- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദ്രാതിർത്തി ലംഘിച്ചതിന് കസ്റ്റഡിയിൽ എടുത്തത് ഓഗസ്റ്റ് ഒൻപതിന്; 'ഗിനി സൈന്യം കുടിവെള്ളം പോലും തരുന്നില്ല; വല്ലപ്പോഴും മാത്രമാണ് ഭക്ഷണം ലഭിക്കുന്നത്; വെള്ളം ചോദിച്ചപ്പോൾ സൈന്യം ചിരിച്ചുതള്ളി': വിസ്മയയുടെ സഹോദരിന്റെ ഈ വാക്കുകളിലുണ്ട് ദുരിതം; വിജിത്തും മിൽട്ടണും അടക്കം 15 പേരെ ജയിലിലടച്ചു; പാസ്പോർട്ട് പിടിച്ചെടുത്തു; നൈജീരിയയ്ക്ക് കൈമാറിയേക്കും; 'ഗിനി'യിലെ പ്രതിസന്ധി സമാനതകളില്ലാത്തത്
കൊച്ചി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ മലയാളികളായ വിജിത് വി.നായർ, മിൽട്ടൻ ഡിക്കോത്ത് അടക്കം 15 പേരെ ഗിനിയുടെ തലസ്ഥാനമായ മലാബോയിൽ തടവുകേന്ദ്രത്തിലേക്കു മാറ്റുമ്പോൾ ആശങ്ക ശക്തം. നൈജീരിയയ്ക്കു ഇവരെ കൈമാറിയേക്കും. ഗിനിയിലെ തുറമുഖത്തു ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയ കപ്പലിലെ ജീവനക്കാരെ മറ്റൊരു രാജ്യമായ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കത്തിന്റെ കാരണം വ്യക്തമല്ല.അങ്ങനെ വന്നാൽ മോചനം പ്രതിസന്ധിയിലാകും. ഗിനിയിൽ തടവിലുള്ള ഇവർക്ക് ഇന്ത്യൻ എംബസി ഇടപെട്ടതിനൊടുവിലാണ് തടവിലുള്ള ജീവനക്കാർക്കു ഭക്ഷണവും വെള്ളവും എത്തിച്ചത്.
അതിനിടെ ഗിനിയിൽ കസ്റ്റഡിയിലെടുത്ത കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള നാവികരുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. സംഘത്തിലെ ശേഷിക്കുന്ന 11 പേർ കസ്റ്റഡിയിലെടുത്ത 'എംടി ഹീറോയിക് ഇഡുൻ' എന്ന കപ്പലിൽത്തന്നെയാണുള്ളത്. ഗിനി നാവികസേനയുടെ കനത്ത കാവലിലാണിവർ. മലയാളി ചീഫ് ഓഫിസർ സനു ജോസിനെ കഴിഞ്ഞ ദിവസം നൈജീരിയയുടെ നാവിക കപ്പലിലേക്കു കൊണ്ടുപോയെങ്കിലും സ്വന്തം കപ്പലിൽ തിരിച്ചെത്തിച്ചു. 26 ഇന്ത്യൻ ജീവനക്കാരുടെയും പാസ്‌പോർട്ടുകൾ പിടിച്ചെടുത്തതായാണു സൂചന. കപ്പലിലുള്ള എല്ലാവരെയും നൈജീരിയയ്ക്കു കൈമാറി വിചാരണ നടത്തുമെന്നാണ് നൈജീരിയ പറയുന്നത്.
