കൊച്ചി: ഇക്വിറ്റോറിയൽ ഗിനിയിൽ തടഞ്ഞുവച്ച ക്രൂഡ് ഓയിൽ ടാങ്കർ എംടി ഹീറോയിക് ഇഡുനിലെ ജീവനക്കാരെ മോചിപ്പിക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾ പാളുന്നു. നൈജീരിയൻ നാവികസേനയ്ക്കു ഇവരെ കൈമാറാനുള്ള നീക്കം തുടങ്ങി. ഇവരെ ഇതേ കപ്പലിൽ തന്നെ നാവികസേനയുടെ അകമ്പടിയോടെ നൈജീരിയയിലേക്കു കൊണ്ടു പോകാനായിരുന്നു നീക്കം. പിന്നീട് ഇത് വേണ്ടെന്ന് വച്ചു. കപ്പലിലെ സാങ്കേതിക തകരാറു മൂലമായിരുന്നു ഇത്. എന്നാൽ വീണ്ടും ഇവരെ നൈജീരിയയ്ക്ക് കൈമാറുന്ന നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്.

ജീവനക്കാരെ തടഞ്ഞുവച്ച സംഭവത്തിൽ ഗിനിക്കെതിരെ കപ്പൽ കമ്പനി ഇന്റർനാഷനൽ ട്രിബ്യൂണൽ ഫോർ ദ് ലോ ഓഫ് ദ് സീയെ സമീപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനാണു ജീവനക്കാരെ നൈജീരിയയിലേക്കു കൊണ്ടുപോകുന്നതെന്നും ഇക്കാര്യത്തിൽ രാജ്യാന്തര സമ്മർദത്തിനു വഴിപ്പെടില്ലെന്നുമാണു നൈജീരിയൻ അധികൃതരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റാനുള്ള നീക്കം വീണ്ടും നടക്കുന്നത്. ഇത് ആശങ്ക ശക്തിപ്പെടുത്തുകയാണ്.അതിനിടെ കപ്പൽ കസ്റ്റഡിയിൽ എടുത്തതിൽ പ്രതികരിച്ച് എക്വറ്റോറിയൽ ഗിനിയ രംഗത്തു വന്നു. നടപടിയിൽ അഭിമാനമെന്ന് വൈസ് പ്രസിഡന്റ് റ്റെഡി ൻഗേമ പറഞ്ഞു.

കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയൽ ഗിനിക്കെതിരെ ഹീറോയിക് ഇൻഡുൻ പരാതി നൽകിയത് അന്താരാഷ്ട്ര ട്രൈബ്ര്യൂണൽ സ്ഥിരീകരിച്ചു. 15 ദിവസത്തിനുള്ളിൽ ട്രിബ്യൂണൽ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളിൽ കേസിൽ വിധി പറയും. കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിന്റെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയൽ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു. ഇതു ഫലം കണ്ടില്ല.

ഇന്നലെ അഞ്ച് മണിക്കൂറാണ് മലയാളികൾ അടക്കമുള്ള പതിനഞ്ച് ഇന്ത്യക്കാരെ എക്വറ്റോറിയൽ ഗിനി യുദ്ധകപ്പലിൽ പാർപ്പിച്ചത്. നൈജീരയ്ക്ക് കൈമാറാനുള്ള നീക്കമായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജീവനക്കാരെ തിരികെ കരയിലെത്തിച്ചു. ഗിനിയിൽ തന്നെയുള്ള ലൂബ തുറമുഖം വഴി കൊണ്ടുപോകുമെന്ന് ഇപ്പോൾ സൈന്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. കൈമാറ്റ ഭീഷണി നിലനിർത്തി തുടർച്ചയായി ജീവനക്കാരെ തുറമുഖത്തേക്കും തിരിച്ചും കൊണ്ടുപോകുന്ന ഇക്വിറ്റോറിയൽ ഗിനിയുടെ നടപടി ഏതെങ്കിലും സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ജീവനക്കാരുടെ ഫോണുകളും മറ്റും പിടിച്ചെടുത്തുവെന്നാണ് സൂചന.

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ ശ്രീലങ്കൻ സ്വദേശിയായ ജീവനക്കാരനെ കൂടാതെ തങ്ങൾ നൈജീരിയയിലേക്കു പോകില്ലെന്നു മറ്റു ജീവനക്കാർ അറിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പക്ഷേ അതൊന്നും ആരും കേൾക്കുന്നില്ല. ഇന്ത്യൻ സമ്മർദ്ദവും നടന്നില്ലെന്നാണ് സൂചന. 2 ദിവസം മുൻപു കപ്പലിൽ നിന്നു മാറ്റി ഗിനി തലസ്ഥാനമായ മലാബോയിലെ ഹോട്ടൽ മുറിയിൽ തടവിലാക്കിയ 15 ജീവനക്കാരെ ബുധനാഴ്ച തിരികെ കപ്പലിൽ എത്തിച്ചിരുന്നു. ഉടൻ നൈജീരിയക്കു കൈമാറില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും പെട്ടെന്ന് നിലപാടു മാറ്റി. സാങ്കേതിക തകരാറു മാത്രമാണ് നൈജീരിയയിലേക്കുള്ള യാത്ര വൈകിപ്പിക്കുന്നത്.

