- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂഡ് ഓയിൽ നിറയ്ക്കാൻ നിയന്ത്രിത മേഖലയിൽ പ്രവേശിച്ചു; നാവികസേന എത്തിയപ്പോൾ കടൽക്കൊള്ളക്കാർ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നു രാജ്യാന്തര മാരിടൈം പ്ലാറ്റ്‌ഫോമുകൾക്കു വ്യാജ സന്ദേശം നൽകി; ഗിനിയിലേക്ക് കടന്നതും ഗൗരവതരം; ആ കപ്പലിലുള്ളവർ പ്രതിസന്ധിയിലാകും; കുറ്റ വിചാരണയ്ക്ക് നൈജീരിയ; ഇന്ത്യയ്ക്ക് ഒന്നും ചെയ്യാനാകില്ല
കൊച്ചി: ഇക്വിറ്റോറിയൽ ഗിനിയിൽ തടഞ്ഞുവച്ചിരുന്ന ക്രൂഡ് ഓയിൽ ടാങ്കറിലെ നാവികർക്ക് പ്രത്യക്ഷ ഇടപെടൽ നടത്താൻ ഇന്ത്യയ്ക്ക് കഴിയില്ല. നാവികർ ഇനിയും നൈജീരിയയിൽ എത്തിയിട്ടില്ലെന്നു സൂചന. അതേസമയം, കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം നൈജീരിയയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. നൈജീരിയൻ അംബാസഡർ കപ്പലിൽ എത്തുന്നുണ്ടെന്നും സൂചനയുണ്ട്.
നൈജീരിയൻ നാവിക സേനയ്ക്കു കൈമാറിയ ശേഷം നാവികരുമായി ബന്ധപ്പെടാൻ ബന്ധുക്കൾക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണു നിഗമനം. നാവികരെ കൊണ്ടുപോയതു നൈജീരിയയിലെ ബോണി തുറമുഖത്തേക്കാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. കപ്പൽ ജീവനക്കാരെ നൈജീരിയയിൽ എത്തിച്ച ശേഷമാകും ഏതൊക്കെ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യുമെന്ന തീരുമാനം ഉണ്ടാവുക. ക്രിമിനൽ കുറ്റം ചുമത്തിയതു കൊണ്ടാണ് ഇന്ത്യയ്ക്ക് ഇടപെടാൻ പരിമിതികൾ വരുന്നത്.
ജീവനക്കാരെ നാട്ടിലെത്തിക്കാൻ നൈജീരിയയിലെ ഇന്ത്യൻ എംബസി മുഖേന വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഇത് ഫലം കാണാൻ ഇടയില്ല. ജീവനക്കാരെ സന്ദർശിക്കാനുള്ള അനുമതി ഇനിയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടില്ല. ജീവനക്കാരെ വിചാരണ ചെയ്യാനാണ് നൈജീരിയയുടെ തീരുമാനം. ഗുരുതര ആരോപണമാണ് അവർ ഉന്നയിക്കുന്നത്.
കപ്പലിലുള്ള 26 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാരാണ്. 3 പേർ മലയാളികൾ. ഓഗസ്റ്റ് 8 നൈജീരിയൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്‌പോ ഓഫ്‌ഷോർ ക്രൂഡ് ഓയിൽ ടെർമിനലിൽ എണ്ണ നിറയ്ക്കാനെത്തിയ കപ്പലിനെ ഗിനിയുടെ നാവികസേന തടഞ്ഞുവയ്ക്കുകയായിരുന്നു. ജീവനക്കാർക്കെതിരെ 3 കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യാനാണു നീക്കം.
ക്രൂഡ് ഓയിൽ നിറയ്ക്കാൻ നിയന്ത്രിത മേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ചു, അതുവഴി സാമ്പത്തിക അട്ടിമറിശ്രമം നടത്തി, നാവികസേന കപ്പൽ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ കടൽക്കൊള്ളക്കാർ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നു രാജ്യാന്തര മാരിടൈം പ്ലാറ്റ്‌ഫോമുകൾക്കു വ്യാജ സന്ദേശം നൽകി എന്നിവയാണ് ആരോപണം. ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുന്നത്. മോചനത്തിൽ നൈജീരിയ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
നൈജീരിയൻ നാവിക സേനയുടെ നിർദ്ദേശം അംഗീകരിക്കാതെ ഗിനിയിലേക്ക് കടന്നതാണ് പ്രശ്‌നമായത്. ഗിനിയെ കാര്യങ്ങൾ ധരിപ്പിച്ചാണ് കപ്പൽ നൈജീരിയ പിടികൂടിയത്. ഈ സാഹചര്യത്തിൽ കർശന നടപടികൾ എടുത്തേക്കും. നിയമ ലംഘനം കപ്പൽ നടത്തിയതു കൊണ്ടാണ് ഇന്ത്യയ്ക്കും ഇടപെടാൻ പരിമിതികൾ ഉള്ളത്. വിദേശകാര്യമന്ത്രാലയത്തിന് നൈജീരിയയിൽ വലിയ സമ്മർദ്ദം ചെലുത്താൻ കഴിയാത്ത സാഹചര്യമുണ്ട്.
കൊല്ലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ വിജിത് വി നായർ, എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ്. കപ്പലിലെ ചീഫ് ഓഫീസറായ വയനാട് ബത്തേരി വേങ്ങൂർ സ്വദേശി സനു ജോസ് ഉൾപ്പെടെ 11പേർ കപ്പലിൽ ഗിനി സേനയുടെ തടവിലാണ്. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് സ്വദേശികളുമുണ്ട്. വിജിത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ്.
മറുനാടന് മലയാളി ബ്യൂറോ