പുറങ്കടലിൽ നൈജീരിയൻ നാവികസേനയുടെ നിർദേശങ്ങൾ അനുസരിച്ചില്ലെന്ന കുറ്റമാണ് നിലവിൽ ആരോപിക്കുന്നത്. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ചുമത്തിയ വൻതുക പിഴയടച്ച് മടങ്ങാൻ അനുമതി കാത്തുകിടക്കവെയാണ് പുതിയ നീക്കങ്ങൾ. കേന്ദ്രസർക്കാർ എത്രയും വേഗം ഇടപെട്ട് തങ്ങളെ രക്ഷിക്കണമെന്നാണു ജീവനക്കാരുടെ കപ്പൽ ജീവനക്കാരും കുടുംബങ്ങളും ആവശ്യപ്പെടുന്നത്. കപ്പലിന്റെ ഇൻചാർജ് ഞാനാണ്. ഉറങ്ങിയിട്ട് 4 ദിവസമായി. മിൽട്ടനും വിജിത്തും കരയിൽ തടവിലാണ്. ക്യാപ്റ്റൻ തിരിച്ചെത്തിയിട്ടില്ല. കപ്പലിന്റെ ഉത്തരവാദിത്തം മുഴുവൻ എനിക്കാണ്. കപ്പൽ നോക്കണം, കപ്പലിലെ ആൾക്കാരെ നോക്കണം. എങ്ങനെ ഉറങ്ങാൻ കഴിയും? കണ്ണടച്ചാൽ പേടിസ്വപ്നങ്ങളാണു കാണുന്നത്?' ഗിനിയിൽ കുടുങ്ങിയ കപ്പലിന്റെ ചീഫ് ഓഫിസർ സനു ജോസ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
'കരയിൽ തടവിലുള്ള 15 പേരെയും വിമാനമാർഗം നൈജീരിയയ്ക്കു കൈമാറുമെന്ന ഭയത്തിലാണു ഞങ്ങൾ. കഴിഞ്ഞ ദിവസം വരെ സൗഹൃദപൂർവമാണു ഗിനി അധികൃതർ പെരുമാറിയിരുന്നതെങ്കിലും രണ്ടു ദിവസമായി സ്ഥിതി മാറിയെന്നും പറയുന്നു. ബത്തേരി സ്വദേശിയായ സനുവിന്റെ കുടുംബം 3 വർഷമായി കത്തൃക്കടവ് കുമാരനാശാൻ നഗറിലാണു താമസം.കുസാറ്റ് സിവിൽ എൻജിനിയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് മെറ്റിൽഡ. മേയിലാണ് അവസാനമായി സനു വീട്ടിലെത്തിയത്. അടുത്ത വരവിനുള്ള കാത്തിരിപ്പിനിടെ ആഗസ്തിലാണ് തടവിലായെന്ന വിവരമറിയുന്നത്. നാവികസേനയുടെ കസ്റ്റഡിയിൽ ആയിരുന്നെങ്കിലും ദിവസേനയുള്ള ഫോൺ വിളികൾ ആശ്വാസമായിരുന്നെന്ന് മെറ്റിൽഡ പറഞ്ഞു.
കൊച്ചി മുളവുകാട് മേത്തശേരി റോബർട് ഡിക്കോത്തിന്റെ മകൻ മിൽട്ടൻ ഡിക്കോത്ത് തിരികെയെത്തുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണു കുടുംബം. അമ്മയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ മിൽട്ടൻ വീട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ ഹെയ്ലിൻ ശീതൾ ഡിസിൽവയും മകൻ ക്ലയിൻ ഹാഡ്വിൻ ഡിക്കോത്തും. ഈ മാസം 5 നായിരുന്നു ഓർമദിനം. സർക്കാർ ഇടപെടലുകളിലാണ് ഇപ്പോൾ കുടുംബത്തിന്റെ പ്രതീക്ഷകളത്രയും. കപ്പലിലെ മോട്ടോർമാനായ മിൽട്ടൻ ഇന്നലെ ഉച്ചയ്ക്കു ശേഷം സഹോദരൻ ആന്റണിയുമായി സംസാരിച്ചിരുന്നു. തടവുകേന്ദ്രത്തിലേക്കു മാറ്റിയവരുടെ കൂട്ടത്തിലാണു മിൽട്ടൻ. ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദവും മൂലം തടവിലുള്ളവർ അവശരാണെന്നാണു വിവരം.