കപ്പലിലുള്ള 26 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാരാണ്. 3 പേർ മലയാളികൾ. ഓഗസ്റ്റ് 8 നൈജീരിയൻ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്പോ ഓഫ്ഷോർ ക്രൂഡ് ഓയിൽ ടെർമിനലിൽ എണ്ണ നിറയ്ക്കാനെത്തിയ കപ്പലിനെ ഗിനിയുടെ നാവികസേന തടഞ്ഞുവയ്ക്കുകയായിരുന്നു. ജീവനക്കാർക്കെതിരെ 3 കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യാനാണു നീക്കം. ക്രൂഡ് ഓയിൽ നിറയ്ക്കാൻ നിയന്ത്രിത മേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ചു, അതുവഴി സാമ്പത്തിക അട്ടിമറിശ്രമം നടത്തി, നാവികസേന കപ്പൽ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ കടൽക്കൊള്ളക്കാർ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നു രാജ്യാന്തര മാരിടൈം പ്ലാറ്റ്ഫോമുകൾക്കു വ്യാജ സന്ദേശം നൽകി എന്നിവയാണ് ആരോപണം. ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുന്നത്. മോചനത്തിൽ നൈജീരിയ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

അതിനിടെ ഗിനിയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ഊർജിത ശ്രമങ്ങൾ നടത്തുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഗിനിയിലും നൈജീരിയയിലും കപ്പലിനെതിരെ നിയമനടപടികളുണ്ട്. ഗിനിയിലെ പ്രശ്നം അവസാനിച്ചു. നൈജീരിയയിലെ കാര്യത്തിൽ അവിടത്തെ ഇന്ത്യൻ എംബസി ചർച്ച നടത്തുന്നുണ്ട്. തടവിലാക്കപ്പെട്ടവരുടെ സുരക്ഷ കേന്ദ്രസർക്കാർ ഉറപ്പാക്കുന്നുണ്ടെന്നു മുരളീധരൻ പറഞ്ഞു. ഖത്തറിൽ തടവിലായ 8 മുൻ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കൊല്ലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ വിജിത് വി നായർ, എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ്. കപ്പലിലെ ചീഫ് ഓഫീസറായ വയനാട് ബത്തേരി വേങ്ങൂർ സ്വദേശി സനു ജോസ് ഉൾപ്പെടെ 11പേർ കപ്പലിൽ ഗിനി സേനയുടെ തടവിലാണ്. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് സ്വദേശികളുമുണ്ട്. വിജിത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ്.

ലാബോയിൽനിന്ന് ഗിനി സേനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ കാറിൽ സംഘത്തെ ലുബയിൽ എത്തിക്കുകയായിരുന്നു. ഗിനി നാവികസേനയുടെ കപ്പലിൽ പാർപ്പിച്ചിരുന്ന ഇവരെ പിന്നീട് മലാബോ ദ്വീപിലെ ഫെസിലിറ്റേറ്റർ സെന്ററിലേക്കു മാറ്റിയിരുന്നു. അവിടെനിന്ന് ലുബ തുറമുഖത്ത് എത്തിച്ചെന്നു വിജിത് വി നായർ വ്യാഴാഴ്ച ബന്ധുക്കളെ ശബ്ദസന്ദേശത്തിൽ അറിയിച്ചു. ശ്രീലങ്കൻ സ്വദേശി തളർന്നുവീണെന്നും മറ്റുള്ളവർ അവശനിലയിലാണെന്നും പറയുന്നു. തങ്ങളെ ഉടൻ നൈജീരിയൻ സേനയ്ക്ക് കൈമാറുമെന്നും എത്രയുംവേഗം മോചിപ്പിക്കണമെന്നും വിജിത്തും ഒപ്പമുള്ളവരും അഭ്യർത്ഥിക്കുന്ന വീഡിയോയും പുറത്തുവന്നു. ഇതോടെ വിജിത് ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ ഗിനിയൻ സേന പിടിച്ചെടുത്തു.

മറ്റൊരു ഫോണിൽ നിന്നാണ് വിജിത് കുടുംബവുമായി ബന്ധപ്പെടുന്നത്. ഗിനിയൻ സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടന്നുവരികയാണെന്ന് സനു ജോസ് ബന്ധുക്കളെ അറിയിച്ചു.