- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
89192 പാക്കറ്റിന്റെ വില 89.12 ലക്ഷം; അക്കൗണ്ടില്‍ അടച്ചത് 75.45 ലക്ഷം; 22565 പാക്കറ്റ് നെയ്യ് കാണാനുമില്ല; സന്നിധാനത്തെ നെയ് കുംഭകോണത്തില്‍ അടിച്ചു മാറ്റിയത് 36.24 ലക്ഷം: അമ്പലക്കൊള്ള തുടരുമ്പോള്‍ 33 ദേവസ്വം ഉദ്യോഗസ്ഥര്‍ പ്രതികള്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ആടിയ ശിഷ്ടം നെയ്യ് വില്‍പനയില്‍ നടന്നത് 36 ലക്ഷത്തിന്റെ കുംഭകോണം. സബ്ഗ്രൂപ്പ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമടക്കം 33 ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് വിജിലന്‍സിന്റെ പ്രതിപ്പട്ടികയിലുള്ളത്. ദേവസ്വം വിജിലന്‍സ് എസ്പി വി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വന്‍ തട്ടിപ്പാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെ ആടിയ ശിഷ്ടം നെയ് വിറ്റ പണത്തിലാണ് തിരിമറി ഉണ്ടായിരിക്കുന്നത്. 100 മില്ലലിറ്ററിന്റെ നെയ് പാക്കറ്റ് ഒന്നിന് 100 രൂപ നിരക്കിലാണ് വില്‍പന. 89,300 പാക്കറ്റ് നെയ് ആണ് വില്‍പനയ്ക്ക് കൗണ്ടറില്‍ നല്‍കിയിരുന്നത്. 143 പാക്കറ്റ് ഡാമേജും ഡിസംബര്‍ 27 ന് കൗണ്ടറില്‍ ഉണ്ടായിരുന്ന 28 പായ്ക്കറ്റും കുറവ് ചെയ്തപ്പോള്‍ 89192 പാക്കറ്റ് വില്‍പന നടത്തിയെന്ന് കണ്ടെത്തി. ഇതിന്റെ വിലയായ 89,12,900 രൂപ അക്കൗണ്ടില്‍ അടയ്ക്കേണ്ടതിന് പകരം 75450 പാക്കറ്റിന്റെ വിലയായ 75,45,000 രൂപയാണ് അടച്ചത്. 13679 പാക്കറ്റിന്റെ വിലയായ 13,67,900 രൂപ ദേവസ്വത്തില്‍ അടയ്ക്കാതെ നാലു മുതല്‍ 33 വരെ പ്രതികള്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി സാമ്പത്തിക ലാഭം നേടിയെന്ന് എഫ്ഐആര്‍ പറയുന്നു.
ഡിസംബര്‍ 27 മുതല്‍ ഇക്കഴിഞ്ഞ ജനുവരി രണ്ടു വരെ സ്പെഷല്‍ ടെമ്പിള്‍ ഓഫീസില്‍ 28550 പാക്കറ്റ് നെയ് ആണ് സ്റ്റോക്ക് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍, ഭൗതിക പരിശോധനയില്‍ 5985 പാക്കറ്റ് നെയ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്. 22565 പാക്കറ്റിന്റെ കുറവ് കണ്ടെത്തി. പ്രസാദ വിതരണത്തിന്റെ മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പ് ഓഫീസര്‍ എസ്.ആര്‍. സന്തോഷ്‌കുമാര്‍, മുണ്ടക്കയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. സൈനുരാജ്, മൂവാറ്റുപുഴ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ എം.ടി. അനീഷ് എന്നിവര്‍ ചെയ്ത ക്രമക്കേട് മൂലം 22,56,500 രൂപ ബോര്‍ഡിന് നഷ്ടമുണ്ടായെന്ന് എഫ്ഐആര്‍ പറയുന്നു.
ആടിയ ശിഷ്ടം നെയ് വില്‍പന നടത്തിയ ശേഷം ദേവസ്വത്തില്‍ അടയ്ക്കേണ്ട 68200 രൂപ 13-ാം പ്രതി സുനില്‍കുമാര്‍ പോറ്റി 17 ദിവസം കൈവശം വച്ച് സ്വന്തം ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചു. സ്റ്റേറ്റ് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയപ്പോള്‍ ഈ തുക ദേവസ്വത്തില്‍ അടയ്ക്കുകയായിരുന്നു. രണ്ടു സംഭവങ്ങളിലായി ആകെ 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം പ്രതികള്‍ നേടിയെടുത്തുവെന്നും അത്രയും തുക ദേവസ്വം ബോര്‍ഡിന് നഷ്ടം ഉണ്ടാക്കിയെന്നും എഫ്ഐആര്‍ തുടര്‍ന്നു പറയുന്നു.