സനു, ഗിനി നാവികസേന കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുൻ കപ്പലിലെ ചീഫ് ഓഫീസറും മിൽട്ടൺ മോട്ടോർമാനുമാണ്. കൊല്ലത്ത് സ്ത്രീധനപീഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും കൂട്ടത്തിലുണ്ട്. സമുദ്രാതിർത്തി ലംഘിച്ചതിന് ഓഗസ്റ്റ് ഒമ്പതിനാണ് എക്വറ്റോറിയൽ ഗിനി നാവികസേന ഇവരുൾപ്പെടെ 26 പേരെ കസ്റ്റഡിയിലെടുത്തത്. 16 പേർ ഇന്ത്യക്കാരാണ്. മറ്റുള്ളവർ ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ്. കപ്പൽ നിലവിൽ ഗിനിയിലെ ലുബ തുറമുഖത്താണ്.
സനു ജോസഫിനെ രാത്രി തിരികെ എത്തിച്ചശേഷമാണ് 15 പേരെ കസ്റ്റഡിയിലെടുത്തത്. ചൊവ്വ രാവിലെ കപ്പലിലെത്തിയ ഗിനി നാവികസേന, ജീവനക്കാരുടെ പാസ്പോർട് പിടിച്ചെടുത്തു. നൈജീരിക്ക് കൈമാറുമോ എന്ന ആശങ്കയിലാണ് കപ്പൽ ജീവനക്കാർ. 90 ദിവസമായി ഇവർ തടവിലായിട്ട്. കേന്ദ്ര സർക്കാർ ഇടപെടുന്നുവെന്ന് പറയുന്നുണ്ടെങ്കിലും മോചനം നീളുകയാണ്. സമുദ്രാതിർത്തി ലംഘിച്ചതിന് ഓഗസ്ത് ഒമ്പതിനാണ് ഇക്വറ്റോറിയൽ ഗിനി നാവികസേന നോർവേ കപ്പൽ ഹീറോയിക് ഇഡുൻ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യൻ എംബസി അധികൃതർ എത്തി കപ്പലിലുള്ളവർക്ക് ബ്രഡും വെള്ളവും നൽകി. എംബസി ഉദ്യോഗസ്ഥരെ കപ്പലിൽ കയറാനോ ജീവനക്കാരുമായി സംസാരിക്കാനോ അനുവദിച്ചില്ല. ഗിനി വൈസ് പ്രസിഡന്റിന്റെ അനുമതിയില്ലാതെ പുറംലോകവുമായി ബന്ധം വേണ്ടെന്നാണ് ഉത്തരവെന്ന് കുടുംബാംഗങ്ങൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ മിൽട്ടൺ പറയുന്നു. ഫോണിൽ ചാർജ് തീരുംവരെമാത്രമേ കുടുംബങ്ങളുമായി ബന്ധപ്പെടാനാകൂ. അതും രഹസ്യമായി. തങ്ങളുടെ മോചനത്തിന് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഇവർ പറയുന്നു.
'ഗിനി സൈന്യം കുടിവെള്ളം പോലും തരുന്നില്ല, എല്ലാവരുടെയും ആരോഗ്യനില അനുദിനം വഷളാവുകയാണ്'- കപ്പിലുള്ള കൊല്ലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ വിജിത് ബന്ധുക്കളെ ഫോണിൽ അറിയിച്ചു. സ്ത്രീധന പീഡനത്തിനൊടുവിൽ മരിച്ച വിസ്മയയുടെ സഹോദരനാണ് വിജിത്ത്. 'വല്ലപ്പോഴും മാത്രമാണ് ഭക്ഷണം ലഭിക്കുന്നത്. വെള്ളം ചോദിച്ചപ്പോൾ സൈന്യം ചിരിച്ചുതള്ളി. ഞങ്ങളുടെ അവസ്ഥ ദയനീയമാണ്. പലരും കുഴഞ്ഞുവീണു. ആർക്കും ചികിത്സയും കിട്ടുന്നില്ല. ഏതു നിമിഷവും ഞങ്ങളെ നൈജീരിയൻ സേനയ്ക്ക് കൈമാറാം'-വിജിത്ത് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