. കളക്ടറുടെ ചികിത്സാ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചക്ക് ഒരു മണിയോടെ മാത്രമാണ് ഡോക്ടർക്ക് ആശുപത്രിയിൽ തിരികെ എത്താൻ കഴിഞ്ഞത്.